കേരളത്തില്‍ ഭൂമിയുടെ രേഖകള്‍  ആധാറുമായി ബന്ധിപ്പിക്കല്‍ ഉടന്‍

തിരുവനന്തപുരം- ഭൂമിയുടെ ഉടമസ്ഥാവകാശം ആധാറുമായി ബന്ധിപ്പിക്കുന്ന ജോലികള്‍ ഉടന്‍ തുടങ്ങും. എല്ലാ ഭൂ ഉടമകള്‍ക്കും ആധാര്‍ അധിഷ്ഠിത ഒറ്റ തണ്ടപ്പേര്‍ (യുണീക്) നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒരാളിന്റെ ഉടമസ്ഥതയിലുള്ള ഓരോ ഭൂമിക്കും വ്യത്യസ്ത തണ്ടപ്പേര്‍ എന്ന നിലവിലെ സംവിധാനം മാറും. ഒരു ഭൂ ഉടമയ്ക്ക് ഒരു തണ്ടപ്പേര്‍ മാത്രമാകുകയും അയാളുടെ എല്ലാ ഭൂമിയും ഈ തണ്ടപ്പേരിനുകീഴില്‍ വരുകയും ചെയ്യും. 12 അക്കമുള്ളതാണ് പുതിയ തണ്ടപ്പേര്‍.
ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ച രീതിയിലാകും പദ്ധതി നടപ്പാക്കുക. ഇതിനായി വിശദമായ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും. റവന്യൂവകുപ്പിന്റെ 'റെലിസ്' (റവന്യൂ ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) സോഫ്റ്റ്‌വേറുമായി ഭൂ ഉടമയുടെ ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കാനാണ് പരിപാടി. 30,000 മുതല്‍ 60,000 വരെ തണ്ടപ്പേരുകളുള്ള വില്ലേജ് ഓഫീസുകള്‍ കേരളത്തിലുണ്ട്. സംസ്ഥാനത്താകെ നിലവില്‍ രണ്ടുകോടിയിലേറെ തണ്ടപ്പേരാണ് ഉള്ളത്. ഇതില്‍ ഭൂമി വിറ്റൊഴിഞ്ഞ ശൂന്യ തണ്ടപ്പേരുകളും ഉള്‍പ്പെടും. ആധാറുമായി ബന്ധിപ്പിച്ചുകഴിയുമ്പോള്‍ ഇത് ഒരു കോടിയില്‍ താഴെയെത്തുമെന്നാണ് കണക്കാക്കുന്നത്.
വ്യത്യസ്ത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഭൂമി വാങ്ങുന്ന രീതി ഇതോടെ അവസാനിക്കും. ഒരാള്‍ക്ക് എത്രയിടങ്ങളില്‍ ഭൂമിയുണ്ടെങ്കിലും ഇനി ഒരു കരമടച്ച രസീത് മാത്രമേ ഉണ്ടാകൂ. ഒരാള്‍ക്ക് കേരളത്തില്‍ എത്ര ഭൂമിയുണ്ടെന്ന് ഒറ്റ ക്ലിക്കില്‍ കണ്ടെത്താനും കഴിയും. പദ്ധതിയുടെ ഉദ്ഘാടനം 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കല്‍പ്പറ്റയില്‍ നിര്‍വഹിക്കും. ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ ട്രയല്‍ റണ്‍ പൂര്‍ത്തിയായി.
ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് റവന്യൂവകുപ്പിന്റെ 'റെലിസ്' പോര്‍ട്ടലില്‍ കയറി ഒറ്റ തണ്ടപ്പേര്‍ നേടാം. ആധാര്‍ നമ്പര്‍ കൊടുക്കുമ്പോള്‍ ഫോണില്‍ ഒ.ടി.പി. വരും. ഇതുപയോഗിച്ച് പോര്‍ട്ടലില്‍ ഭൂമിയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തണം. ഇത് പരിശോധനയ്ക്കായി ഓണ്‍ലൈന്‍ വഴി വില്ലേജ് ഓഫീസിലേക്ക് പോകും. വില്ലേജ് ഓഫീസര്‍ പരിശോധിച്ച് 12 അക്ക തണ്ടപ്പേര്‍ നമ്പര്‍ നല്‍കും. ഇതേ മാതൃകയില്‍ ഈ തണ്ടപ്പേരിലേക്ക് അതേയാളിന്റെ പേരിലുള്ള മറ്റ് ഭൂമികളുടെ വിവരങ്ങളും ഉള്‍പ്പെടുത്താം. രണ്ടാളുടെ പേരിലുള്ള ഭൂമിക്ക് മറ്റൊരു തണ്ടപ്പേരാകും ലഭിക്കുക (കൂട്ടു തണ്ടപ്പേര്‍). പദ്ധതി പൂര്‍ത്തിയായിക്കഴിഞ്ഞ്, ഒരു ആധാര്‍ നമ്പര്‍ പോര്‍ട്ടലില്‍ നല്‍കിയാല്‍ ഒരാളുടെ പേരിലുള്ള ഭൂമിയുടെ പൂര്‍ണ വിവരങ്ങള്‍ ലഭിക്കും
 

Latest News