റാഞ്ചി- ജാര്‍ഖണ്ഡില്‍ മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച സ്വതന്ത്ര എം.എല്‍.എ സരയൂ റോയിക്കെതിരെ രഹസ്യ രേഖകള്‍ ചോര്‍ത്തി വെളിപ്പെടുത്തിയതിന് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ഔദ്യോഗിക രഹസ്യ നിയമപ്രകാരവുമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
രഹസ്യ രേഖകള്‍ ചോര്‍ത്തിയെന്നാരോപിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി വിജയ് വര്‍മയാണ് ജംഷഡ്പൂര്‍ ഈസ്റ്റ് എം.എല്‍.എക്കെതിരെ പരാതി നല്‍കിയതെന്ന് പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് രമേഷ് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കൂടുതല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ആരോഗ്യമന്ത്രി ബന്ന ഗുപ്ത ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും ആമമന്ത്രിയും പി.എയും ഉള്‍പ്പെടെ ആരോഗ്യവകുപ്പ് സെല്ലിലെ 60 ജീവനക്കാര്‍ക്ക് ഒരു മാസത്തെ അടിസ്ഥാന ശമ്പളത്തിന് തുല്യമായ കോവിഡ് ഇന്‍സെന്റീവ് വിതരണം ചെയ്തുവെന്നുമാണ് എം.എല്‍.എ ആരോപിച്ചിരുന്നത്.
എന്നാല്‍, ആരോപണങ്ങള്‍ വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് വിശേഷിപ്പിച്ച മന്ത്രി റോയി നിരുപാധികം പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതും വായിക്കുക
സര്‍ക്കാരിന് എഫ്‌ഐആര്‍ ഫയല്‍ ചെയ്യാനും അറസ്റ്റ് ചെയ്യാനുമൊക്കെ കഴിയുമെങ്കിലും എന്നാല്‍ താന്‍ പേടിച്ച് അഴിമതി പുറത്തുകൊണ്ടുവരുന്നതില്‍നിന്ന് മാറിനില്‍ക്കുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും എം.എല്‍.എ പറഞ്ഞു. 1982 മുതല്‍ അഴിമതിക്കെതിരെ പോരാടുന്നുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ ഔദ്യോഗിക പേപ്പറുകള്‍ എങ്ങനെ കണ്ടെത്തി എന്നതല്ല പ്രധാനമെന്നും ഈ പേപ്പറുകള്‍ ശരിയാണോ അല്ലയോ എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ബി.ജെ.പിയില്‍നിന്ന് രാജിവെച്ച സരയൂ റോയി 2019ല്‍ സ്വതന്ത്രനമായി മത്സരിച്ച് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി രഘുബര്‍ ദാസിനെയാണ് ജംഷഡ്പൂര്‍ ഈസ്റ്റ് സീറ്റില്‍ പരാജയപ്പെടുത്തിയത്.






