വിഷലിപ്തം, ഈ വിദ്വേഷ വായ്ത്താരികൾ

അനന്തപുരി ഹിന്ദുമഹാ സമ്മേളനം ഉദ്ഘാടനം ചെയ്ത് ഒരു മണിക്കൂർ നീണ്ട പ്രഭാഷണത്തിൽ അഞ്ച് മിനുട്ടൊഴികെ ബാക്കി സമയമത്രയും മുസ്‌ലിംകൾ എങ്ങനെയാണ് കേരളത്തിൽ പ്രവർത്തിക്കുന്നതെന്നും അവരെ എപ്രകാരമാണ് ബഹിഷ്‌കരിക്കേണ്ടതെന്നുമുള്ള വിശദമായ ഒരു 'സ്റ്റഡി ക്ലാസാ'യിരുന്നു പി.സി ജോർജ് നടത്തിയത്. മെയ് ഒന്നിന് തിരുവനന്തപുരം ഡി.സി.പിയുടെ നിർദേശ പ്രകാരം ഫോർട്ട് സി.ഐയുടെ നേതൃത്വത്തിൽ അമ്പതോളം പോലീസുകാർ പുലർച്ചെ ഈരാറ്റുപേട്ടയിലെ വസതിയിൽ ചെന്ന് കസ്റ്റഡിയിലെടുത്ത് 153 എ, 295 എ എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി നന്ദാവനം പോലീസ് ക്യാമ്പിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വഞ്ചിയൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കി. മജിസ്ട്രേറ്റ് ആശാ കോശി കേസിന്റെ മെറിറ്റൊന്നും പരിഗണിക്കാതെ, പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാവാത്ത സാഹചര്യം നിലനിൽക്കെ തന്നെ ജാമ്യം അനുവദിച്ചു.
സ്വന്തം കാറിൽ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുമ്പോൾ മനോരമ ചാനലിൽ നിന്ന് വീണാ പ്രസാദും പാർവതിയും മകൻ ഷോണുമായി വിശദമായ സംഭാഷണം നടത്തിയിരുന്നു. അച്ഛൻ പറഞ്ഞത് ശരിയോ തെറ്റോ എന്നത് കാലം തെളിയിക്കുമെന്നാണ് ഷോൺ പറഞ്ഞത്. എല്ലാ തീവ്രവാദികളും മുസ്‌ലിംകളാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു. എം.സി റോഡിലൂടെ അനന്തപുരിയിലേക്ക് ബി.ജെ.പി, ഹിന്ദു മോർച്ച പ്രവർത്തകരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഒരു വി.ഐ.പി യാത്രയായിരുന്നു പി.സിയുടേത്.
ജാമ്യമനുവദിച്ചയുടൻ കേന്ദ്ര മന്ത്രി വി.മുരളീധരനുമായി കൂടിക്കാഴ്ച്ച നടത്തുകയും ശേഷം പത്രക്കാരോട് താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് അർഥശങ്കയ്ക്കിടമില്ലാത്ത വിധം പ്രഖ്യാപിക്കുകയും ചെയ്തു. എന്നു മാത്രമല്ല, അന്നുരാത്രി തന്നെ വട്ടപ്പാറ വേറ്റിനാട് ബി.ജെ.പിയുടെ നേതൃക്യാമ്പിൽ പങ്കെടുക്കുകയും താൻ ഹിന്ദുമഹാ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ തുറന്നു പറയാൻ ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം കേരളത്തിലുണ്ടെന്ന് പ്രസംഗത്തിൽ പരാമർശിക്കുകയും ചെയ്തു. സോപാധിക ജാമ്യത്തിനൊക്കെ പുല്ലുവില!
മതേതരത്വത്തിലൊന്നും കാര്യമില്ലെന്നും മുസ്‌ലിം തീവ്രവാദമാണ് പ്രശ്‌നമെന്ന മട്ടിൽ പരിഹാസ രൂപേണയാണ് ഷോണിന്റെ സംസാരം. അച്ഛന്റെ അതേ അഭിപ്രായം തന്നെയാണ് കിഞ്ചനനായ മകനുമുള്ളത്. പി.സിയുടെ പ്രസംഗത്തിന് നിർലോഭം കൈയടിച്ച് പ്രോത്സാഹിപ്പിച്ച സദസ്സിനും മറിച്ചല്ല അഭിപ്രായമെന്നത് പ്രത്യേകം പരാമർശിക്കേണ്ടതില്ലല്ലോ. കേരളീയ പൊതുസമൂഹത്തിന്റെ പൊതു ശബ്ദമാണ് ഇവരൊക്കെ പങ്കു വെക്കുന്നതെന്ന് കേരളത്തിലെ മഹാഭൂരിപക്ഷത്തിനും അഭിപ്രായമുണ്ടാകണമെന്നില്ല. പറയുന്നതിൽ തരിമ്പും സത്യമില്ല താനും.
