Sorry, you need to enable JavaScript to visit this website.

ഡ്രോണ്‍ വഴി ആയുധങ്ങളെത്തി; നാല് ഖലിസ്ഥാന്‍ ഭീകരര്‍ പിടിയില്‍

കര്‍ണാല്‍- ഹരിയാനയിലെ കര്‍ണാലില്‍ ഖലിസ്ഥാന്‍ ഭീകരരെന്ന് സംശയിക്കുന്ന നാല് പേരെ അറസ്റ്റ് ചെയ്തു. ഡ്രോണുകള്‍ വഴി ഇവര്‍ ആയുധ ശേഖരം സ്വീകരിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പഞ്ചാബ് സ്വദേശികളായ ഗുര്‍പ്രീത്, അമന്‍ദീപ്, പര്‍മീന്ദര്‍, ഭൂപീന്ദര്‍ എന്നിവരാണ് പിടിയിലായത്.
ഒരു പിസ്റ്റളും 21 വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു.  പാക്കിസ്ഥാനില്‍ നിന്നുള്ള ഖലിസ്ഥാനി ഭീകരന്‍ ഹര്‍ജീന്ദര്‍ സിംഗ് റിന്‍ഡയാണ്  ഡ്രോണ്‍ ഉപയോഗിച്ച് ആയുധങ്ങള്‍ എത്തിച്ചതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രതികള്‍ നേരത്തെയും ഫിറോസ്പൂരില്‍ ആയുധങ്ങളും വെടിക്കോപ്പുകളും സ്വകീരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സംഭവത്തില്‍ കര്‍ണാല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  
പഞ്ചാബിലെ തരണ്‍ തരണ്‍ ജില്ലക്കാരനാണ് ഹര്‍ജീന്ദര്‍ സിംഗ്. 11 വയസ്സുള്ളപ്പോള്‍ റിന്‍ഡ കുടുംബത്തോടൊപ്പം മഹാരാഷ്ട്രയിലെ നന്ദേഡ് സാഹിബിലേക്ക് മാറി. പോലീസ് രേഖകള്‍ പ്രകാരം, റിന്‍ഡ, 18 വയസ്സുള്ളപ്പോള്‍ കുടുംബ വഴക്കിന്റെ പേരില്‍ തര്‍ണ്‍ തരണില്‍ തന്റെ ബന്ധുക്കളില്‍ ഒരാളെ കൊലപ്പെടുത്തിയിരുന്നു.
നന്ദേഡ് സാഹിബില്‍ ഇയാള്‍ പ്രാദേശിക വ്യാപാരികളില്‍ നിന്ന് പണം തട്ടിയെടുത്തിരുന്നുവെന്നും രണ്ട് പേരെ കൊലപ്പെടുത്തിയിരുന്നുവെന്നും പറയുന്നു.  ഒരു കാലത്ത് വിദ്യാര്‍ത്ഥി നേതാവായിരുന്ന ഹര്‍ജീന്ദര്‍ സിംഗ് എന്ന റിന്‍ഡ  ഇപ്പോള്‍ പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുകയാണ്.  കൊലപാതകം, കൊലപാതകശ്രമം, കൊള്ള, ആയുധ നിയമം എന്നിവയുള്‍പ്പെടെ നാല് ക്രിമിനല്‍ കേസുകളില്‍ ചണ്ഡീഗഡ് പോലീസ് ഇയാളെ തിരയുന്നു. 2016 നും 2018 നും ഇടയിലാണ് ഈ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.  വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് റിന്‍ഡ നേപ്പാള്‍ വഴിയാണ് പാക്കിസ്ഥാനിലേക്ക് കടന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

 

Latest News