Sorry, you need to enable JavaScript to visit this website.

ജിദ്ദ ഇന്ത്യൻ സ്‌കൂളിൽ പ്രവേശന ഫീസ് വീണ്ടും വർധിപ്പിച്ചു

ജിദ്ദ- ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ പ്രവേശന ഫീസ് വീണ്ടും വർധിപ്പിച്ചു. 500 റിയാലിന്റെ വർധനയാണ് വരുത്തിയിട്ടുള്ളത്. ട്യൂഷൻ ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം താമസിയാതെ നടപ്പിലാക്കാൻ ഇരിക്കെയാണ് മുന്നറിയിപ്പൊന്നുമില്ലാതെ പ്രവേശന ഫീസിൽ വർധന വരുത്തിയത്. 
പ്രവേശന നടപടികൾ ആരംഭിച്ചിട്ട് ഒരു മാസത്തോളമായെങ്കിലും വർധന കഴിഞ്ഞ ദിവസം മുതലാണ് തുടങ്ങിയത്. ഇതിനകം പ്രവേശനം നേടിയവരിൽനിന്ന് വർധിപ്പിച്ച തുക ഈടാക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്. 
ഫീസ് എല്ലാം അടച്ച് കുട്ടികളെ ചേർത്തവരിൽനിന്ന് ഇപ്പോൾ വർധിപ്പിച്ച അധിക തുക എങ്ങനെ ഈടാക്കുമെന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. ഇതു സംബന്ധിച്ച നിർദേശങ്ങളൊന്നും രക്ഷിതാക്കൾക്ക് ലഭിച്ചിട്ടുമില്ല. 
കഴിഞ്ഞ വർഷവും 500 റിയാൽ പ്രവേശന ഫീസ് വർധിപ്പിച്ചിരുന്നു. ഇപ്പോൾ പ്രവേശന ഫീസ് ഇനത്തിൽ 1500 റിയാലാണ് നൽകേണ്ടത്. പുതിയ അധ്യയന വർഷത്തോടെ ട്യൂഷൻ ഫീസിൽ കുറഞ്ഞത് 60 റിയാലിന്റെയെങ്കിലും വർധനയുണ്ടാകുമെന്നാണ് സൂചന. സ്‌കൂൾ വിസയിലല്ലാതെയുള്ള അധ്യാപകരുടെ അജീർ രജിസ്‌ട്രേഷൻ ഇനത്തിൽ വരുന്ന അധിക ബാധ്യതയുടെ പേരിലാണ് ദമാം, റിയാദ് സ്‌കൂളൂകൾക്കു പിന്നാലെ ജിദ്ദ സ്‌കൂളിലും ഫീസ് വർധനക്കൊരുങ്ങുന്നത്. 
എന്നാൽ  അജീർ രജിസ്‌ട്രേഷന്റെ കാര്യത്തിൽ വ്യക്തത ഇനിയുമായിട്ടില്ല. ഇതു സംബന്ധിച്ച് പഠിക്കുന്നതിനും റിപ്പോർട്ട് സമർപ്പിക്കുന്നതിനും ഹയർ ബോർഡ് സമിതിയെ നിയമിച്ചിരുന്നുവെങ്കിലും സമിതി ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല. എങ്കിലും സ്‌കൂളുകൾ അജീറിന്റെ പേരിൽ ഫീസ് വർധന വരുത്തിക്കഴിഞ്ഞു. അജീർ രജിസ്‌ട്രേഷൻ ഫീസ് ഇനത്തിലുള്ള സാമ്പത്തിക ബാധ്യതകൾ മാത്രമല്ല, മറ്റു രീതിയിലുള്ള ചെലവുകളും വർധിച്ച സാഹചര്യത്തിലാണ് ഫീസ് വർധനയെന്നാണ് സ്‌കൂൾ അധികൃതർ നൽകുന്ന വിശദീകരണം. പലവിധ കാരണങ്ങളാൽ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം ഫീസ് വർധന അവരുടെ സാമ്പത്തിക ഭാരം വർധിപ്പിച്ചിരിക്കുകയാണ്.
ഒരു കുടുംബത്തിലെ രണ്ടിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ മൂന്നാമത്തെ കുട്ടിക്കു മുതൽ ലഭിച്ചിരുന്ന ഫീസ് ഇളവും കഴിഞ്ഞ വർഷം ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ നിർത്തലാക്കിയിരുന്നു. ഇതിനു പുറമെയായിരുന്നു പ്രവേശ ഫീസ് 500ൽനിന്ന് ആയിരം റിയാലായി വർധിപ്പിച്ചത്. അതാണിപ്പോൾ വീണ്ടും വർധിപ്പിച്ച് 1500 ആക്കിയത്.
 

Latest News