വേറിട്ട ഈദ്ഗാഹ് അനുഭവങ്ങളുമായി വീണ്ടും ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയം

കോവിഡ് കാരണം മുടങ്ങിപ്പോയ ഈദ് ഗാഹുകളും സംഘടിത സ്വഭാവമുള്ള ആരാധനകളും  രണ്ട് വർഷത്തിനിപ്പുറം  ആരംഭിക്കാനായതിന്റെ ആഹ്ലാദത്തിലായിരുന്നു ഇത്തവണ  കേരളത്തിലെയും  വിശ്വാസി സമൂഹം. സുഖകരമായ കാലാവസ്ഥയായതിനാൽ ഈദുഗാഹുകൾ നടക്കുന്ന സ്ഥലങ്ങളിൽ അവ വലിയ ആവേശത്തോടെയാണ് സംഘടിപ്പിക്കപ്പെട്ടത്.  ഇല്ലാതായിപ്പോയ ആരാധന സൗകര്യം തിരിച്ചു കിട്ടിയതിന്റെ ആഹ്ലാദം അവയുടെ സംഘാടനത്തിലും പങ്കാളിത്തത്തിലുമെല്ലാം പ്രകടമായി.  
തിരുവനന്തപുരം പാളയം പള്ളിയുമായി ബന്ധപ്പെട്ട് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ്ഗാഹിലും ഈ മാറ്റത്തിന്റെ ആഹ്ലാദാരവം പ്രകടമായത്  സ്വാഭാവികം. 2018 ൽ വിശ്വപൗരനും തിരുവനന്തപുരം എം.പിയുമായ ശശി തരൂരിന്റെ പങ്കാളിത്തം കൊണ്ടായിരുന്നു ഈദ്ഗാഹും പാളയം ഇമാം ഡോ. വി. പി സുഹൈബ് മൗലവിയുടെ ഖുതുബയും വാർത്തകളിൽ നിറഞ്ഞത്. 
ഇത്തവണ സുഹൈബ് മൗലവിയുടെ പെരുന്നാൾ പ്രസംഗം  തത്സമയം തന്നെ മാധ്യമങ്ങളിൽ നിറഞ്ഞത് പി.സി. ജോർജിന്റെ അസാധാരണമായ വിദ്വേഷ പ്രസംഗത്തിനെതിരെയുള്ള കത്തിക്കയറുന്ന വാക്കുകൾ കൊണ്ടായിരുന്നു. പവിത്രവേദിയിൽ ആരുടെയും പേരുപറയാതെ ഇമാം നടത്തിയ പ്രഭാഷണത്തിലെ വരികളുടെ ചുരുക്കം ഇങ്ങനെ 'വർഗീയവാദികളെ ഒറ്റപ്പെടുത്താൻ എല്ലാവരും മുന്നോട്ട് വരണം. വർഗീയതയും വിദ്വേഷവും പ്രസംഗിക്കുന്നവരെ, അവരാരായാലും, ഏത് മതത്തിൽ പെട്ടവരായാലും, ഏത് രാഷ്ട്രീയ കക്ഷിയാണെങ്കിലും, എല്ലാ മതക്കാരും എല്ലാ രാഷ്ട്രീയ കക്ഷികളും ചേർന്നുകൊണ്ട് ഒറ്റപ്പെടുത്താൻ മുന്നോട്ട് വരണം. മുസ്‌ലിംകൾ ചായയിൽ മരുന്ന് കലക്കി മറ്റുള്ളവരെ വന്ധീകരിക്കാൻ നോക്കുന്നു എന്ന അങ്ങേയറ്റം അപകടം നിറഞ്ഞ പ്രയോഗങ്ങളാണ് ഉപയോഗിച്ചത്. വിദ്വേഷം കത്തിക്കാനായിരുന്നു ശ്രമം. മുസ്‌ലിമിന്റെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് പറയുന്നു. ഇവയെയെല്ലാം കള്ളപ്രചാരണമാണ്. തിന്മയെ നന്മ കൊണ്ട് നേരിടാനാണ് വിശ്വാസികൾ തയാറാകേണ്ടത്. ഹിന്ദു ഹിന്ദുവിന്റെ കടയിൽ നിന്ന് സാധനം വാങ്ങണമെന്ന് പറയുന്നതും മുസ്‌ലിം  മുസ്‌ലിമിന്റെ കടയിൽ നിന്ന്  മാത്രം സാധനം വാങ്ങണമെന്ന് പറയുന്നതും കേട്ടുകേൾവിയില്ലാത്ത സംഭവമാണ്.'' 
 
