മലപ്പുറം ജില്ലയിൽ സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പ് അരങ്ങു തകർക്കുമ്പോൾ തന്നെയാണ് മുൻ ഇന്ത്യൻ താരം അനസ് എടത്തൊടിക ഒരു ജോലിക്ക് വേണ്ടി സംസ്ഥാന കായിക വകുപ്പു മന്ത്രിക്ക് നിവേദനം നൽകിയത്. 2016 മുതൽ 2020 വരെ ഇന്ത്യൻ ടീമിന് വേണ്ടി ഏഷ്യ കപ്പിലും ലോകകപ്പ് യോഗ്യതാ മൽസരങ്ങളിലും 2010 ൽ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫിയിലും കളിച്ച താരമാണ് കൊണ്ടോട്ടി സ്വദേശിയായ അനസ് എടതൊടിക. ഐ ലീഗ്, ഐ.എസ്.എൽ തുടങ്ങിയ ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ രംഗത്ത് 14 വർഷമായി സജീവ സാന്നിധ്യവുമാണ് താരം.പ്രൊഫഷണൽ ഫുട് ബോളിൽ പ്രശസ്തിയും പണവുമുണ്ടെങ്കിലും താരങ്ങളുടെ ഭാവി സുരക്ഷതമല്ല എന്നാണ് അനസ് എടത്തൊടികയുടെ നിവേദനം സമൂഹത്തോട് പറയുന്നത്. പുത്തൻ തലമുറ താരങ്ങളുടെ കുത്തൊഴുക്കിൽ അവസരങ്ങൾ എല്ലാകാലത്തേക്കും നില നിൽക്കണമെന്നില്ല. ഭാവിയിലേക്കായി ഒരു ജോലി എന്നത് ഏതൊരു താരത്തിന്റെയും സ്വപ്നമാണ്. അനസിന് ഇതുവരെ എന്തു കൊണ്ട് സർക്കാർ ജോലി നൽകിയില്ല എന്ന് അത്ഭുതപ്പെടുന്നവരുണ്ടാകും.
മുൻകാലങ്ങളിൽ മികവു തെളിയിച്ച മലയാളി താരങ്ങളെല്ലാം പൊതുമേഖലാ സ്ഥാപനങ്ങളിലോ സർക്കാർ വകുപ്പുകളിലോ ജോലി ലഭിച്ചവരാണ്.അനസിന്റെ ആവശ്യം സംസ്ഥാന സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുമെന്നാണ് കായിക പ്രേമികൾ പ്രതീക്ഷിക്കുന്നത്.
ഫുട്േബാൾ ഒരു കായിക വിനോദമെന്നതിനപ്പുറം ഒരു ജീവിതോപാധിയായി മാറുന്ന കാലമാണിത്.ഇത്തവണ സന്തോഷ് ട്രോഫി ഫുട്ബോളിലെ മികച്ച താരങ്ങളെ റാഞ്ചിയെടുക്കാൻ ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകളുടെ മാനേജ്മെന്റ് പ്രതിനിധികളും പരിശീലകരും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ എത്തിയിരുന്നു.
ഓരോ ടീമുകളിലെയും മികച്ച കളിക്കാരെ കണ്ടെത്താനും അടുത്ത സീസണിലേക്കായി തങ്ങളുടെ ക്ലബ്ബുകളുമായി കരാറുണ്ടാക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്.കേരള കാപ്റ്റൻ ജിജോ ജോസഫ്, സെമിയിൽ സൂപ്പർ സബ്ബായി ഇറങ്ങി അഞ്ചു ഗോളടിച്ച് താരമായ ജെസിൻ തുടങ്ങി കേരള ടീമിലെ ഒട്ടേറെ താരങ്ങൾക്കും സന്തോഷ് ട്രോഫി അവസരങ്ങളുടെയും പ്രശസ്തിയുടെയും സാമ്പത്തിക ഭദ്രതയുടെയും പുതിയ വാതായനങ്ങൾ തുറക്കുകയാണ്.
