കോട്ടയം- വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോര്‍ജിന് ചൊവ്വാഴ്ച്ച കോട്ടയത്തു നല്‍കുന്ന സ്വീകരണത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുഖ്യാതിഥിയാകുമെന്ന് സൂചന. സ്വീകരണ സമ്മേളനം തിരുനക്കരയിലാണ് തീരുമാനിച്ചിരുന്നതെങ്കിലും പോലീസ് അനുമതി നിഷേധിച്ചതോടെ അത് മറ്റൊരു സ്ഥലത്തേക്കു മാറ്റുകയാണ്. കത്തോലിക്ക സഭയുമായി ബന്ധമുളള ദര്‍ശന ഓഡിറ്റോറിയത്തിലേക്ക് സ്വീകരണം മാറ്റാനാണ് പരിപാടി. അതേ സമയം ജോര്‍ജിന്റെ ചടങ്ങിന് പോലീസ് അനുമതി നല്‍കുമോ എന്നറിയില്ല.
പി.സി ജോര്‍ജിനു സ്വീകരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ട്.എന്നാല്‍ ചടങ്ങില്‍ ആരൊക്കെ പങ്കെടുക്കുമെന്ന് വ്യക്തതയില്ലായിരുന്നു. രാത്രി വൈകിയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പങ്കെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്. കന്യാസ്ത്രീ പീഡന കേസില്‍ കുറ്റാരോപിതനായിരുന്ന ബിഷപ്പിനെ കോട്ടയത്തെ പ്രത്യേക കോടതി വെറുതെ വിട്ടിരുന്നു. ഈ കേസില്‍ അപ്പീലിനുളള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. കേസില്‍ ബിഷപ്പിന് അനുകൂലമായ നിലപാടാണ് പി.സി ജോര്‍ജ് തുടക്കം മുതല്‍ സ്വീകരിച്ചിരുന്നത്. വൈകുന്നേരം അഞ്ചു മണിക്കാണ് പരിപാടി.