മൊബൈൽ ഫോൺ മുതൽ ഇലക്ട്രിക് വാഹനം വരെ ആശ്രയിക്കുന്ന ബാറ്ററി കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിനുള്ള ഗവേഷണം ലോകത്തിന്റെ എല്ലാ ഭാഗത്തും നടക്കുന്നതാണ്. എളുപ്പത്തിൽ ചാർജ് ചെയ്യാൻ പറ്റണം, കൂടുതൽ നേരം ഊർജം നൽകണം, ഭാരം കുറയണം -ഇതൊക്കെയാണ് ഇത്തരം ബാറ്ററികളെ സംബന്ധിച്ച് പ്രധാനമായും പരിഗണിക്കാനുള്ളത്.
നിലവിൽ വ്യാപകമായി ഉപയോഗിക്കുന്ന ലീഥിയം അയേൺ ബാറ്ററിയേക്കാൾ 50 ഇരട്ടി ദീർഘമായി ഉപയോഗിക്കാവുന്ന ബാറ്ററി എന്ന സ്വപ്‌നം യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് മുംബൈ ആസ്ഥാനമായുള്ള ഗിഗാഡൈൻ എന്ന സ്റ്റാർട്ടപ്പ്. സെക്കൻഡുകൾ കൊണ്ട് നിറക്കാവുന്നതും മണിക്കൂറുകളോളം ഉപയോഗിക്കാവുന്നതുമായ ഈ ഊർജ സംവിധാനം വലിയ വിപ്ലവമാകുമെന്നാണ് വിലയിരുത്തുന്നത്. ജൂബിൻ വർഗീസ്, അമേയ ഗഡിവാൻ എന്നിവർ ചേർന്ന് സ്ഥാപിച്ച സ്റ്റാർട്ടപ്പ് 2105 ലാണ് ആരംഭിച്ചത്. മുംബൈയിലെ എൻഎംഐഎംഎസ് യൂനിവേഴ്‌സിറ്റിയിൽ പഠനം തുടങ്ങിയപ്പോഴാണ് ഇരുവരും ആശയം പങ്കുവെച്ചത്. മറ്റു വിദ്യാർഥികളിൽനിന്ന് വ്യത്യസ്തമായി മെക്കാട്രോണിക്‌സ് എന്ന പുതിയ എൻജിനീയറിംഗ് മേഖല തെരഞ്ഞെടുത്താണ് ഇരുവരും പഠനം ആരംഭിച്ചത്. കാറുകളെ കുറിച്ചുള്ള മോഹങ്ങൾ കൊണ്ടുനടന്ന തന്റെ പഠന ലക്ഷ്യം തന്നെ സ്വന്തമായി ഒരു കാർ വികസിപ്പിക്കുക എന്നതായിരുന്നുവെന്ന് ജൂബിൻ പറയുന്നു. സാങ്കേതിക വിദ്യകളെ കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ടിരുന്ന അമേയയെ കൂട്ടുപിടിക്കാനുള്ള കാരണം അവസാന വർഷ പ്രോജക്ടായി ഒരു ഇലക്ട്രിക് വാഹനം നിർമിക്കാനുള്ള ചിന്തയായിരുന്നുവെന്നും ജൂബിൻ പറയുന്നു.
റോബോട്ടിക്‌സിൽ എന്തെങ്കിലും ചെയ്യാനുള്ള സ്വപ്‌നവുമായി നടന്നിരുന്ന അമേയയെ പ്രോജക്ടിലേക്ക് കൊണ്ടുവരാൻ സാധിച്ചതോടെ മൂന്ന് മാസം കൊണ്ട് സ്വന്തം ഇലക്ട്രിക് വാഹനം നിർമിക്കാൻ സാധിച്ചു. ഇത് നിർമിക്കാൻ ആവശ്യമായി വന്ന തുകയുടെ മൂന്നിരട്ടി ഉണ്ടായാലേ കാർ ഓടിക്കാനുള്ള ബാറ്ററി വാങ്ങാൻ പറ്റൂ എന്നത് തടസ്സമായി. വില കുറഞ്ഞ ലഡ്-ആസിഡ് ബാറ്ററി വിപണിയിലുണ്ടായിരുന്നെങ്കിലും അതിന്റെ ഭാരവും ചാർജ് ചെയ്യാൻ എടുക്കുന്ന സമയവുമാണ് പുതിയ ബാറ്ററിയെ കുറിച്ചുള്ള ചിന്തയിലേക്ക് വഴി തിരിച്ചുവിട്ടത്. എളുപ്പം ചാർജ് ചെയ്യാവുന്ന ലീഥിയം അയേൺ ബാറ്ററിയുടെ വിലയോടൊപ്പം അത് കൂടുതൽ പൊട്ടിത്തെറിക്കാനുള്ള സാധ്യതയും കണക്കിലെടുത്തു.