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്േബാളിന്റെ വരവോടെ മലബാർ മേഖലയിൽ നിന്നുള്ള ഒട്ടേറെ താരങ്ങളാണ് പ്രൊഫഷണൽ ഫുട്ബോളിന്റെ മൈതാനങ്ങളിൽ എത്തിയിട്ടുള്ളത്. കേരളത്തിലും പുറത്തുമുള്ള ടീമുകളിൽ അവർക്ക് അവസരങ്ങളൊരുങ്ങുന്നു.കാൽപന്തിനോടുള്ള അർപ്പണബോധം അവർക്ക് മുന്നിൽ അവസരങ്ങൾ തുറന്നു വെക്കുകയാണ്.
ലോകോത്തര ഫുട്ബോൾ മൽസരങ്ങൾ നിരന്തരം ടെലിവിഷനിലും യുട്യൂബിലും കണ്ട് ഫുട്േബാളിനെ പ്രണയിക്കുന്ന വലിയൊരു വിഭാഗം യുവാക്കൾ ഈ പ്രദേശത്ത് വളരുന്നുണ്ട്.അവരിൽ പലരും കളിക്കളത്തിലും മികവു തെളിയിക്കുന്നവരാണ്.വരാനിക്കുന്ന കാലങ്ങളിൽ കൂടുതൽ പ്രതിഭകളെ ദേശീയ മൽസര വേദികളിൽ കാണാനുമാകും.
അടക്കിഭരിക്കാൻ വന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻമാരെ ഫുട്ബോൾ കളിച്ച് ഞെട്ടിച്ച ഒരു ഭൂതകാലം മലപ്പുറത്തുകാർക്കുണ്ട്.
അവരുടെ പിൻതലമുറക്കാർ പാടങ്ങളിലും സ്കൂൾ ഗ്രൗണ്ടുകളിലും ജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടന്ന വിനോദമാണ് കാൽപന്തു കളി. ലോക ഫുട്ബോളിൽ പെലെ മുതൽ ക്രിസ്റ്റ്യാനോ റെണാൾഡോ വരെയുള്ള താരങ്ങളുടെ ജീവചരിത്രവും കേളീശൈലിയും മനഃപാഠമാക്കിയവരാണ് ഇവിടെയുള്ള പല കുട്ടികളും.മെസിയുടെ ചിത്രമുള്ള ബനിയനിട്ട്,കാലിൽ പന്തുരുട്ടി നീങ്ങുന്ന കുട്ടികളെ എവിടെയും കാണാം.
റോണാൾഡോ സ്റ്റൈലിൽ ഫ്രീക്കിക്കെടുത്ത് ഗോൾപോസ്റ്റിന്റെ മൂലയിലേക്ക് പന്ത് അടിച്ചു കയറ്റുന്ന കൊച്ചു വീരൻമാരുടെ വീഡിയോകൾ ഇന്ന് സോഷ്യൽമീഡിയയിൽ തരംഗമാണ്. ഫുട്ബോൾ ഇവിടെ ഒരു സംസ്കാരമായി മാറിയിരിക്കുന്നു.
സെവൻസ് ഫുട്ബോളാണ് മലബാറിന്റെ കാൽപന്ത് വളർച്ചയുടെ അടിസ്ഥാന ശില.അന്താരാഷ്ട്ര ഫുട്േബാൾ നിയമങ്ങളിൽ സെവൻസ് പരിഗണിക്കപ്പെടില്ലെങ്കിലും മലബാറിലെ യുവാക്കളെ പന്തിനോടടുപ്പിച്ചതിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റുകൾക്ക് വലിയ പങ്കുണ്ട്. വേനലധിക്കാലത്ത് കൊയ്ത്തൊഴിഞ്ഞ പാടങ്ങളിൽ പൊടിപാറിച്ച് ഓടുന്ന കളിക്കാരുടെ ചിത്രത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
അവിടെ നിന്ന് മലബാറിലെ ഫുട്ബോൾ ഏറെ മുന്നോട്ടു പോയി.ടൂർണമെന്റ് നടത്തിപ്പുകൾക്ക് ചിട്ടയോടെയുള്ള ക്രമീകരണങ്ങളായി.കളി രാത്രികളിലായി. ഗ്രൗണ്ടുകളിൽ ഫഌ്ലൈറ്റ് സംവിധാനങ്ങളായി.കുറെ കൂടി പുരോഗമിച്ച് ഇപ്പോൾ പഞ്ചായത്ത് പ്രദേശങ്ങളിൽ പോലും നാലും അഞ്ചും ടർഫ് ഗ്രൗണ്ടുകളുമായി.പ്രാദേശികമായി ഫുട്ബോൾ ക്ലബ്ബുകൾക്ക് പ്രൊഫഷണൽ സ്വഭാവം കൈവന്നു. ഇത്തരം ക്ലബ്ബുകൾ ദേശീയ തലത്തിലുള്ള ക്ലബ്ബുകളിലേക്ക് താരങ്ങൾക്ക് വളരാനുള്ള കളിത്തൊട്ടിലുകളായി.
