Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് പിടിച്ചെടുത്തത് 35 കിലോ  പഴകിയ മാംസം, ഒരു ഹോട്ടല്‍ അടച്ചുപൂട്ടി

കോഴിക്കോട്- ജില്ലയിലെ വിവിധ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗത്തിന്റ പരിശോധനയില്‍ പിടിച്ചെടുത്തത് 35 കിലോ പഴകിയ മാംസം. കാസര്‍കോട് ഷവര്‍മ്മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സാഹചര്യത്തില്‍ പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ഇതിനെത്തുടര്‍ന്ന് അഞ്ച് ഹോട്ടലുകള്‍ക്ക് കോഴിക്കോട് കോര്‍പറേഷന്‍ നോട്ടീസ് നല്‍കി. ഒരു സ്ഥാപനം അടച്ചുപൂട്ടി. അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു പരിശോധന ആരംഭിച്ചത്. ഷവര്‍മ്മ ഉള്‍പ്പെടെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ഐസ്‌ക്രീം, മറ്റു ശീതളപാനീയങ്ങള്‍ എന്നിവ നിര്‍മിക്കുകയും ശേഖരിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്ന കച്ചവട സ്ഥാപനങ്ങളിലാണ് പ്രത്യേക പരിശോധന നടത്തിയത്.
എരഞ്ഞിപ്പാലം, കാരപ്പറമ്പ്, ഈസ്റ്റ്ഹില്‍, വെസ്റ്റ്ഹില്‍, പുതിയങ്ങാടി, കോര്‍പറേഷന്‍ പരിസരം, സൗത്ത് ബീച്ച്, അരീക്കാട്, മോഡേണ്‍ ബസാര്‍, മാങ്കാവ്, ബീച്ച് ആശുപത്രി പരിസരം എന്നിവിടങ്ങളിലായി 18 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. അഞ്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ക്ലോക്ക് ടവര്‍ റസ്‌റ്റോറന്റ് കാരപ്പറമ്പ്, ഹോട്ട് ബണ്‍സ് കാരപ്പറമ്പ്, കാലിക്കറ്റ് ബേക്കേഴ്‌സ് ആന്‍ഡ് കേക്ക്‌സ് ഈസ്റ്റ് ഹില്‍, മമ്മാസ് ആന്‍ഡ് പപ്പാസ് ബീച്ച്, ട്രീറ്റ് ഹോട്ട് ആന്‍ഡ് കൂള്‍ അരീക്കാട് എന്നീ സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്.ഇതില്‍ വളരെ മോശമായ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന മമ്മാസ് ആന്‍ഡ് പപ്പാസ് ആണ് താത്കാലികമായി അടച്ചുപൂട്ടിയത്. പരിശോധന നടത്തിയ ഹോട്ട് ബണ്‍സ് കാരപ്പറമ്പ്, പപ്പാസ് ആന്‍ഡ് മമ്മാസ് ബീച്ച് എന്നിവിടങ്ങളില്‍ നിന്നാണ് 35 കിലോഗ്രാം പഴകിയതും ഉപയോഗ യോഗ്യമല്ലാത്തതും എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞതുമായ മാംസം സംഘം പിടിച്ചെടുത്തത്.
 

Latest News