ജിദ്ദ എയര്‍പോര്‍ട്ടിലെ അനിശ്ചിതത്വം നീങ്ങി; മലയാളി തീര്‍ഥാടകര്‍ മടങ്ങി

ജിദ്ദ - മണിക്കൂറുകള്‍ നീണ്ട അനിശ്ചിത്വത്തിനുശേഷം ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍സര്‍വീസുകള്‍ സാധാരണ നിലയിലെത്തി. വൈകുന്നേരം അഞ്ച് മണിവരെ വിമാനത്താവളത്തിലെത്തിയ ബഹുഭൂരിപക്ഷം മലയാളി, ഇന്ത്യന്‍ ഉംറ തീര്‍ഥാടകര്‍ക്കും ബോര്‍ഡിംഗ് പാസ് ലഭിച്ചു. ഇവരെല്ലാം രാത്രിയോടെതന്നെ വിമാനങ്ങളില്‍ നാട്ടിലേക്ക് പുറപ്പെട്ടു. വളരെ കുറച്ചു പേര്‍ക്ക് മാത്രമാണ് യാത്ര തടസ്സപ്പെട്ടത്.
സലാം എയര്‍, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, എയര്‍ അറേബ്യ തുടങ്ങിയ വിമാനങ്ങളിലാണ്  മലയാളികളടക്കമുള്ള തീര്‍ഥാടകര്‍ മടങ്ങിയത്. എന്നാല്‍ മസ്‌കത്ത് വഴി തിരുവനന്തപുരത്തേക്കുള്ള സലാം എയര്‍ വിമാനത്തില്‍ പോകേണ്ടിയിരുന്ന ചിലര്‍ക്ക് ബോര്‍ഡിംഗ് പാസ് ലഭിച്ചില്ലെന്ന് യാത്രക്കാരെ സഹായിക്കാന്‍ വിമാനത്താവളത്തിലുണ്ടായിരുന്ന കെ.എം.സി.സി പ്രവര്‍ത്തകന്‍ ഹംസക്കുട്ടി ആനക്കയം പറഞ്ഞു.
ഇതില്‍ തൃശൂര്‍ സ്വദേശിയായ തീര്‍ഥാടകന്‍ കുഴഞ്ഞുവീണതിനാല്‍ കിംഗ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ മറ്റ് മൂന്ന് പേരും യാത്ര ചെയ്തിട്ടില്ല. ഇവര്‍ക്കുപുറമെ തമിഴ്‌നാട് സ്വദേശികളടക്കം മറ്റ് ചിലര്‍ക്കും ബോര്‍ഡിംഗ് പാസ് ലഭിച്ചില്ല. ഇവരെയും കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് ഹംസക്കുട്ടി പറഞ്ഞു.
എങ്കിലും വിവിധ രാജ്യക്കാരായ നൂറുകണക്കിന് യാത്രക്കാര്‍ അനിശ്ചിതത്വത്തില്‍ കുടുങ്ങി വിമാനത്താവളത്തില്‍ തുടരുകയാണ്.

 

Latest News