Sorry, you need to enable JavaScript to visit this website.

പശുക്കടത്ത് ആരോപിച്ച് രണ്ട് ആദിവാസി യുവാക്കളെ അടിച്ചുകൊന്നു

ഭോപ്പാല്‍- പശുക്കടത്ത് ആരോപിച്ച് മധ്യപ്രദേശില്‍ രണ്ട് ആദിവാസികളെ പശുസംരക്ഷകര്‍ കൊലപ്പെടുത്തി. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പോലീസ് പറഞ്ഞു. സിയോനി ജില്ലയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
ജില്ലയിലെ കുറൈ പോലീസ് സ്‌റ്റേഷന് കീഴിലുള്ള സിമരിയ ഗ്രാമത്തില്‍ പശുക്കടത്ത് നടക്കുന്നതായി ആരോപിച്ച് എത്തിയവരാണ് ഇവരെ മര്‍ദിച്ച് കൊലപ്പെടുത്തിയത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ആദിവാസികള്‍ ദേശീയപാത 44ല്‍ റോഡ് ഉപരോധിച്ചു. മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരവും മ അടുത്ത ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.  
കൊലപാതകത്തിനു പിന്നില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കുറൈയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ അര്‍ജുന്‍ മകോഡിയയും അനുയായികളും സ്ഥലത്തെത്തി റോഡ് ഉപരോധിച്ചത്  ഇരുവശങ്ങളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കിന് ഇടയാക്കി.
അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് ആവശ്യപ്പെട്ടു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എല്ലാവിധ സഹായവും നല്‍കണമെന്നും പരിക്കേറ്റ യുവാവിന്റെ ചികിത്സയ്ക്ക് സര്‍ക്കാര്‍ ചെലവില്‍ കൃത്യമായ ക്രമീകരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News