Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒരു കോടി യാത്രക്കാർ;   സിയാലിന് സ്വപ്‌ന നേട്ടം

സിയാൽ യാത്രക്കാരുടെ എണ്ണം ഒരു കോടി തികച്ച യാത്രക്കാരൻ അനിൽ കൃഷ്ണന് എം.ഡി വി.ജെ. കുര്യൻ ഉപഹാരം നൽകുന്നു.

നെടുമ്പാശേരി- കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് ചരിത്ര നേട്ടം. 2017-18 സാമ്പത്തിക വർഷത്തിൽ കൊച്ചി വിമാനത്താവളം വഴി  കടന്നുപോയ യാത്രക്കാരുടെ എണ്ണം ഒരു കോടി കവിഞ്ഞു. സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്ന് ദിവസം ബാക്കിയിരിക്കേയാണ് സിയാൽ ഈ നേട്ടം കൈവരിച്ചത്. സിയാലിന്റെ 19 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഒരു സാമ്പത്തിക വർഷം ഒരു കോടി യാത്രക്കാർ വിമാനത്താവളമുപയോഗിക്കുന്നത്. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങൾ ഈ സാമ്പത്തിക വർഷം കൈകാര്യം ചെയ്തത് 1.7 കോടിയോളം യാത്രക്കാരെയാണ്. 
ബുധനാഴ്ച ഉച്ചയ്ക്ക് 12.20 ന് ചെന്നൈയിൽ നിന്നെത്തിയ  ഇൻഡിഗോ വിമാനത്തിൽ നിന്നുള്ള 175 യാത്രക്കാർ കൊച്ചി വിമാനത്താവളത്തിലെത്തിയതോടെയാണ് സിയാൽ, ഒരു കോടി യാത്രക്കാർ എന്ന നേട്ടം സ്വന്തമാക്കിയത്. ഒരു കോടി  തൊട്ട യാത്രക്കാരുടെ  പ്രതിനിധിയെ സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ സ്വീകരിച്ചു. യാത്രക്കാരോടുള്ള സിയാലിന്റെ കടപ്പാടിന്റെ മുദ്രയായി ഒരു പവൻ സ്വർണ നാണയം സമ്മാനിച്ചു. ഇൻഡിഗോ എയർപോർട്ട് മാനേജർ റോബി ജോണിന് സിയാൽ മാനേജിങ് ഡയറക്ടർ ഉപഹാരം നൽകി. 
 2016-17 സാമ്പത്തിക വർഷം 89.41 ലക്ഷം യാത്രക്കാരാണ് സിയാലിലൂടെ കടന്നുപോയത്. 2017-18- മാർച്ച് 28 ന് യാത്രക്കാരുടെ  എണ്ണം  ഒരു കോടി കവിഞ്ഞു. ശേഷിക്കുന്ന മൂന്നു ദിവസത്തെ കണക്ക് മാറ്റിനിർത്തിയാൽ 11 ശതമാനമാനത്തോളമാണ് ട്രാഫിക്കിലെ മൊത്ത വളർച്ച. ഈ  സാമ്പത്തിക വർഷം ഇതുവരെ സിയാൽ കൈകാര്യം ചെയ്ത ആഭ്യന്തര യാത്രക്കാരുടെ എണ്ണം 48.43 ലക്ഷമാണ്. 2016-17 ൽ  ഇത് 39.42 ലക്ഷമായിരുന്നു. 23 ശതമാനമാണ് ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വളർച്ച. 2016-17 സാമ്പത്തിക വർഷത്തിൽ 49.98 ലക്ഷം രാജ്യാന്തര യാത്രക്കാർ സിയാൽ വഴി കടന്നുപോയി. 2017-18 ഇതുവരെ അത് 51.64 ലക്ഷമായി മാറിയിട്ടുണ്ട്. വളർച്ചാ നിരക്ക് നാല് ശതമാനം. വിമാന സർവീസുകളുടെ എണ്ണത്തിലും  സിയാൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 
