വര്‍ഗീയ സംഘര്‍ഷം; അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്ന് പോലീസ്, 211 പേര്‍ അറസ്റ്റില്‍

ജയ്പൂര്‍- ഈദിന് മുമ്പ് രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 211 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
അക്രമത്തെത്തുടര്‍ന്ന് നഗരത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ മൂന്നാം ദിവസമായ വ്യാഴാഴ്ചയും തുടര്‍ന്നു. ക്രമസമാധാനം നിലനിര്‍ത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
സമാധാനം പാലിക്കണമെന്നും കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനെക്കുറിച്ച് അറിയിക്കണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു.
സമാധാനത്തിനും ഐക്യത്തിനും ഭംഗം വരുത്തിയതിനാണ് 211 പേരെ  അറസ്റ്റ് ചെയ്തതെന്ന് ഡി.ജി.പി  എം.എല്‍ ലാതര്‍ പറഞ്ഞു.
പോലീസ് നാല് എഫ്‌ഐആറുകളും ആളുകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ 15 എഫ്‌ഐആറുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡി.ജി.പി പ്രസ്താവനയില്‍ പറഞ്ഞു.
മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മണ്ഡലമായ ജോധ്പൂരില്‍ ഈദുല്‍ ഫിത്തറിന് മുന്നോടിയായി ജലോരി ഗേറ്റ് സര്‍ക്കിളില്‍ സ്വാതന്ത്ര്യ സമര സേനാനി ബല്‍മുകുന്ദ് ബിസ്സയുടെ പ്രതിമക്കു സമീപം കൊടി കെട്ടിയതിനെ ചൊല്ലിയാണ് സംഘര്‍ഷം ആരംഭിച്ചത്. പരശുരാമ ജയന്തിക്ക് മുന്നോടിയായി ഇവിടെ സ്ഥാപിച്ച കാവി പതാക കാണാതായതായി ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആരോപിച്ചു.
തര്‍ക്കം കല്ലേറിലേക്കും സംഘര്‍ഷത്തിലേക്കും നീങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ കനത്ത പോലീസ് വിന്യാസത്തോടെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയെങ്കിലും സര്‍ക്കിളിന് സമീപമുള്ള ഈദ്ഗാഹില്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തു.
സമീപത്തെ കടകള്‍ക്കും വാഹനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ കല്ലേറുണ്ടായി. സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ജോധ്പൂര്‍ നഗരത്തിലെ 10 പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.

 

Latest News