കാംഗ്ര- ഹിമാചല്‍ പ്രദേശില്‍ ഉടന്‍ തന്നെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ജയറാം താക്കൂര്‍. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കാംഗ്രയിലെത്തിയ താക്കൂറിന് വിമാനത്താവളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ഊഷ്മള വരവേല്‍പ് നല്‍കി.
ഹിമാചലിലെ സ്ഥിതി മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമാണെന്നും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് മുസ്ലിം സമൂഹത്തെ ദോഷകരമായി ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും പ്രത്യേകിച്ച് മുസ്ലീം സ്ത്രീകള്‍ ഈ നടപടിയെ സ്വാഗതം ചെയ്യുമെന്ന് കരുതുന്നുവെന്നും അവര്‍ക്ക് ആരോഗ്യകരമായ കുടുംബജീവിതം ഉണ്ടാകുമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങള്‍ ഏക സിവില്‍ കോഡ് വിഷയം ഉയര്‍ത്തിക്കൊണ്ടുവരന്നുണ്ട്.
മുസ്ലിം സ്ത്രീകളുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഏക സിവില്‍ കോഡ് നടപ്പാക്കുന്നതെന്നും അല്ലാത്തപക്ഷം ബഹുഭാര്യത്വം നിലനില്‍ക്കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
സംസ്ഥാനത്തിന്റെ ഏകീകൃത സിവില്‍ കോഡ് വികസിപ്പിക്കുന്നതിന് ഉന്നതാധികാര വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഏകീകൃത സിവില്‍ കോഡിനായുള്ള ആവശ്യം ന്യൂനപക്ഷ വിരുദ്ധ നീക്കമാണെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ഓള്‍ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് (എഐഎംപിഎല്‍ബി) ആരോപിക്കുന്നു.
വിലക്കയറ്റത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, കേന്ദ്ര സര്‍ക്കാരുകള്‍ ഏക സിവില്‍ കോഡ് വിവാദം ഉപയോഗിക്കുന്നതെന്ന് വ്യക്തി നിയമ ബോര്‍ഡ് ആരോപിച്ചു.