ഇങ്ങനെയാണ് ജൂബിനും അമേയയും ഭാവി ഇലക്ട്രോണിക് വാഹനങ്ങൾക്കുള്ള ബാറ്ററി കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ കോളേജിലെ പഠനം ഉപേക്ഷിച്ച് പുറത്തിറങ്ങിയത്.
സർവകലാശാലക്ക് പുറത്ത് നടത്തിയ ഗവേഷണം ബാറ്ററി ലോകത്തെ പ്രധാന പ്രശ്‌നം പരിഹരിച്ചിരുന്ന സൂപ്പർകപ്പാസിറ്ററിൽനിന്നാണ് ആരംഭിച്ചത്. വേഗത്തിൽ ചാർജ് ചെയ്യുകയെന്ന പ്രശ്‌നത്തിന്റെ പരിഹരമായിരുന്നു സൂപ്പർ കപ്പാസിറ്റർ. ഇത്തരം സൂപ്പർ കപ്പാസിറ്ററുകളെ എങ്ങനെ ദീർഘനേരത്തേക്ക് ചാർജ് നിലനിർത്താവുന്നതാക്കി മാറ്റാം എന്ന ഗവേഷണമാണ് വിജയിച്ചിരിക്കുന്നത്.
സെൽഫ് ഡിസ്ചാർജിഗ് തോത് കുറച്ചുകൊണ്ടു കൂടി നിർമിച്ചിരിക്കുന്ന പുതിയ ബാറ്ററി ഇലക്ട്രോണിക് വാഹനങ്ങൾക്കു മാത്രമല്ല, മറ്റു ഊർജ സംഭരണം, ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ആശ്രയിക്കാം.
ഇലക്ട്രോണിക് വാഹനം പത്ത് മിനിറ്റ് കൊണ്ട് 100 ശതമാനം ചാർജ് ചെയ്യുക, മൊബൈൽ ഫോണും മറ്റും അഞ്ച് മിനിറ്റ് കൊണ്ട് 100 ശതമാനം ചാർജ് ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്ന ബാറ്ററി ചെലവു കുറഞ്ഞതും പരിസ്ഥിതിക്കിണങ്ങിയതുമായിരിക്കുമെന്നും ജൂബിൻ പറയുന്നു.
വികസിപ്പിച്ചെടുത്ത മാതൃക അടുത്ത രണ്ട് വർഷത്തിനകം വിപണിയിലെത്തിക്കാനാണ് ഇവരുടെ സ്റ്റാർട്ടപ്പ് ലക്ഷ്യമിടുന്നത്. 180 സെക്കൻഡുകൾ കൊണ്ട് 100 ശതമാനം വരെ ചാർജ് ചെയ്യാവുന്ന ബാറ്ററി പാക്കാണ് ഇവരുടെ പക്കലുള്ളത്. ലീഥിയം അയേൺ, ലഡ്-ആസിഡ് ബാറ്ററി അല്ലെങ്കിൽ വിപണിയിൽ ലഭ്യമായ ഏതൊരു റീചാർജ ബിൾ ബാറ്ററിക്കു പകരം വെക്കാവുന്നതാണിത്.
തങ്ങൾ വികസിപ്പിച്ച സൂപ്പർ കപ്പാസിറ്റർ ബാറ്ററി നിലവിൽ വിപണിയിലുള്ള ലീഥിയം അയേൺ ബാറ്ററിയുമായി നേരിട്ടുള്ള മത്സരത്തിനെത്തിക്കുകയാണ് ലക്ഷ്യമെന്നും ഇതിനായി വിവിധ സ്ഥാപനങ്ങളുമായുള്ള സംഭാഷണം അവസാന ഘട്ടത്തിലാണെന്നും ജൂബിൻ പറഞ്ഞു. ഫണ്ടും ഗ്രാന്റും നൽകി ഇത്തരം പദ്ധതികളിൽ പങ്കാളിത്തം വഹിക്കുന്നതിന് അവസരമൊരുക്കാൻ ഏകദിന പരിപാടി ഏപ്രിൽ 11 ന് ബംഗളൂരുവിൽ നടക്കും.