ബിജെപി ബിഹാര്‍ കത്തിക്കുന്നു, നിതീഷിന്റെ കഥ കഴിഞ്ഞു-ലാലു

പട്‌ന- ബിഹാറിന്റെ എല്ലാ ഭാഗവും ബിജെപി കത്തിക്കുകയാണെന്നും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കാര്യം കഴിഞ്ഞുവെന്നും രാഷ്ട്രീയ ജനതാദള്‍ നേതാവും മുന്‍മുഖ്യമന്ത്രിയുയമായ ലാലു പ്രസാദ് യാദവ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ബിഹാറിന്റെ പലഭാഗങ്ങളിലും വര്‍ഗീയ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 
ബിജെപി മൊത്തം സംസ്ഥാനത്തെ കത്തിക്കുകയാണെന്ന് ദല്‍ഹിയില്‍ എഐഐഎംഎസിനു പുറത്ത് ലാലു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയിലിലടച്ച ലാലുവിനെ ചികിത്സക്കായാണ് ദല്‍ഹിയില്‍ എത്തിച്ചത്. 
ബിഹാറിലെ നളന്ദ ജില്ലയില്‍ മതഘോഷയാത്ര അക്രമാസക്തമായതിനെ തുടര്‍ന്ന് 20 പേര്‍ക്ക് പരിക്കേറ്റിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മനാടാണ് നളന്ദ. 
രാംനവമി ഘോഷയാത്രയുടെ റൂട്ടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ജില്ലയിലെ സിലാവോ ബ്ലോക്കില്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. കണ്ണീര്‍ വാതകം പ്രയോഗിച്ചും ലാത്തിച്ചാര്‍ജ് നടത്തിയുമാണ് പോലീസ് സ്ഥിതിഗതികള്‍ ശാന്തമാക്കിയതെന്ന് പോലീസ് സൂപ്രണ്ട് സുധീര്‍ കുമാര്‍ പോരിക പറഞ്ഞു. ഞായറാഴ് രാമനവമിയോടനുബന്ധിച്ച് ഭഗല്‍പൂര്‍, ഔറംഗാബാദ് തുടങ്ങിയ സ്ഥലങ്ങളിലും അക്രമം  അരങ്ങേറിയിരുന്നു. 

Latest News