നിർഭാഗ്യവശാൽ ഈ വിഷയത്തിലും കാര്യമായ പ്രതികരണം സിനിമാ മേഖലയിൽ നിന്നോ സമൂഹത്തിൽ നിന്നോ ഉണ്ടാകുന്നില്ല. നടിയെ ആക്രമിച്ച വിഷയത്തിൽ ശക്തമായ നിലപാടു സ്വീകരിച്ചവരിൽ പലരും ഇക്കാര്യത്തിൽ നിശബ്ദരാണ്. നടിക്ക് കൺസെന്റുണ്ടായിരുന്നു എന്ന ധാരണയാണ് അതിന്റെ അന്തർധാര. സത്യത്തിൽ കൺസെന്റ് എന്നാൽ എന്താണ്, അല്ലെങ്കിൽ എന്തല്ല എന്നതിനെ കുറിച്ചുള്ള ധാരണയില്ലായ്മയാണ് അതിനുള്ള പ്രധാന കാരണം. പഴയ സിനിമകളിൽ കാണുന്ന പോലെയുള്ള ബലാൽസംഗങ്ങളാണ് ലൈംഗിക പീഡനം എന്നാണവർ ധരിച്ചുവെച്ചിരിക്കുന്നത്. കൺസെന്റില്ലാത്തതിനാൽ അവിടെ ബലപ്രയോഗം നടക്കുന്നു. ഇവിടെയതു നടക്കുന്നില്ലല്ലോ എന്നാണവരുടെ നിഷ്കളങ്കമെന്നു തോന്നുന്ന ചോദ്യം.
മലയാള സിനിമാ മേഖലയിൽ നിന്ന് വളരെ മോശപ്പെട്ട വാർത്തകളാണ് കുറെ കാലമായി പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഏറെ ഗ്ലാമർ നിലനിൽക്കുന്ന മേഖലയായതിനാൽ അതെല്ലാം വ്യാപകമായി ചർച്ച ചെയ്യപ്പെടുമെന്നതു ശരി. എന്നാൽ ഏറ്റവും ആധുനികമെന്നു വിശേഷിക്കപ്പെടുന്ന സിനിമാരംഗം ആധുനികകാലമൂല്യങ്ങൾ ഉൾക്കൊള്ളുന്നതിൽ മറ്റെല്ലാ മേഖലകളേക്കാൾ പുറകിലാണെന്നതാണ് യാഥാർത്ഥ്യം. ഒട്ടും തന്നെ ജനാധിപത്യവൽക്കരിക്കപ്പെടാത്ത, പ്രൊഫഷണൽ ആകാത്ത, ലിംഗനീതിയും സാമൂഹ്യനീതിയും നിലനിൽക്കാത്ത, ഫ്യൂഡൽ സങ്കൽപ്പങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞ ഒന്നാണ് സിനിമാരംഗം. അതിൽ തന്നെ പ്രബുദ്ധമെന്നും സാക്ഷരമെന്നും വിശേഷിക്കപ്പെടുന്ന കേരളം വളരെ പുറകിലാണ്. ഏതാനും വർഷം മുമ്പ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ സംഘടിച്ചതിനെ തുടർന്ന് ജോലിക്ക് കൂലി കൃത്യമായി കിട്ടിത്തുടങ്ങിയിട്ടുണ്ട് - തുല്ല്യജോലിക്ക് തുല്ല്യവേതനമല്ലെങ്കിലും. എന്നാലത് അതിൽ മാത്രമൊതുങ്ങുന്നു.
ഒരു തൊഴിലിടമെന്നു പറയുന്നതിനു പകരം തങ്ങളുടേത് ഒരു കുടുംബമാണെന്നാണ് സിനിമക്കാർ മിക്കപ്പോഴും പറയുന്നത്. മിക്കവാറും പുരുഷന്മാർ തന്നെ. അതുവഴി അറിഞ്ഞോ അറിയാതെയോ അവർ ആഗ്രഹിക്കുന്നത് കുടുംബങ്ങളെ പോലെ പുരുഷാധിപത്യവും അധികാരഘടനയും നിലനിർത്താനും അവിടെ നടക്കുന്ന ഏതനീതിയേയും കുടുംബമൂല്യങ്ങളുടെ പേരിൽ ന്യായീകരിക്കാനുമാണ്.
സിനിമാമേഖലയിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് എത്രയോ കൊല്ലം മുമ്പെ നാമെല്ലാം കേൾക്കാറുണ്ട്. നടികളുമായുള്ള ബന്ധങ്ങളുടെ പേരിൽ പല നായകനടന്മാർക്കും വീര ശൂര പരാക്രമികളുടെ മുഖമായിരുന്നു. സമൂഹത്തിന്റെ മറ്റു പല മേഖലകളിലും ലിംഗനീതിയുടെ ആശയങ്ങൾ വ്യാപകമായപ്പോഴും സിനിമാരംഗത്ത് അതിന്റെ അലയൊലികൾ ഉണ്ടായില്ല.
അതിന്റെ ആവശ്യമില്ലെന്നും അവിടെ അതൊക്കെ സ്വാഭാവികമാണെന്നുമായിരുന്നു പൊതുബോധം. എന്തിനേറെ, ഫെമിനിസ്റ്റ് സംഘടനകളുടെ അജണ്ടയിൽ പോലും നടികളുണ്ടായിരുന്നില്ല. അവരെല്ലാം ഏതോ ഉയർന്ന തലത്തിലുള്ളവരാണെന്നായിരുന്നു ഒരുപക്ഷെ ഫെമിനിസ്റ്റുകളും കരുതിയത്. നടികളിൽ ഭൂരിഭാഗവും അതെല്ലാം സിനിമയുടെ ഭാഗമെന്ന രീതിയിൽ തന്നെ കരുതി. യോജിക്കാൻ കഴിയാത്തവർ ആ രംഗം വിട്ടുപോയെന്നു മാത്രം.
സിനിമാരംഗത്തെ ഈ ദുരവസ്ഥ ചർച്ച ചെയ്യപ്പെടാൻ നടിക്കെതിരെ നടന്ന ലൈംഗികാതിക്രമം വേണ്ടിവന്നു എന്നതാണ് മറ്റൊരു ദുരന്തം. എന്തായാലും വൻകൊടുങ്കാറ്റാണ് ആ സംഭവം അഴിച്ചുവിട്ടത്. അതിലേറ്റവും പ്രധാനം സിനിമ തൊഴിലിടമാണ്, അവിടെ തൊഴിലിടവുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും അനിവാര്യമാണ് എന്നു പ്രഖ്യാപിച്ച് ലിംഗനീതി രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് കുറെ യുവനടികൾ രംഗത്തുവന്നതും വിമൻ ഇൻ സിനിമാ കളക്ടീവ് എന്ന സംഘടനക്കു രൂപം കൊടുത്തുമാണ്. സിനിമാ താരങ്ങളുടെ സംഘടനയായ എ എം എം എ അടക്കം മറ്റെല്ലാ സംഘടനകളും ഫലത്തിൽ കുറ്റാരോപിതനായ ദിലീപിനൊപ്പം നിന്നപ്പോഴാണ് ണഇഇ ക്ക് രൂപം കൊടുക്കാൻ അവർ നിർബന്ധിതരായത്.
പിന്നീടവർ നടത്തിയ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ പൊതുബോധത്തിൽ കാര്യമായ മാറ്റം വരുത്താൻ കാരണമായിട്ടുണ്ടെന്നതിൽ സംശയമില്ല. പലരും വ്യക്തിപരമായി വലിയ നഷ്ടങ്ങൾ സഹിച്ചാണ് അതിനു തയ്യാറായതെന്നതാണ് പ്രധാനം. ണഇഇയുടെ ശക്തമായ ആവശ്യത്തെ തുടർന്നാണ് സിനിമാരംഗത്തെ സ്ത്രീപീഡനങ്ങൾ പഠിക്കാൻ ഹേമ കമ്മീഷനെ നിയമിക്കാൻ സർക്കാർ തയ്യാറായത്.
നിർഭാഗ്യവശാൽ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാനും മറ്റു തൊഴിലിടങ്ങളെപോലെ ഇന്റേണൽ കമ്മിറ്റികൾ രൂപീകരിക്കാനും ഇനിയും പോരാടേണ്ട അവസ്ഥയിലാണ് ണഇഇ.
മറുവശത്ത് നടിയെ ആക്രമിച്ച കേസ് കോടതികളിൽ ഇഴയുകയാണ്. കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് ന്യായമായും സംശയിക്കാം. ലിംഗനീതിയെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന സർക്കാരും വനിതാജഡ്ജി നയിക്കുന്ന കോടതി പോലും സംശയത്തിന്റെ നിഴലിൽ തന്നെയാണ്.