എങ്കിലും എന്തുകൊണ്ട് കഴിഞ്ഞ രണ്ടു വർഷങ്ങളായി ഇദ്ദേഹം ഇത്ര നീചമായി മുസ് ലിം വിരുദ്ധത സംസാരിക്കുന്നു? ഡോ. എൻ.ഗോപാലകൃഷ്ണൻ (മലപ്പുറത്ത് ഉമ്മമാർ പന്നികൾ പെറ്റുകൂട്ടുന്നത് പോലെയാണ്), കെ.ആർ ഇന്ദിര (പൈപ്പു വെള്ളത്തിലൂടെ ഗർഭനിരോധന മരുന്ന് കൊടുക്കണം), രാധാകൃഷ്ണപിള്ള (മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യണം) തുടങ്ങി ശശികല ടീച്ചറുടെ ഭരണിപ്പാട്ട് വരെ നിരന്തരം നിർഭയം നമ്മുടെ കേരളത്തിൽ അരങ്ങേറുന്നു. ഇവരാരും ആ പ്രസംഗത്തിന്റെ പേരിൽ ശംസുദ്ദീൻ പാലത്തിങ്ങൽ അകപ്പെട്ട പോലെ അഴിക്കുള്ളിലാവുന്നില്ല? ഇവരുടെയൊക്കെ പ്രസംഗത്തിൽ ആവർത്തിക്കുന്ന ഒരു വാക്കുണ്ട്. തികഞ്ഞ ഉത്തരവാദിത്തത്തോടെയാണ് അവരിത് പറയുന്നതെന്നാണത്. എങ്കിൽ, ചുരുങ്ങിയപക്ഷം അവരെ വിളിച്ച് തെളിവുകൾ ഹാജരാക്കാൻ എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ല? 
ഷോൺ പരിഹസിച്ച മതേതരത്വം ഭരണഘടനാ മൂല്യമായി കൊണ്ടുനടക്കുന്ന ഒരു രാഷ്ട്രമാണ് ഇന്ത്യ. 
എങ്കിലും ഇന്ത്യയിലെ 20 കോടി മുസ്‌ലിംകളും നിരന്തരമായി വേട്ടയാടപ്പെടുകയോ ഏതു നിമിഷവും കൊല്ലപ്പെടുകയോ ചെയ്യാവുന്ന സാന്ദ്രമായ ദശാസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. 
ഈ റമദാൻ മാസത്തിൽ ഉത്തരേന്ത്യയിലെ ഒരു ഡസൻ പട്ടണങ്ങളിൽ പോലീസിന്റെയും ഭരണകൂടത്തിന്റെയും ഒത്താശയോടെ അവർ ആക്രമിക്കപ്പെട്ടു. ഭവനങ്ങളും കച്ചവട സ്ഥാപനങ്ങളും പൊളിച്ചു നീക്കി. ഓർഡർ കൊടുക്കുന്നത് സംസ്ഥാന മന്ത്രിമാർ ആണെന്നത് കൊണ്ടും അവരുടെ ആശീർവാദം ഉള്ളതുകൊണ്ടും മുസ് ലിംകൾ ആക്രമിക്കപ്പെട്ട ഒരു സംഭവത്തിനും എവിടെയും ഒരു എഫ്.ഐ.ആർ പോലും ഉണ്ടാകില്ല. എന്നാൽ അവിടത്തെ മുസ് ലിം ചെറുപ്പക്കാരെ നിർദ്ദയം പ്രതിചേർത്ത് നിരന്തരം വേട്ടയാടുകയും ചെയ്യും. അങ്ങനെയാണ് ഇരു കൈകളും ഇല്ലാത്തയാൾ കല്ലെറിയുന്നതും പതിനഞ്ച് തികയാത്ത ബാലൻ അക്രമത്തിന് നേതൃത്വം കൊടുക്കുന്നതുമായ കേസുകളുണ്ടാകുന്നത്.
ഇന്നത്തെ ഇന്ത്യൻ മുസ് ലിംകളുടെ പൊതു അവസ്ഥ എങ്ങനെയാണോ അതേയവസ്ഥ തന്നെ കേരളത്തിലും അവർക്ക് സംഭവിക്കണമെന്നാണ് ആർ.എസ്.എസും പി.സി ജോർജും പി.സിയെ അനുകൂലിക്കുന്നവരും ആഗ്രഹിക്കുന്നതും ലക്ഷ്യമിടുന്നതും. അതിനുള്ള കൽപിത വൃത്താന്തങ്ങളാണ് അവരുടെ പ്രസംഗങ്ങളിലും പ്രസ്താവനകളിലും വന്നുകൊണ്ടിരിക്കുന്നത്. അങ്ങനെ, മുസ് ലിമെന്നാൽ അകറ്റി നിർത്തപ്പെടേണ്ടവൻ എന്നൊരു തോന്നൽ ക്രമേണ വളർത്തിയെടുക്കാമെന്നും മുസ് ലിംകൾ മുഖ്യധാരയിൽ നിന്നും പാർശ്വവൽക്കരിക്കപ്പെടുമെന്നും കണക്കു കൂട്ടുന്നു. 
ലുലു മാളിലേക്ക് കയറരുതെന്ന് പി.സി ജോർജ് പറയുമ്പോൾ ഉയരുന്ന കൈയടി ശബ്ദമില്ലേ, അതാണ് റോഹിംഗ്യൻ അവസ്ഥയിലേക്കുള്ള കേരള മുസ് ലിംകളുടെ പരിണാമ ദശയിലേക്കുള്ള ആദ്യ ചൂണ്ടുപലക. 
തികച്ചും ഗർഹണീയമായ, ബീഭത്സമായ അവസ്ഥയാണിത്. എന്നിട്ടും കോടതിയും ഭരണകൂടവും ഒത്തുകളിക്കുന്ന സാഹചര്യമുണ്ടെന്ന് സംശയിക്കേണ്ടി വരുന്നു. 
ഒരു കാര്യം ഉറപ്പാണ്. ശശികലയും തൊഗാഡിയയും, എൻ.ഗോപാലകൃഷ്ണനും, കെ.ആർ ഇന്ദിരയും, രാധാകൃഷ്ണപിള്ളയും, ആർ.ബാലകൃഷ്ണപിള്ളയും, വേറെയും അനവധി പേരും മുസ് ലിംകളെ കടന്നാക്രമിച്ചിട്ട് ഒരാളെപ്പോലും അറസ്റ്റ് ചെയ്യാതെ വിട്ട കേരള ഭരണകൂടം ഈ കേസിൽ പി.സി ജോർജിനെ ശിക്ഷിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

Latest News