ഇന്ത്യ കൂരിരുട്ടിലേക്ക്

എഴുപതുകളിൽ കേരളമുൾപ്പെടെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ട്രെയിനുകളിൽ സ്ഥിരമായി യാത്ര ചെയ്യുന്നവരുടെ ഏറ്റവും വലിയ പേടിസ്വപ്‌നമായിരുന്നു കൽക്കരി ക്ഷാമം. രാജ്യത്ത്് കൽക്കരി ലഭ്യത കുറഞ്ഞാൽ അധികൃതർ ആദ്യം ചെയ്യുക യാത്രാ തീവണ്ടികൾ റദ്ദാക്കുകയെന്നതാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കൽക്കരി ട്രെയിനുകളായിരുന്നു ഏറെയും. പിന്നീടാണ് ഡിസൽ എൻജിനുകൾ വന്നത്. അതു കഴിഞ്ഞ് കാലം കുറച്ചു കൂടി പിന്നിട്ടപ്പോൾ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതീകരിച്ച ട്രെയിനുകളായി. ഇന്ദിരാഗാന്ധിയുടെ കാലത്തെ ഏറ്റവും വലിയ നേട്ടം ബംഗ്ലാദേശിന്റെ മോചനമായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായപ്പോഴും ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കിയിരുന്നു. അതിർത്തികളിലേക്കുള്ള സൈനികരുടെ യാത്ര എളുപ്പത്തിലാക്കാനാണ് യാത്രാ തീവണ്ടികൾ റദ്ദാക്കിയത്. അതു കഴിഞ്ഞ് കോവിഡ് കാലത്ത് ആരും പുറത്തിറങ്ങാതിരിക്കാനും കുറച്ചു കാലം ട്രെയിനുകൾ റദ്ദാക്കി. ഇപ്പോഴിതാ അഞ്ച് ദശകങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യയിലെ നൂറുകണക്കിന് പാസഞ്ചർ  ട്രെയിനുകൾ റദ്ദാക്കിയിരിക്കുന്നു. വിചിത്രമായ കാര്യം അതല്ല, കൽക്കരി വിവിധ സംസ്ഥാനങ്ങളിലെത്തിക്കാനാണ് യാത്രാ തീവണ്ടികൾ റദ്ദാക്കിയത്. രൂക്ഷമായ വൈദ്യുതി ക്ഷാമമാണ് ഇന്ത്യ കൂരിരുട്ടിലായിപ്പോവുമെന്ന ആശങ്ക സൃഷ്ടിച്ചത്. 
കൽക്കരി ക്ഷമാമാണ് രാജ്യത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം. ഏപ്രിൽ മാസം 27 വരെ 1.6 ശതമാനം കുറവാണ് വൈദ്യുതി വിതരണത്തിലുണ്ടായതെന്ന്്  റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.  കൽക്കരി ക്ഷാമം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ പ്രതിസന്ധി അടുത്ത മാസം കൂടിയേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. രാജ്യത്ത് സ്‌റ്റോക്ക് ഉള്ള കൽക്കരി ഉടൻ താപനിലയങ്ങളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്  കൽക്കരി മന്ത്രാലയം. 
ഇന്ത്യ നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് അതിവേഗത്തിൽ കൽക്കരി എത്തിക്കാനാണ്  ഇന്ത്യൻ റെയിൽവേ കർശന നടപടികളിലേക്ക്് തിരിഞ്ഞത്. താപവൈദ്യുതി നിലയങ്ങളിൽ കൽക്കരി വേഗത്തിൽ എത്തിക്കുന്നത് സുഗമമാക്കാൻ രാജ്യത്തൊട്ടാകെ 657 ട്രെയിനുകൾ റദ്ദാക്കി. പാസഞ്ചർ, മെയിൽ, എക്‌സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്. കൽക്കരി നീക്കം വേഗത്തിലാക്കാൻ 517 കൽക്കരി വാഗണുകളാണ് റെയിൽവേ സജ്ജമാക്കിയിരിക്കുന്നത്. ഇവയുടെ ഗതാഗതം സുഗമവും വേഗത്തിലുമാക്കാൻ ഈ മാസം എട്ടു വരെ യാത്രാ ട്രെയിനുകളുടെ റദ്ദാക്കൽ തുടരുമെന്നാണ് അറിയിപ്പ്. സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 713 ട്രിപ്പുകളും വടക്കൻ റെയിൽവേയിൽ 40 ട്രിപ്പുകളുമാണ് ഇതുവരെ റദ്ദാക്കിയത്. 
