Sorry, you need to enable JavaScript to visit this website.

പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി ഇപ്പോള്‍ ഇല്ല, ബീഹാര്‍ ശരിയാക്കിയ ശേഷം

ന്യൂദല്‍ഹി- പുതിയ രാഷ്ട്രീയ പാര്‍ട്ടിയോ വേദിയോ ഇപ്പോള്‍ പ്രഖ്യാപിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞു.  ബീഹാറില്‍ യഥാര്‍ത്ഥ മാറ്റം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന സമാന ചിന്താഗതിക്കാരുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു വിഭാഗം മാധ്യമങ്ങള്‍ ഊഹിക്കുന്നത് പോലെ ഞാന്‍ ഇപ്പോള്‍ ഒരു  പാര്‍ട്ടി പ്രഖ്യാപിക്കുന്നില്ല. ബീഹാറിലെ പ്രശ്‌നങ്ങളെക്കുറിച്ച് അറിയാവുന്ന 17,000-18,000 ആളുകളുമായി ഞാന്‍ സംസാരിക്കും. അവരെ ഒറ്റ പ്ലാറ്റ്‌ഫോമില്‍ അണിനിരത്തും. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്- അദ്ദേഹം പറഞ്ഞു.

ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ രാഷ്ട്രീയ പ്ലാറ്റ്‌ഫോം ആരംഭിക്കണമെന്ന് അവര്‍ കരുതുന്നുവെങ്കില്‍ അന്നു തീരുമാനിക്കുമെന്നും അത് പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി ആയിരിക്കില്ലെന്നും ജനങ്ങളുടെ പാര്‍ട്ടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലാലു പ്രസാദിന്റെയും നിതീഷ് കുമാറിന്റെയും 30 വര്‍ഷത്തെ ദുര്‍ഭരണമാണ് ഈ സാഹചര്യം അനിവാര്യമാക്കിയതെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. ഇവരുടെ ഭരണത്തിന് ശേഷം ബീഹാര്‍ ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനമാണ്. ബീഹാറിന് വികസിക്കണമെങ്കില്‍ കഴിഞ്ഞ 10-15 വര്‍ഷമായി തുടരുന്ന പാതയില്‍ നിന്ന് മാറേണ്ടതുണ്ടെന്നും അതിന് പുതിയ ദിശ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ബീഹാറിന്റെ ഭാവിക്ക് എല്ലാവരുടെയും യോജിച്ച ശ്രമം ആവശ്യമാണ്. അത് ഒരാള്‍ക്ക് ചെയ്യാന്‍ കഴിയില്ല. ബീഹാറില്‍  മാറ്റം കൊണ്ടുവരാന്‍ യഥാര്‍ഥത്തില്‍ ആഗ്രഹിക്കുന്ന ആളുകള്‍ ഒത്തുചേരണം- അദ്ദേഹം പറഞ്ഞു. ബീഹാറിലെ വിദ്യാഭ്യാസ സമ്പ്രദായവും ആരോഗ്യ പരിരക്ഷാ അടിസ്ഥാന സൗകര്യങ്ങളും തകര്‍ച്ചയിലാണ്. ബീഹാറിലെ യുവാക്കള്‍ക്ക് ജോലി അന്വേഷിക്കാന്‍ സംസ്ഥാനത്തിന് പുറത്ത് പോകേണ്ടിവരുന്നു. ഇത് മാറേണ്ടതുണ്ട്- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബീഹാറില്‍
3000 കിലോമീറ്റര്‍ പദയാത്രയും പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചു.

മെയ് രണ്ടിന് രാവിലെ പ്രശാന്ത് കിഷോര്‍ പോസ്റ്റ് ചെയ്ത ട്വീറ്റാണ് അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന സൂചന നല്‍കിയത്. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ യഥാര്‍ത്ഥ യജമാനന്മാരിലേക്ക്, ജനങ്ങളിലേക്ക് തിരിയുമെന്നായിരുന്നു ട്വീറ്റ്.

പാര്‍ട്ടിയില്‍ ചേരാനുള്ള കോണ്‍ഗ്രസിന്റെ ക്ഷണം നിരസിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഈ ട്വീറ്റ്. കോണ്‍ഗ്രസിന് സ്വയം പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്നും തന്റെ ആവശ്യമില്ലെന്നുമാണ് പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നത്.

 

Latest News