തിരുവനന്തപുരം- വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പോലീസ് കോടതിയിലേക്ക്. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാളെ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് സൂചന.
സര്‍ക്കാര്‍ വാദം കേള്‍ക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നത കാര്യം ഹരജിയില്‍ ഉന്നയിക്കും. ഹിന്ദു മഹാസമ്മേളന വേദിയില്‍ സദസിനെ അഭിസംബോധന ചെയ്യവെയാണ് വിവാദ പരാമര്‍ശങ്ങള്‍ പി.സി ജോര്‍ജ് നടത്തിയത്. ജാമ്യം ലഭിച്ച ജോര്‍ജ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചോയെന്ന് പോലീസ് പരിശോധിക്കും.
ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെങ്കിലും ഉപാധികളോടെ കോടതി ജോര്‍ജിന് ജാമ്യം നല്‍കിയിരുന്നു. കസ്റ്റഡിയിലെടുത്ത പി.സി.ജോര്‍ജിനെ ഒരു ദിവസം പോലും പോലീസിന് കസ്റ്റഡിയില്‍ ലഭിച്ചില്ലെന്നത് നാണക്കേടുമായി.
ഇക്കാര്യത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ജോര്‍ജിനെതിരേ വാദിക്കാന്‍ മജിസ്ട്രേറ്റിനുമുമ്പില്‍ പ്രോസിക്യൂട്ടറെ ഹാജരാക്കാന്‍ പോലീസിന് സാധിച്ചതുമില്ല. പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ച് അദ്ദേഹത്തിന് ജാമ്യം നല്‍കുകയായിരുന്നു. ഇത് പോലീസിന് വലിയ തിരിച്ചടിയായിരുന്നു.
ഈ സാഹചര്യത്തിലാണ് ജാമ്യത്തിനു ശേഷം പി.സി.ജോര്‍ജ് നടത്തിയ പ്രസ്താവനകള്‍ പോലീസ് പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നെന്നും പ്രസംഗത്തില്‍ വര്‍ഗീയത ആരോപിക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നുമായിരുന്നു ജോര്‍ജിന്റെ പ്രതികരണം. വിദ്വേഷ പ്രസ്താവനകള്‍ നടത്തരുതെന്ന ജാമ്യവ്യവസ്ഥ ജോര്‍ജ് ലംഘിച്ചോ എന്നാകും പരിശോധിക്കുക.