ജോധ്പൂര്‍ സംഘര്‍ഷം; 97 പേര്‍ അറസ്റ്റില്‍, കര്‍ഫ്യൂ തുടരുന്നു

ജോധ്പൂര്‍- രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മണ്ഡലമായ ജോധ്പൂരില്‍ ഈദിന് മുമ്പ് പതാക ഉയര്‍ത്തിയതിനെ ചൊല്ലിയുണ്ടായ വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 97 പേര്‍ അറസ്റ്റിലായി.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പുതിയ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. ക്രമസമാധാനപാലനത്തിനായി ആയിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.കര്‍ഫ്യൂ തുടരുകയാണ്.
മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും ജോധ്പൂര്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു.
സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച മുഖ്യമന്ത്രി അശോക് ഗെലോട്ട് മന്ത്രിമാരായ രാജേന്ദ്ര യാദവ്, സുഭാഷ് ഗാര്‍ഗ് എന്നിവരെ  ജോധ്പൂരിലേക്ക് അയച്ചു.

ജോധ്പൂരില്‍ ജലോരി ഗേറ്റ് സര്‍ക്കിളില്‍  പതാകകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.  കല്ലേറില്‍ അഞ്ച് പോലീസുകാര്‍ക്ക് പരിക്കേറ്റു.
കനത്ത പോലീസ് വിന്യാസത്തോടെ ചൊവ്വാഴ്ച പുലര്‍ച്ചെ സ്ഥിതി നിയന്ത്രണവിധേയമാക്കിയെങ്കിലും രാവിലെ  ഈദ്ഗാഹിനും സമീപം വീണ്ടും സംഘര്‍ഷമുണ്ടായി.
ജലോരി ഗേറ്റ് പരിസരത്ത് കടകള്‍ക്കും വാഹനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ കല്ലേറുണ്ടായി.

 

Latest News