കൽക്കരി ക്ഷാമത്തെ തുടർന്ന് താപവൈദ്യുത നിലയങ്ങൾ പൂർണതോതിൽ പ്രവർത്തിക്കാൻ കഴിയാതെ വന്നതോടെയാണ്  വിവിധ സംസ്ഥാനങ്ങൾ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്.  താപ വൈദ്യുത നിലയങ്ങളിൽ ആവശ്യമായ സ്‌റ്റോക്കിന്റെ നാലിലൊന്ന് മാത്രമാണ് ശേഖരണമായിട്ടുള്ളത്. വരും ദിവസങ്ങളിൽ ഇത് ഉപയോഗിച്ച് തീരുന്നതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന് കണ്ടാണ് റെയിൽവേയുടെ നടപടി. രാജ്യമൊട്ടാകെ അതിവേഗത്തിൽ 400 റേക്ക് കൽക്കരി എത്തിച്ച് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം കാണാനാണ് റെയിൽവേയുടെ ശ്രമം.   സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്ന മുറയ്ക്ക് പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കും. രാജ്യത്തെ പല സംസ്ഥാനങ്ങളും കൽക്കരി ക്ഷാമം നേരിടുകയാണ്. വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കഴിയാതെ വന്നാൽ മെട്രോയെ അടക്കം ബാധിച്ചേക്കുമെന്ന് ദൽഹി സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.  ആശുപത്രികളുടെ അടക്കം പ്രവർത്തനത്തെ ബാധിക്കുന്ന പശ്ചാത്തലത്തിൽ ഊർജ മന്ത്രി സത്യേന്ദർ ജെയ്‌നിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദൽഹി സർക്കാർ കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തു.
ദൽഹിക്ക് പുറമെ പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് വൈദ്യുതി നിയന്ത്രണങ്ങളിലേക്ക് നീങ്ങിയിരിക്കുന്നത്. ദൽഹിയുടെ വൈദ്യുതി ആവശ്യകതയുടെ 30 ശതമാനം നിർവഹിക്കുന്നത് ദാദ്രി രണ്ട്, ഉഞ്ചഹാർ താപനിലയങ്ങളിൽ നിന്നാണ്. എന്നാൽ കൽക്കരി ക്ഷാമം മൂലം ഈ താപനിലയങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചിരിക്കുകയാണെന്ന് സത്യേന്ദർ ജെയ്ൻ പറഞ്ഞു.പഞ്ചാബിൽ കടുത്ത ചൂടിനെ തുടർന്ന് വൈദ്യുതി ആവശ്യത്തിൽ 40 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. കാർഷിക മേഖലയ്ക്ക് ആവശ്യമായ വൈദ്യുതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി പഞ്ചാബ് ഊർജ മന്ത്രിയുടെ വീടിന് മുന്നിൽ പ്രതിഷേധിക്കുകയുണ്ടായി. മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ വൈദ്യുതി ആവശ്യകതയിൽ 40 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തിയതായി ഊർജ മന്ത്രി ഹർഭജൻ സിങ് വ്യക്തമാക്കി.  ജനങ്ങൾ ഏറ്റവും  തിങ്ങിപ്പാർക്കുന്ന ഉത്തർപ്രദേശിലും സ്ഥിതി ആശാവഹമല്ല. നാലിൽ ഒന്ന് കൽക്കരി മാത്രമേ സ്‌റ്റോക്കായി അവശേഷിക്കുന്നുള്ളൂ. നിശ്ചിത അളവിനേക്കാൾ കുറവാണ് സംസ്ഥാനത്തെ കൽക്കരി സ്‌റ്റോക്ക്. ചൂട് വർധിച്ചതിനെ തുടർന്ന് വൈദ്യുതി ആവശ്യകത വർധിച്ചതാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ 38 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകതയാണ് ഈ മാസം രേഖപ്പെടുത്തിയതെന്ന് അധികൃതർ പറയുന്നു. 
ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഝാർഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളും പ്രതിസന്ധി നേരിടുന്നുണ്ട്. ഈ സംസ്ഥാനങ്ങളിൽ മൂന്ന് മുതൽ 8.7 ശതമാനം വരെ പവർ കട്ട് ഏർപ്പെടുത്തിയിരിക്കുകയാണ്. രാജസ്ഥാനിൽ ഗ്രാമങ്ങളിൽ മൂന്ന് മണിക്കൂർ വരെയാണ് പവർ കട്ട് പ്രഖ്യാപിച്ചത്.
കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന്് കോൺഗ്രസ് ആരോപിച്ചു. നിലവിൽ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരാണ്. കൽക്കരി വിതരണത്തിൽ കാര്യമായ വീഴ്ചയുണ്ടായെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. തലസ്ഥാനമായ ദൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ ആറ് വർഷത്തിനിടയിലെ ഏറ്റവും വലിയ വൈദ്യുതി പ്രതിസന്ധിയാണ് നേരിടുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർഭത്തിനൊത്ത്് തമാശ പ്രയോഗിക്കാറുണ്ട്. 
രാജ്യത്തെ കൽക്കരി ക്ഷാമവും തുടർന്നുണ്ടായ വൈദ്യുതി ക്ഷാമവും പരിഹരിക്കാൻ കഴിയാത്തതിൽ നെഹ്്‌റുവിനെ കുറ്റം പറയേണ്ടിവരുമോ എന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ചോദിക്കുകയുണ്ടായി. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി നെഹ്്‌റുവിനെയാണോ അതോ സംസ്ഥാനങ്ങളെയാണോ, അതുമല്ലെങ്കിൽ ജനങ്ങളെയാണോ കുറ്റം പറയുക. എന്തുകൊണ്ടാണ് ഈ സാഹചര്യം കൈകാര്യം ചെയ്യാൻ കഴിയാത്തതെന്നും ട്വിറ്ററിലൂടെ രാഹുൽ ചോദിച്ചു.
പ്രധാനമന്ത്രി മോഡിയുടെ വാഗ്ദാനങ്ങളും ലക്ഷ്യങ്ങളും വിഛേദിക്കപ്പെട്ടിരിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. രാജ്യത്ത് 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്ന പ്രധാനമന്ത്രിയുടെ മുൻകാല പ്രസംഗങ്ങളുടെ വീഡിയോയും രാഹുൽ പങ്കുവെച്ചു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കുന്ന മോഡിയുടെ ചാനൽ ചർച്ചകളുടെ വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടു. ഇതൊക്കെ ദേശീയ തലത്തിലെ കാര്യങ്ങൾ. കേരളം കുറച്ചു കാലമായി പവർ കട്ടും ലോഡ് ഷെഡിംഗുമില്ലാത്ത സംസ്ഥാനമെന്ന പേരെടുത്തതായിരുന്നു. ഇടതു സർക്കാർ വന്നാൽ പവർ കട്ടുണ്ടാവില്ലെന്ന്് വരെ പ്രചാരണം നടത്തിയിരുന്നു. കേരളത്തിലും പിന്നിട്ട വാരത്തിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നുവെന്നത് പ്രശ്‌നത്തിന്റെ ഗൗരവം സൂചിപ്പിക്കുന്നു.

Latest News