സെവൻസ് ഫുട്ബോളിൽ നിന്ന് താരങ്ങൾക്ക് സീസണിൽ പണമേറെ ലഭിക്കുന്നുണ്ടെങ്കിലും ആരും അതൊരു കരിയറായി കണ്ടിരുന്നില്ല. മറ്റു ജോലികൾ ചെയ്യുന്നതിനിടയിൽ ഫുട്ബോൾ സീസൺ വരുമ്പോൾ രണ്ടോ മൂന്നോ മാസത്തേക്കുള്ള ടൂർണമെന്റ് കളിയെന്നതിനപ്പുറം അത് വളർന്നില്ല.പരീശീലനവും നാമമാത്രം.ജോലികഴിഞ്ഞ് വൈകുന്നേരങ്ങളിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതാണ് പ്രധാന പരിശീലനം.ശാസ്ത്രീയമായ പരിശീലന ക്ലാസുകളോ ക്യാമ്പുകളോ പലരുടെയും ഫുട്ബോൾ മികവിന് അടിസ്ഥാനമായിട്ടില്ല.എന്നിട്ടും ഗ്രാമങ്ങളിൽ നിന്ന് പ്രതിഭാധനരായ താരങ്ങൾ ഉയർന്നു വരുന്നു. ഫുട്േബാളിനോടുള്ള പ്രണയവും ആത്്മാർത്ഥതയുമാണ് അവരുടെ കൈമുതൽ.
ഗൾഫ് നാടുകളിലേക്ക് ടൂർണമെന്റ് കളിക്കാനായി മലബാർ ജില്ലകളിൽ നിന്ന് സെവൻസ് താരങ്ങളെ കൊണ്ടു പോകുന്നത് കുറെ കാലമായി ട്രെന്റാണ്. നാട്ടിലെ സെവൻസുകളിൽ മികവു പുലർത്തുന്ന താരങ്ങളെയാണ് വിമാനടിക്കറ്റും താമസവും ശമ്പളവും കൊടുത്ത് ഏതാനും ആഴ്ചകൾക്കായി ഗൾഫ് നാടുകളിലെത്തിക്കുന്നത്.
ദേശീയ തലത്തിൽ വിനോദമെന്നതിനപ്പുറം ഫുട്േബാൾ ഒരു പ്രൊഫഷനായി മാറികൊണ്ടിരിക്കുമ്പോൾ നാം തയ്യാറെടുപ്പുകളിൽ പുറകിലാണ്. മലയാളി താരങ്ങൾ ദേശീയ തലത്തിൽ ഡിമാന്റുള്ള താരങ്ങളായി മാറുന്നുണ്ട്. ക്രിക്കറ്റിനെ അപേക്ഷിച്ച് ഫുട്ബോളിൽ ഇത് കൂടുതലാണെന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. നിലവിലുള്ള താരങ്ങൾക്കും പുതിയ താരങ്ങൾക്കും പരിശീലനം നൽകുന്നതിന് സ്വകാര്യ മേഖലയിലാണ് കേരളത്തിൽ ഇപ്പോൾ ഫുട്േബാൾ അക്കാദമികൾ വരുന്നത്.ഇത്തരം പുതിയ മാറ്റങ്ങളോട് സർക്കാർ സ്വീകരിക്കുന്ന സമീപനം ഒട്ടും പുരോഗമനപരമല്ല.
