Sorry, you need to enable JavaScript to visit this website.

പ്രവാസികള്‍ അങ്ങനെ പലരേയും അമ്പരപ്പിക്കും, പോത്തുകല്ലില്‍നിന്നൊരു താലിക്കഥ

എടക്കര-ഹൃദ്രോഗിയായ യുവാവിന്റെ ചികിത്സാ സഹായത്തിനു നല്‍കിയ താലിമാല ദമ്പതിമാര്‍ക്ക്് പെരുന്നാള്‍ സമ്മാനമായി തിരികെ നല്‍കി പ്രവാസി. പോത്തുകല്ലിലെ സച്ചിന്‍-ഭവ്യ ദമ്പതിമാര്‍ വെളുമ്പിയംപാടം സ്വദേശിയായ യുവാവിന്റെ ചികിത്സയ്ക്ക് നല്‍കിയ താലിമാലയാണ് ചികിത്സാ കമ്മിറ്റിയില്‍ നിന്നു വില നല്‍കി വാങ്ങി വെളുമ്പിയംപാടം സ്വദേശി ഭവ്യക്ക് പെരുന്നാള്‍ സമ്മാനമായി നല്‍കിയത്.
അര്‍ബുദ രോഗിയായിരുന്ന ഭവ്യക്ക് നാടൊന്നിച്ച്, ഒരേ മനസോടെ ആവശ്യമായ ചികിത്സാ സഹായങ്ങള്‍ നല്‍കിയിരുന്നു. നാടിന്റെയും സുമനസുകളുടെയും പ്രാര്‍ഥനയാല്‍ ഭവ്യയുടെ അസുഖം ഭേദപ്പെട്ടുവരികയാണ്. ഇതിനിടെയാണ് ഹൃദ്രോഗിയായ  പോത്തുകല്‍ സ്വദേശിയുടെ ചികിത്സക്കായി നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചത്.
ഈ വിവരം സച്ചിനും ഭവ്യയും അറിഞ്ഞു. തുടര്‍ന്നു ഭവ്യയുടെ താലിമാല ചികിത്സാ സഹായത്തിലേക്കു നല്‍കി. എന്നാല്‍ സച്ചിനെയും ഭവ്യയെയും അമ്പരപ്പിച്ചുകൊണ്ട് അതേ താലിമാല ചികിത്സാ കമ്മിറ്റിയില്‍ നിന്നു വിലകൊടുത്തു വാങ്ങി തിരിച്ചു നല്‍കിയിരിക്കുകയാണ് വെളുമ്പിയംപാടത്തെ അബൂട്ടിയെന്ന പ്രവാസി.
പെരുന്നാള്‍ ദിവസം രാവിലെ അബൂട്ടി വിദേശത്തു നിന്നു സച്ചിനെ ഫോണില്‍ വിളിച്ച് വെളുമ്പിയംപാടത്തെ തറവാട്ടു വീട്ടില്‍ എത്തണമെന്നു ആവശ്യപ്പെടുകയായിരുന്നു. പെരുന്നളല്ലേ, ഭവ്യയെയും കൂട്ടി വീട്ടില്‍ പോയി പായസമൊക്കെ കഴിച്ചു പോരാം. മറക്കാതെ പോകണം. കുറച്ച് കഴിയുമ്പോള്‍ ജ്യേഷ്ഠന്‍ വിളിക്കുമെന്നു അബൂട്ടി പറഞ്ഞു. പറഞ്ഞു തീരും മുമ്പു അബൂട്ടിയുടെ ജ്യേഷ്ഠന്റെയും വിളി വന്നു. നാട്ടിലെ പെരുന്നാള്‍ സല്‍ക്കാരങ്ങള്‍ കഴിഞ്ഞ സച്ചിനും ഭവ്യയും അബൂട്ടിയുടെ വീട്ടില്‍ ഉച്ചക്ക് ശേഷമെത്തി. പായസം കഴിച്ചു സ്നേഹ സംഭഷണങ്ങള്‍ കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോള്‍ അബൂട്ടിയുടെ കുടുംബം ഒരു സര്‍പ്രൈസ് ഉണ്ടെന്നു പറഞ്ഞു ഒരു ബോക്സില്‍ നിന്നു സ്വര്‍ണമാല സച്ചിനും ഭവ്യക്കും നേരെ നീട്ടി. ഇതു നിങ്ങള്‍ക്കുള്ളതാണ്. ഇതു വാങ്ങിക്കണമെന്ന് കുടുംബമൊന്നാകെ അവരോടാവശ്യപ്പെട്ടു. മാല വാങ്ങിയ ഭവ്യയും സച്ചിനും ആകെ തരിച്ചുപോയി. കുറച്ച് ദിവസം മുമ്പ്  നിറമനസോടെ ഭവ്യ നിര്‍ധന യുവാവിനു വേണ്ടി ഊരി നല്‍കിയ അതേ താലിമാലയായിരുന്നു അത്. മനുഷ്യസ്നേഹത്തിന് മുന്നില്‍ തലകുനിച്ച് സച്ചിനും ഭവ്യയും കണ്ണീരണിഞ്ഞു.

 

 

Latest News