തിരുവനന്തപുരം- വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍ എം.എല്‍.എ പി.സി.ജോര്‍ജിന് ജാമ്യം ലഭിച്ചത് പോലീസ് റിപ്പോര്‍ട്ട് ദുര്‍ബലമായതിനാലെന്ന് കോടതി ഉത്തരവില്‍ സ്ഥിരീകരണം. പി.സി.ജോര്‍ജിന് അറസ്റ്റിലായ ദിവസം തന്നെ ജാമ്യം ലഭിച്ചതില്‍ വിവാദം തുടരുന്നതിനിടെയാണ് പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടുന്ന ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
മൂന്നു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ആയതിനാല്‍ സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിലും പ്രോസിക്യൂഷന്റെ അഭാവത്തിലും കോടതിയുടെ വിവേചന അധികാരം ഉപയോഗിച്ചാണ് ജാമ്യം അനുവദിച്ചതെന്ന് ഉത്തരവില്‍ പറയുന്നു.
മുന്‍ എം.എല്‍.എയെ എന്തിനു റിമാന്‍ഡ് ചെയ്യണമെന്ന കാര്യം പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടില്ല. ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതിക്കു കഴിയുമെന്നും ഇതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും മാത്രമേ റിപ്പോര്‍ട്ടിലുള്ളൂ. ഇക്കാരണത്താല്‍ ജാമ്യം അനുവദിക്കുന്നു എന്നാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ആശ കോശിയുടെ ഉത്തരവില്‍ പറയുന്നത്. ഒരു മുന്‍ ജനപ്രതിനിധി ഒളിവില്‍ പോകുമെന്നു വിശ്വസിക്കുന്നില്ലെന്നും ഉത്തരവില്‍ പറയുന്നു.
ഒരു പ്രതിയെ അറസ്റ്റ് ചെയ്യണമെങ്കില്‍ പാലിക്കേണ്ട അഞ്ച് കാരണങ്ങള്‍ പോലീസിന്റെ കാണുന്നില്ലെന്നു മൂന്നു പേജുള്ള ഉത്തരവില്‍ പറയുന്നു. 2022 ഏപ്രില്‍ 29ന് പി.സി.ജോര്‍ജ് നടത്തിയെന്നു പറയുന്ന പരാമര്‍ശങ്ങള്‍ ഗൗരവമുള്ളതാണ്. എന്നാല്‍ മുന്‍പും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഇക്കാരണത്താല്‍ പ്രതിയുടെ പ്രായവും പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത് പോലെ പ്രതിയെ ജയിലില്‍ കിടത്തിയാല്‍ ജീവന് ആപത്താണ് എന്ന കാര്യവും പരിഗണിച്ചു ജാമ്യം അനുവദിക്കുന്നതായി വിധിയില്‍ പറയുന്നു.
പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ പോലീസ് നാളെ കോടതിയെ സമീപിക്കുമെന്നാണ് സൂചന. നിയമോപദേശം തേടിയ ശേഷമാണ് പോലീസിന്റെ നടപടി. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഫോര്‍ട്ട് പോലീസ് അപേക്ഷ നല്‍കുക.
സ്വമേധയാ കേസെടുത്ത തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് മേയ് ഒന്നിനു പുലര്‍ച്ചെയാണ് കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയെന്ന് പറഞ്ഞിരുന്നുവെങ്കിലും ഉച്ചയ്ക്ക് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.