ലക്ഷക്കണക്കിന് കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ ഫുട്ബോളിനോടുള്ള സമീപനത്തിൽ വലിയ മാറ്റമൊന്നമുണ്ടായിട്ടില്ല.ഡ്രിൽ പീരിയഡിന് ബെല്ലടിച്ചാൽ കളിക്കാൻ വിടുന്ന പഴയ രീതി തന്നെയാണ് ഇപ്പോഴുമുള്ളത്.
കുട്ടികൾ ആ പിരിയഡിൽ എന്ത് കളിക്കുന്നുവെന്നത് ഇപ്പോഴും കായികാധ്യാപകരുടെ പരിഗണനയിൽ വന്നിട്ടില്ല. അപൂർവ്വം ചില വിദ്യാലയങ്ങളിൽ ഫുട്േബാളിനോട് താൽപര്യമുള്ള അധ്യാപകർ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്.എന്നാൽ പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ ആ പരിശീലനം അപര്യാപ്തവുമാണ്.
കേരളത്തിലെ വിദ്യാഭ്യാസ ചട്ടങ്ങളിൽ കായിക പരിശീലനത്തിന് പ്രാധാന്യം നൽകുന്നുണ്ടെങ്കിലും അതൊന്നും വേണ്ടത്ര പ്രായോഗിക തലത്തിലെത്തുന്നില്ല.
ഒരു കരിയർ എന്ന നിലയിൽ ഫുട്േബാൾ രൂപാന്തരപ്പെടുമ്പോൾ വിദ്യാലയങ്ങളിൽ ഫുട്ബോളിനോടുള്ള സമീപനം മാറേണ്ടതുണ്ട്.ഒരു വിദ്യാലയത്തിൽ നിന്ന് ഒരു കുട്ടിയെയെങ്കിലും ചെറിയ പ്രായത്തിൽ മികച്ച പരിശീലനം നൽകി വളർത്തിയെടുക്കാൻ കഴിഞ്ഞാൽ കേരള ഫുട്ബോളിന് നേട്ടങ്ങളുടെ ഭാവിയിലേക്ക് വളരാനാകും.കൂടുതൽ താരങ്ങൾ വരുമ്പോൾ കൂടുതൽ ചാമ്പ്യൻഷിപ്പുകളുമുണ്ടാകും.കൂടുതൽ ചാമ്പ്യൻഷിപ്പുകൾ താരങ്ങൾക്ക് ഉയരങ്ങിളിലേക്കുള്ള ചവിട്ടുപടികളാകും.
സ്പോട്സ് കൗൺസിലുകളുടെ പ്രവർത്തനം ഈ രംഗത്ത് കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്. ജില്ലാ തലങ്ങളിൽ മാത്രമുള്ള സ്പോർട്സ് കൗൺസിലുകൾക്ക് ഗ്രാമീണ മേഖലയിലെ താരങ്ങളെ കണ്ടെത്തുന്നതിൽ പരിമിതികളേറെയുണ്ട്.പഞ്ചായത്ത് തലത്തിൽ സ്പോർട്സ് കൗൺസിലുകൾക്ക് രൂപം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപടികൾ ആരംഭിച്ചിട്ടില്ല.ഇത്തരം സംവിധാനങ്ങളെല്ലാം എത്രമാത്രം കാര്യക്ഷമമായി പ്രവർത്തിക്കുമെന്നതും സംശയമുയർത്തുന്നതാണ്. വിദ്യാലയങ്ങളിലെ കായിക പരിശീലനം കൂടുതൽ ഗൗരവതരമാക്കി മികവുറ്റ താരങ്ങളെ ഉയർത്തി കൊണ്ടു വരാനാണ് ശ്രദ്ധ പതിപ്പിക്കേണ്ടത്.സ്പോർട്സ് കൗൺസിൽ പോലുള്ള സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും വിദ്യാലയങ്ങളുമായി ചേർന്നാണ് മുന്നോട്ടു പോകേണ്ടത്.






