Sorry, you need to enable JavaScript to visit this website.

കേരകർഷകർക്ക് നല്ല കാലം, ബ്രസീലിൽ കണ്ണും നട്ട് ഇന്ത്യ 

നാളികേര കർഷകരെ കാത്തിരിക്കുന്നത് നേട്ടത്തിന്റെ നാളുകൾ, പാചകയെണ്ണ കാര്യത്തിൽ ഉക്രൈനും റഷ്യയും ഇന്തോനേഷ്യയും സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ ഇന്ത്യ ബ്രസീലിയൻ കയറ്റുമതിക്കാരെ സമീപിച്ചു. തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ റബർ ടാപ്പിങ് സീസൺ തുടങ്ങുന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ കുരുമുളക് വില താഴ്ന്നു. നിരക്ക് ഉയർത്താതെ ആഭ്യന്തര വിദേശ ഇടപാടുകാർ ഏലക്ക ശേഖരിച്ചു. സ്വർണ വിലയിൽ വൻ ചാഞ്ചാട്ടം. ഭക്ഷ്യയെണ്ണ കാര്യത്തിൽ ഇന്ത്യ നക്ഷത്രമെണ്ണുന്ന അവസ്ഥയിലാണ്. സൂര്യകാന്തി എണ്ണ ഇറക്കുമതിക്ക് നേരിട്ട പ്രതിസന്ധി മറികടക്കും മുന്നേ പാം ഓയിൽ വരവും ഏതാണ്ട് നിലയ്ക്കും. ഇന്തോനീഷ്യ ക്രൂഡ് പാം ഓയിൽ കയറ്റുമതി വ്യാഴാഴ്ച മുതൽ പൂർണമായി നിർത്തിവെച്ചു. സൂര്യകാന്തിയെണ്ണ ലഭ്യത കുറഞ്ഞതിന് പിന്നാലെ പാം ഓയിലിനും ക്ഷാമം നേരിടുമെന്നത് രാജ്യത്തെ എണ്ണക്കുരു കർഷകർക്ക് നേട്ടമാവും. 
റഷ്യ-ഉക്രൈൻ യുദ്ധം അവിടെ നിന്നുള്ള സൂര്യകാന്തിയെണ്ണ വരവിന് തടസ്സമായി. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ഇന്തോനേഷ്യ ക്രൂഡ് പാം ഓയിൽ കയറ്റുമതിക്ക് നിരോധനം വരുത്തിയത്. ഇത് ഏഷ്യൻ രാജ്യങ്ങളെ പ്രതിസന്ധിലാക്കും. ശുദ്ധീകരിച്ച പാം ഓയിൽ കയറ്റുമതി തുടരുമെന്ന അവരുടെ വെളിപ്പെടുത്തൽ താൽക്കാലിക ആശ്വാസം പകരും. 
ഇതിനിടയിൽ ബ്രസീലിൽ നിന്നും സോയാ ഓയിൽ ഇറക്കുമതി ഉയർത്താനുള്ള ശ്രമത്തിലാണ്. ജനുവരി, മാർച്ചിൽ 3.48 ലക്ഷം ടൺ സോയാ ഓയിൽ ഇറക്കുമതി നടത്തി. തൊട്ട് മുൻവർഷം ഇതേ കാലയളവിൽ വരവ് 78,485 ടൺ മാത്രമായിരുന്നു, പുതിയ സാഹചര്യത്തിൽ രണ്ടാം പാദത്തിൽ വരവ് അഞ്ച് ലക്ഷം ടണ്ണായി ഉയരാം, ഒപ്പം നിരക്കും. ഈ അവസരത്തിൽ വെളിച്ചെണ്ണ വിലയിലും കുതിപ്പ് പ്രതീക്ഷിക്കാം. കൊച്ചിയിൽ വെളിച്ചെണ്ണ 14,800 ലും കൊപ്ര 9000 രൂപയിലുമാണ്.   ജനുവരിയിൽ ടണ്ണിന് 1600 ഡോളറിൽ വ്യാപാരം നടന്ന പാം ഓയിൽ ഇതിനകം 1825 ഡോളറായി. സൂര്യാന്തിയെണ്ണ വില 1500 ഡോളറിൽ നിന്നും ഏകദേശം 40 ശതമാനം ഉയർന്ന് 2150 ഡോളറിലെത്തി. ഇന്തോനേഷ്യ ആഗോള വിപണിയിലേയ്ക്ക് പ്രതിമാസം 20 ലക്ഷം ടൺ പാം ഓയിൽ കയറ്റുമതി നടത്തിയിരുന്നു.  
