ഹിറ്റ്‌ലറില്‍ ജൂതരക്തം; റഷ്യന്‍ മന്ത്രിയുടെ പ്രസ്താവനയില്‍ ഇസ്രായേലില്‍ രോഷം

ജറൂസലം- നാസി നേതാവായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലറില്‍ ജൂതരക്തമുണ്ടെന്നറഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയില്‍ രോഷം പ്രകടിപ്പിച്ച് ഇസ്രായേല്‍.  
പ്രസിഡന്റ് യഹൂദനാണെങ്കിലും ഉക്രൈന് നാസി പട്ടം നല്‍കുന്നതിനെ ന്യായീകരിക്കാനാണ് റഷ്യന്‍ വിദേശ മന്ത്രി സെര്‍ജി ലാവ്‌റോവ് ഈ അഭിപ്രായപ്രകടനം നടത്തിയത്.
റഷ്യയുടെ അംബാസഡറെ വിളിച്ചുവരുത്തിയ ഇസ്രായേല്‍  വിശദീകരണം ചോദിക്കുകയും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇസ്രായേല്‍ കലണ്ടറിലെ ഏറ്റവും സവിശേഷ അവസരങ്ങളിലൊന്നായ ഹോളോകോസ്റ്റ് അനുസ്മരണ ദിനം ഇസ്രായേല്‍ ആചരിച്ചതിനു പിന്നാലെ ഞായറാഴ്ച ഇറ്റാലിയന്‍ ടിവി പ്രോഗ്രാമായ സോണ ബിയാങ്കയില്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു ലാവ്‌റോവിന്റെ പരാമര്‍ശം.  

പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി തന്നെ ജൂതനായിരിക്കെ, ഉക്രൈനെ നാസി മുക്തമാക്കാന്‍ പോരാടുകയാണെന്ന് റഷ്യയ്ക്ക് എങ്ങനെ അവകാശപ്പെടാന്‍ കഴിയുമെന്ന ചോദ്യത്തിനായിരുന്നു ലാവ്‌റോവിന്റെ മറുപടി. എനിക്ക് തെറ്റ് പറ്റാം, പക്ഷേ ഹിറ്റ്‌ലറിലും ജൂത രക്തമുണ്ടായിരുന്നു. സെലെന്‍സ്‌കി ജൂതനാണെന്ന് പറയുന്നതിലും കാര്യമില്ല. ജ്ഞാനികളായ യഹൂദന്മാര്‍ പറയുന്നത്, ഏറ്റവും കടുത്ത യഹൂദ വിരോധികള്‍ സാധാരണയായി ജൂതന്മാരാണെന്നാണ്- അദ്ദേഹം പറഞ്ഞു.
റഷ്യന്‍ മന്ത്രിയുടെ പ്രസ്താവന ഇസ്രയേലിന്റെ രാഷ്ട്രീയ രംഗത്ത്  വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്.
ഇത്തരം നുണകള്‍ ചരിത്രത്തിലെ ഏറ്റവും ഭീകരമായ കുറ്റകൃത്യങ്ങള്‍ക്ക് ജൂതന്മാരെ തന്നെ കുറ്റപ്പെടുത്താനും അങ്ങനെ ജൂതന്മാരെ അടിച്ചമര്‍ത്തുന്നവരെ വെള്ള പൂശാനാണെന്നുമാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞത്.
ലാവ്‌റോവിന്റെ വാക്കുകള്‍ ഒരിക്കലും ക്ഷമിക്കാവുന്നതല്ലെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യെയര്‍ ലാപിഡ് പറഞ്ഞു.
ഇസ്രയേലിലെ യാദ് വാഷേം ഹോളോകോസ്റ്റ് സ്മാരകത്തിന്റെ തലവന്‍ ഡാനി ദയാനും ലാവ്‌റോവിനെ അപലപിച്ചു.

 

Latest News