2016-17 ൽ   62,827 എയർക്രാഫ്റ്റ് മൂവ്‌മെന്റ് (ടേക്ക് ഓഫ്, ലാൻഡിങ് മൊത്തം സംഖ്യ) രേഖപ്പെടുത്തിയ സ്ഥാനത്ത് ഈ സാമ്പത്തിക വർഷം ഇതുവരെ 68,891 ആയി ഉയർന്നു. 13 ശതമാനമാണ് ഇക്കാര്യത്തിലെ വളർച്ച. 25 എയർലൈനുകൾ സിയാലിൽ നിന്ന് സർവീസ് നടത്തുന്നു. ഗൾഫ് മേഖലയിലെ മിക്ക രാജ്യങ്ങളിലേയ്ക്കും കൊച്ചിയിൽ നിന്ന് നേരിട്ട് സർവീസുകളുണ്ട്. സിംഗപ്പൂർ, ക്വലാലംപൂർ, ബാങ്കോക്ക് എന്നി പൂർവേഷ്യൻ രാജ്യങ്ങളിലേയ്ക്ക് പ്രതിദിനം ശരാശരി മൂന്നുവീതം വിമാനങ്ങൾ സർവീസ് നടത്തുന്നു. നിലവിലെ ശീതകാല ഷെഡ്യൂൾ പ്രകാരം പ്രതിവാരം ദൽഹിയിലേയ്ക്ക് 95, ബാംഗ്ലൂരിലേയ്ക്ക് 71, മുംബൈയിലേയ്ക്ക് 68 എന്നിങ്ങനെയാണ് സിയാലിൽ നിന്നുള്ള ആഭ്യന്തര സർവീസുകൾ. അഹമ്മദാബാദ്, ജയ്പൂർ,പൂനെ, ഹൈദരാബാദ് എന്നിവയുൾപ്പെടെ പ്രധാന വിമാനത്താവളങ്ങളിലേയ്‌ക്കെല്ലാം സിയാലിൽ നിന്ന് നേരിട്ടുള്ള സർവീസുകളുണ്ട്. രാജ്യത്ത് മൊത്തം  യാത്രക്കാരുടെ എണ്ണത്തിൽ ഏഴാം സ്ഥാനവും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ നാലാംസ്ഥാനവും സിയാലിനുണ്ട്. 
ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ വൻ പുരോഗതിയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. പ്രതിവർഷം 10 കോടി യാത്രക്കാർ ഇന്ത്യയിൽ ആഭ്യന്തര വിമാനയാത്ര നടത്തുന്നു. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വൻ വളർച്ച ഉൾക്കൊള്ളാൻ സിയാൽ സജ്ജമാകുന്നതായി മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ പത്രസമ്മേളനത്തിൽ പറഞ്ഞു. നാലു വർഷം കൊണ്ട് ഇരട്ടിക്കുന്ന വിധത്തിലാണ് ആഭ്യന്തര ട്രാഫിക്കിൽ രാജ്യത്തുണ്ടാകുന്ന വർധനവ്. നിലവിൽ 480 വിമാനങ്ങൾ ഇന്ത്യൻ എയർലൈൻ കമ്പനികൾക്കു വേണ്ടി സർവീസ് നടത്തുന്നു. അടുത്ത പത്തു വർഷത്തിനുള്ളിൽ  1080 പുതിയ വിമാനങ്ങൾ കൂടി എത്തുന്നുണ്ട്. വ്യോമയാന രംഗത്തുണ്ടാകുന്ന ഈ വളർച്ച ഉൾക്കൊള്ളണമെങ്കിൽ ഇന്ത്യയിലെ വിമാനത്താവളങ്ങൾ നിരന്തരം നവീകരിക്കപ്പെടണം.  ഇക്കാര്യത്തിൽ സിയാൽ ഏറെ മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ട്. ആറു ലക്ഷം ചതരുശ്രയടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്ന ഒന്നാം ടെർമിനൽ മെയ് മാസത്തോടെ ആഭ്യന്തര സർവീസിനായി തുറന്നുകൊടുക്കും. മണിക്കൂറിൽ 4000 യാത്രക്കാരെ കൈകാര്യം ചെയ്യാൻ ഈ ടെർമിനലിന് ശേഷിയുണ്ടാകും' -കുര്യൻ പറഞ്ഞു. 
എയർപോർട്ട് ഡയറക്ടർ എ.സി.കെ.നായർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ എ.എം.ഷബീർ, ചീഫ് ഫിനാഷ്യൽ ഓഫീസർ സുനിൽ ചാക്കോ തുടങ്ങിയവർ പത്രസമ്മേളനത്തിൽ  പങ്കെടുത്തു.


 

Latest News