ഏഷ്യൻ രാജ്യങ്ങൾ റബർ ടാപ്പിങ് സീസണിന് ഒരുങ്ങുന്നു. തായ്‌ലന്റും ഇന്തോനീഷ്യയും മലേഷ്യയും പുതിയ റബർ അടുത്ത മാസം വിൽപനയ്ക്ക് ഇറക്കുമെന്നത് വ്യവസായികൾക്ക് ആശ്വാസം പകരും. അതേ സമയം പുതിയ റബർ വരവ് വിലയിൽ ചാഞ്ചാട്ടം സൃഷ്ടിക്കാം.
ടോക്കോമിലും സിക്കോമിലും മാത്രമല്ല, ചൈനീസ് മാർക്കറ്റിലും ഊഹക്കച്ചവടക്കാർ റബറിനെ ഉഴുതു മറിക്കാനുള്ള തയാറെടുപ്പിലാണ്. ഈ അവരത്തിൽ ഇന്ത്യൻ വിപണിയും ഊഹക്കച്ചവടക്കാരുടെ പിടിയിൽ അകപ്പെടാം. 
സംസ്ഥാനത്ത് റബർ ടാപ്പിങ് പുനരാരംഭിച്ചതിനാൽ അടുത്ത രണ്ടാഴ്ചകളിൽ പുതിയ ഷീറ്റ് വിൽപനയ്ക്ക് എത്തും. ഇത് മുന്നിൽ കണ്ട് സ്റ്റോക്കിസ്റ്റുകൾ അടുത്ത വാരം ചരക്ക് ഇറക്കിയാൽ അതും വിലയെ ബാധിക്കാം. എന്നാൽ നിരക്ക് കൂടുതൽ തകർക്കാൻ ടയർ ലോബി ശ്രമിച്ചാൽ മുൻ മാസങ്ങളിലെ പോലെ കാർഷിക മേഖല ചരക്കിൽ പിടിമുറുക്കി വിപണിക്ക് താങ്ങ് പകരാനും ഇടയുണ്ട്. നാലാം ഗ്രേഡ് റബർ 16,900 ലും അഞ്ചാം ഗ്രേഡ് റബർ 16,200-16,700 രൂപയിലുമാണ്.  
അന്താരാഷ്ട്ര മാർക്കറ്റിൽ കുരുമുളക് ഉൽപാദന രാജ്യങ്ങൾ നിരക്ക് താഴ്ത്തി. സീസൺ മുൻനിർത്തി വിയറ്റ്‌നാം ആദ്യ വെടിമുഴക്കി. അവർ 500 ലിറ്റർവെയിറ്റ് മുളക് ടണ്ണിന് 3990 ഡോളറിന് വാഗ്ദാനം ചെയ്തു, 550 ലിറ്റർവെയിറ്റിന് 4190 ഡോളറിനും ക്വട്ടേഷൻ ഇറക്കി. 
ഇന്ത്യൻ നിരക്ക് ടണ്ണിന് 7100 ഡോളറിൽ നിന്ന് 6800 ലേയ്ക്ക് താഴ്ന്നു. ഇന്തോനേഷ്യ 4100 ഡോളറായും ബ്രസീൽ 3900 ഡോളറായും നിരക്ക് താഴ്ത്തി. മലേഷ്യ 5900 ഡോളറിനും വൈറ്റ് പെപ്പർ 7600 ഡോളറിനും ഷിപ്പ്‌മെന്റ് നടത്തുന്നുണ്ട്. 
ഉത്തരേന്ത്യക്കാർ മുളക് സംഭരണം കുറച്ച് നിരക്ക് ഇടിക്കാനുള്ള ശ്രമം വിലയിൽ പ്രതിഫലിച്ചു. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് ക്വിന്റലിന് 51,100 രൂപ.  ഏലക്കയുടെ ഓഫ് സീസണിലും ലേല കേന്ദ്രങ്ങളിൽ ഉയർന്ന അളവിൽ ചരക്ക് വിൽപനയ്ക്ക് ഇറങ്ങി. വരവ് ഉയർന്നത് കണ്ട് നിരക്ക് ഉയർത്താൻ വാങ്ങലുകാർ തയാറായില്ല. ശരാശരി ഇനങ്ങൾ കിലോ 846-896 രൂപയിലും മികച്ചയിനങ്ങൾ കിലോ 1519 രൂപയിലുമാണ്. 
കേരളത്തിൽ സ്വർണ വില പവന് 39,200 രൂപയിൽ നിന്നും 38,400 ലേയ്ക്ക് ഇടിഞ്ഞ ശേഷം 38,840 രൂപയായി ഉയർന്നങ്കിലും ശനിയാഴ്ച പവൻ 37,920 ലാണ്. ഗ്രാമിന് വില 4740 രൂപ. ചെവാഴ്ചയാണ് അക്ഷയ തൃതീയ. ഈ അവസരത്തിൽ ആഭരണ കേന്ദ്രങ്ങളിൽ ഉയർന്ന വിൽപന പ്രതീക്ഷിക്കുന്നു. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1911 ഡോളർ. 

Latest News