കേരളത്തിൽ ഇസ്‌ലാമിക പ്രബോധകരായി എത്തിയ  ആദ്യ സംഘത്തിന്റെ ചരിത്രം പറഞ്ഞ സുഹൈബ് മൗലവി  കച്ചവട കാര്യത്തിലെ പൂർവ മുസ്‌ലിംകളുടെ പാരമ്പര്യം എടുത്തുദ്ധരിച്ചു. കൊടുങ്ങല്ലൂരിലും മറ്റുമുള്ള അറബികളുടെ കച്ചവട സ്ഥാപനങ്ങളിൽ ആളുകൾ തിക്കും തിരക്കും കൂട്ടിയപ്പോൾ  നാട്ടുകാരും മുസ്്‌ലിംകളല്ലാത്തവരുമായ ആളുകളുടെ സ്ഥാപനങ്ങളിൽ കച്ചവടമില്ലാതായിപ്പോയി.     അവരുടെ ജീവിത വഴിയെ ബാധിക്കുന്നുവെന്ന് കണ്ടപ്പോൾ, ഇതിന് പരിഹാരമായി ആ മനുഷ്യസ്‌നേഹിക്കൂട്ടം കണ്ടെത്തിയ വഴി തങ്ങളുടെ കച്ചവടം ഉച്ച വരെയാക്കുകയായിരുന്നു. ഉച്ചക്ക് ശേഷം നാട്ടു കാരായ കച്ചവടക്കാർ അവരുടെ ഉപജീവനത്തിനുള്ള കച്ചവടത്തിന്റെ വഴിയിൽ കടകൾ തുറന്നിരുന്നു. വെട്ടിപ്പിടിത്തം പരിചയമില്ലാത്തവരുടെ നന്മ നിറഞ്ഞ സമീപനം . നന്മ നട്ട് നന്മ വിളവെടുത്ത ആ ജനതയുടെ ചരിത്ര പാരമ്പര്യം പേറുന്നവരെക്കുറിച്ചോ ഈ വിഷവാക്കുകൾ. 
ഇല്ല, ഇതൊന്നും ജയിക്കാൻ പോകുന്നില്ല. ആദിമ പ്രബോധക സംഘത്തിന്റെ മറ്റൊരു രീതിയും അദ്ദേഹം സന്ദർഭവശാൽ  ഉദ്ധരിച്ചു. ഇത്രയൊന്നും ഭക്ഷ്യ സമ്പന്നമല്ലാത്ത കേരളത്തിലെത്തിയ പ്രബോധക സംഘം താമസിച്ച സ്ഥലങ്ങളിൽ അവർക്ക് ഭക്ഷണ സമയത്ത് ഒരു രീതിയുണ്ടായിരുന്നു- മലയാളം അറിയാത്ത ആ മനുഷ്യർ പരിഭാഷകനെയും കൂട്ടി അയൽക്കാരുടെ വീടുകളിൽ പോയി അവരെല്ലാം ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുമായിരുന്നുവെേത്ര. ഇതെന്താണ് കഥയെന്ന് ആളുകൾ അതിശയിച്ചപ്പോൾ അയൽ വാസിയുടെ പട്ടിണിയുമായി ബന്ധപ്പെട്ട പ്രസിദ്ധമായ പ്രവാചക വചനം അവർ ഓർമിപ്പിച്ചു. പ്രവാചകൻ പഠിപ്പിച്ചതിനപ്പുറം  ഒന്നും ചിന്തിക്കാത്ത നന്മക്കൂട്ടമായിരുന്നു അവർ. അവരുടെ പിൻഗാമികളെക്കുറിച്ചോ ഇതു പോലുള്ള വിഷവചനങ്ങൾ!  
പാളയം പള്ളിയും ഈദു ഗാഹുമെല്ലാം എല്ലായ്‌പ്പോഴും വി.ഐ.പികളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാകാറുണ്ട്. ഇന്നലെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനായിരുന്നു ഈദ് ഗാഹിലെ വി.ഐ.പി സാന്നിധ്യം. ഭരണഘടനാ പദവി വഹിക്കുന്ന ഗവർണർ പങ്കെടുക്കുന്ന വേദിയിൽ പാലിക്കേണ്ട രീതികളെ കുറിച്ചൊക്കെ സംഘാടകർ തുടക്കത്തിൽ തന്നെ ഉണർത്തുന്നുണ്ടായിരുന്നു. പക്ഷേ പുതുമയുള്ള കാര്യമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നുണ്ടായത്. 
ഡോ.സുഹൈബ് മൗലവിയുടെ  പ്രഭാഷണം കേട്ടിരുന്ന ഗവർണർ എല്ലാം തീർന്നപ്പോൾ പെരുന്നാൾ ഖുതുബ നടന്ന വേദിയിലേക്ക് കയറി സുഹൈബ് മൗലവിയുടെ പ്രസംഗത്തെ പ്രശംസിച്ചും വിശ്വാസി സമൂഹത്തിന്റെ ഉത്തരവാദിത്തങ്ങൾ എടുത്തു പറഞ്ഞും നല്ലൊരു പ്രസംഗം തന്നെ നടത്തി. ഗവർണർ പ്രസംഗിച്ച ഈദ് ഗാഹ് വേദി എന്ന ചരിത്രവും ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലെ ഈദ് ഗാഹിനൊപ്പം ചേർന്നു. ഡോ.സുഹൈബ് മൗലവിക്ക് അടുത്ത കാലത്ത് ഡോക്ടറേറ്റ്  ലഭിച്ച കാര്യം അറിഞ്ഞിരുന്നുവെന്നറിയിച്ച ഗവർണർ വിജ്ഞാന ഔന്നത്യത്തിൽ ഇമാമിനെ അഭിനന്ദിച്ചു. പെരുന്നാൾ ഖുതുബയിൽ ഇമാം പറഞ്ഞ മാനവ സൗഹാർദവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ  ഹദീസും ആയത്തുമെല്ലം ഉദ്ധരിച്ച് ഗവർണറും പങ്കാളിയായി. തിന്മയെ നന്മ കൊണ്ട് നേരിടുക എന്ന ഇമാമിന്റെ വരികൾക്ക് ചേർന്ന വാക്കുകളായിരുന്നു ഗവർണറുടെ പ്രസംഗത്തിലും. 
വേദിയിൽ നിന്നിറങ്ങിയ ഗവർണർ സ്റ്റേഡിയത്തിന് പുറത്തേക്കുള്ള വഴിയിലുടനീളം കുട്ടിക്കൂട്ടങ്ങൾക്കൊപ്പം നിന്നും സെൽഫി അനുവദിച്ചുമാണ് മടങ്ങിയത്. വരിക, കാണുക, കീഴടക്കുക -അതാണ് എവിടെയായാലും ആരിഫ് മുഹമ്മദ് ഖാന്റെ  രീതി.

Latest News