അല്ലെങ്കിൽ കേസിന്റെ നിർണ്ണായക വേളയിൽ അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റുമായിരുന്നില്ലല്ലോ. കോടതിയിലിരിക്കുന്ന രേഖകൾ ദിലീപിന്റെ ഫോണിൽനിന്നു കണ്ടെടുത്തതടക്കം കോടതിയുടെ നടപടികളെ പ്രൊസിക്യൂഷൻ വിമർശിച്ചത് കഴിഞ്ഞ ദിവസമാണല്ലോ. ജഡ്ജിയെ മാറ്റണമെന്ന നടിയുടേയും പ്രൊസിക്യൂഷന്റേയും ആവശ്യം അംഗീകരിക്കപ്പെട്ടുമില്ല. ദിലീപിനു വേണ്ടി ഹാജരായ സീനിയർ വക്കീൽ സാക്ഷിമൊഴി മാറ്റാൻ ശ്രമിച്ചതിന്റെ തെളിവുകളും പുറത്തുവന്നു. നിരവധി സാക്ഷികൾ കൂറുമാറുകയും ചെയ്തു. കോടതിയിൽ വിചാരണക്കെത്തിയ ദിവസങ്ങളിൽ താനനുഭവിച്ച മാനസിക പീഡനങ്ങളെ കുറിച്ചും നടി പറഞ്ഞല്ലോ. ഈ രീതിയിലാണെങ്കിൽ കേസ് അട്ടിമറിക്കപ്പെടുമെന്ന ആശങ്ക സ്വാഭാവികമായും ഉയരാതിരിക്കില്ലല്ലോ. അങ്ങനെ വന്നാൽ അതു നൽകുന്ന സന്ദേശം വളരെ മോശപ്പെട്ട ഒന്നായിരിക്കും. മറുവശത്ത് ഇതെല്ലാം നടക്കുമ്പോഴും ചെറിയ പ്രതികരണങ്ങൾ മാത്രമേ സിനിമാ മേഖലയിൽ നിന്നുണ്ടാകുന്നുള്ളു. അതിലേറ്റവും പ്രധാനം കഴിഞ്ഞ ദിവസം നടൻ രവീന്ദ്രൻ നടത്തിയ സത്യഗ്രഹസമരമായിരുന്നു.
അതിനിടയിലാണ് പുതിയ പീഡനകഥ പുറത്തുവന്നിരിക്കുന്നത്. ഇതിലെ നായകൻ (?) നടനും നിർമ്മാതാവുമായ വിജയ് ബാബുവാണ്. നടിയുടെ കൺസെന്റോടെയാണ് ലൈംഗികബന്ധം നടന്നതെന്നാണ് അയാളുടെ വാദം. എന്നിട്ട് തന്നെ പ്രതിയാക്കുന്നതിലൂടെ താനാണ് ഇര എന്നവകാശപ്പെട്ട അയാൾ മുഴുവൻ നിയമസംവിധാനത്തേയും വെല്ലുവിളിച്ച് നടിയുടെ പേരു വിളിച്ചു പറയുകയും നിയമനടപടികൾക്ക് വിധേയനാകാൻ തയ്യാറാകാതെ സ്ഥലം വിടുകയും ചെയ്തിരിക്കുകയാണ്.
ലൈംഗിക ബന്ധമടക്കമുള്ള കാര്യങ്ങൾ അവരുടെ സ്വാതന്ത്ര്യമാണ്. അതിലിടപെടാൻ ആർക്കും അവകാശമില്ല. നിയമവിരുദ്ധവുമല്ല. ഇവിടെ പക്ഷെ നടന്നത് അതല്ല എന്നത് വ്യക്തം.
തൊഴിലവസര വാഗ്ദാനം മുതൽ മയക്കുമരുന്നും മദ്യവുമടക്കം കൺസെന്റിനായി ഉപയോഗിക്കപ്പെട്ടു എന്നത് വ്യക്തമാണ്. കുറ്റാരോപിതൻ ഒരു നിർമ്മാതാവാണെന്നതും അദ്ദേഹം നിർമ്മിച്ച ചിത്രത്തിൽ നടി അഭിനയിച്ചിട്ടുണ്ടെന്നതും ഇതുമായി കൂട്ടിവായിക്കണം. അപ്പോൾ ചിത്രം പകൽപോലെ വ്യക്തമാണ്.
തീർച്ചയായും ഇതിനൊരു മറുവശമുണ്ട്. തൊട്ടുമുകളിൽ സൂചിപ്പിച്ചപോലെ കേരളീയ സമൂഹത്തെ കാലഹരണപ്പെട്ട സദാചാരബോധത്തിലേക്ക് തിരിച്ചുകൊണ്ടുപോകാൻ ഈ സംഭവങ്ങൾ കാരണമാകുമോ എന്ന ചിലരെങ്കിലും ഉന്നയിക്കുന്ന ആശങ്കയാണത്.






