ആള്‍ടോ കാറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്‍

ചെറുപുഴ- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വലയില്‍ വീഴ്ത്തി പീഡിപ്പിച്ച യുവാവ്  അറസ്റ്റില്‍. പ്രാപൊയില്‍ സ്വദേശിയും ആലക്കോട് പരപ്പയില്‍ താമസക്കാരനുമായ കൊച്ചുചിറയില്‍ ജിതിന്‍ രാജിനെയാണ് ( 22) ചെറുപുഴ സി.ഐ, കെ.എ.ബോസ്  അറസ്റ്റ് ചെയ്തത്.
ചെറുപുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് യുവാവ് പീഡിപ്പിച്ചത്. നേരത്തെ കോഴിച്ചാലില്‍ ഇറച്ചി കടയില്‍ ജീവനക്കാരനായിരുന്നു യുവാവ്. ഈ സമയയത്താണ് പ്രണയം നടിച്ച് പെണ്‍കുട്ടിയെ വലയില്‍ വീഴ്ത്തിയത്. കഴിഞ്ഞ ജനുവരിയില്‍ ആള്‍ട്ടോ കാറില്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയി വാഹനത്തില്‍ വെച്ച് തന്നെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ജിതിന്‍ രാജ് ആലക്കോട് പരപ്പയിലേക്ക് താമസം മാറി. തുടര്‍ന്നാണ് പെണ്‍കുട്ടി അമ്മയോട് പീഡനവിവരം പറഞ്ഞത്.  ഇവര്‍ വിവരം സ്‌കൂളധികൃതരെ അറിയിച്ചു. സ്‌കൂള്‍ അകൃതരാണ് പോലീസില്‍ വിവരം അറിയിച്ചത്. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത പോലീസ് കഴിഞ്ഞ ദിവസം യുവാവിനെ പിടികൂടാന്‍ പരപ്പയിലെത്തിയിരുന്നു. ഇതോടെ യുവാവ് പ്രാപ്പൊയിലിലേക്ക് മുങ്ങി. ഇവിടെയുള്ള എയ്യന്‍കല്ല് മലയില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ ഒരു മരത്തിന് മുകളില്‍ കയറിയാണ് രക്ഷപ്പെട്ടത്.  മരത്തില്‍ നിന്നിറങ്ങിയ ഇയാള്‍ പ്രദേശത്തെ ആള്‍ താമസമില്ലാത്ത ഇടിഞ്ഞു പൊളിഞ്ഞ വീട്ടിലാണ് പിന്നീട് ഒളിച്ചത്. എന്നാല്‍ വേഷം മാറി വീണ്ടും സ്ഥലത്തെത്തിയ പോലീസ് യുവാവിനെ പിടികൂടുകയായിരുന്നു.

 

Latest News