Sorry, you need to enable JavaScript to visit this website.

വാട്ടർ ടാങ്കിൽ വീണു മരിച്ച ഹംസയുടെ  കുടുംബത്തിന് കെ.എം.സി.സി ക്വാർട്ടേഴ്‌സ് 

ജിദ്ദ കെ.എം.സി.സി നിർമിച്ചു നൽകിയ ക്വാർട്ടേഴ്‌സ്.

താക്കോൽ നാളെ സാദിഖലി തങ്ങൾ കൈമാറും

ജിദ്ദ- വാട്ടർ ടാങ്കിൽ വീണു മരിച്ച പ്രവാസിയുടെ കുടുംബത്തിന് നിത്യവരുമാനത്തിനായി ജിദ്ദ കെ.എം.സി.സി വീടിനടുത്ത് ക്വാർട്ടേഴ്‌സ് നിർമിച്ചു നൽകി. ജിദ്ദയിൽ 600 റിയാൽ ശമ്പളത്തിന് വീട്ടുവേല ചെയ്യുകയായിരുന്ന ചേളാരി ദേവതിയാൽ സ്വദേശി ഹംസ അബദ്ധത്തിൽ വാട്ടർ ടാങ്കിൽ വീണ് മരിക്കുകയായിരുന്നു.
രണ്ടു പെൺമക്കളുടെ വിവാഹ നിശ്ചയം കഴിഞ്ഞ തൊട്ടടുത്ത ദിവസമാണ് ഹംസയുടെ ദാരുണമായ മരണം സംഭവിച്ചത്. ഹംസയുടെ മരണാനന്തര കർമങ്ങൾക്ക് നേതൃത്വം നൽകിയ ജിദ്ദ കെ.എം.സി.സി മയ്യിത്ത് ഖബറടക്കിയ ശേഷം ഹംസയുടെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയുടെ ഉത്തരവാദിത്തം പൂർണമായും ഏറ്റെടുക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.
ജീവിച്ചിരിക്കുമ്പോൾ ഹംസ തീരുമാനിച്ച രണ്ട് മക്കളുടെയും വിവാഹം 30 പവൻ സ്വർണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും വിവാഹ സൽക്കാരത്തിന്റെ മുഴുവൻ ചെലവും നൽകി ജിദ്ദ കെ.എം.സി.സി രണ്ട് വർഷം മുമ്പ് തന്നെ നടത്തി കൊടുത്തു. പിന്നീട് ഹംസയുടെ വീടിന് സമീപത്ത് 20 ലക്ഷം രൂപ വില കൊടുത്ത് 13 സെന്റ് ഭൂമി വാങ്ങി ഹംസയുടെ ഭാര്യയുടെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകി. ആദരണീയനായ മർഹൂം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് അന്ന് ഹംസയുടെ കുടുംബത്തിന് ഈ സ്ഥലത്തിന്റെ ആധാരം കൈമാറിയത്. 
വിധവയായ ഈ സഹോദരിക്ക് ഒരു നിത്യവരുമാന മാർഗം എന്ന ലക്ഷ്യം മുൻനിർത്തി വാങ്ങിയ ഭൂമിയിൽ 13 ലക്ഷത്തോളം രൂപ മുടക്കി ക്വാർട്ടേഴ്‌സ് പണിതു. ഇതിനിടയിൽ ഹംസയുടെ കുടുംബത്തിന്റെ മറ്റു ദൈനംദിന കാര്യങ്ങൾക്കായുള്ള പണം നൽകിയതും ജിദ്ദ കെ.എം.സി.സിയാണ്.
മെയ് 4ന് ബുധൻ (രണ്ടാം പെരുന്നാളിന്) 3 മണിക്ക്
ചേളാരിയിലെ ശിഹാബ് തങ്ങൾ ഭവനിൽ (ലീഗ് ഓഫീസ് ഓഡിറ്റോറിയം) നടക്കുന്ന ചടങ്ങിൽ വെച്ച് സംസ്ഥാന മുസ്‌ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ക്വാർട്ടേഴ്സിന്റ താക്കോൽ ഹംസയുടെ കുടുംബത്തിന് കൈമാറും. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, പി.അബ്ദുൽ ഹമീദ് മാസ്റ്റർ, കെ.പി.മുഹമ്മദ്കുട്ടി, എം.എ ഖാദർ, ഡോ. വി.പി.അബ്ദുൽ ഹമീദ് മാസ്റ്റർ, എ.പി. ഇബ്രാഹിം മുഹമ്മദ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. 
കാഴ്ചക്കുറവും ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിട്ടും കുടുംബം പോറ്റാൻ 600 റിയാൽ ശമ്പളത്തിന് മരുഭൂമിയിൽ കഷ്ടപ്പെട്ട ഈ പ്രവാസി ഹതഭാഗ്യന്റെ ആഗ്രഹങ്ങൾ കെ.എം.സി.സി പൂർത്തിയാക്കുകയാണ്. നാട്ടിലുള്ള മുഴുവൻ കെ.എം.സി.സി പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കണമെന്ന് ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര അഭ്യർഥിച്ചു.
 

Tags

Latest News