Sorry, you need to enable JavaScript to visit this website.

വിപണിയിൽ നിശ്ചലാവസ്ഥ, മഞ്ഞലോഹത്തിന്  മങ്ങിയ തിളക്കം

ഇന്ത്യൻ നിക്ഷേപകർ തികഞ്ഞ ആത്മവിശ്വാസത്തിലാണെങ്കിലും വിദേശ ധനകാര്യ സ്ഥാപനങ്ങൾ വിൽപനയിൽ നിന്നും പിൻതിരിയാൻ തയാറായില്ല. ഏപ്രിലിൽ ബോംബെ സെൻസെക്‌സ് ഒന്നര ശതമാനവും നിഫ്റ്റി 1.29 ശതമാനവും നഷ്ടത്തിലാണ്. പിന്നിട്ട മാസം സെൻസെക്‌സ് 882 പോയന്റ് ഇടിഞ്ഞപ്പോൾ നിഫ്റ്റിക്ക് 222 പോയന്റും നഷ്ടമായി. കഴിഞ്ഞ വാരവും വിപണി തളർച്ചയിലായിരുന്നു. 
പുതിയ സാമ്പത്തിക വർഷത്തെ നിക്ഷേപ മേഖല ഏറെ പ്രതീക്ഷകളോടെയാണ് സമീപിച്ചത്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങൾ പ്രദേശിക ഇടപാടുകാർക്ക് ഒപ്പം സഞ്ചരിച്ച് ഓരോ ഘട്ടത്തിലും സൂചികയുടെ കരുത്ത് നിലനിർത്താൻ ശ്രമിച്ചു. എന്നാൽ വിദേശ ഫണ്ടുകൾ റഷ്യ - ഉക്രൈൻ യുദ്ധം മുൻനിർത്തി ബാധ്യതകൾ കുറച്ചു. ക്രൂഡ് ഓയിൽ വിലക്കയറ്റം നാണയപ്പെരുപ്പം രൂക്ഷമാക്കുമെന്നതിനാൽ വൈകാതെ റിസർവ് ബാങ്ക് പലിശ ഉയരാനുള്ള സാധ്യതകൾക്ക് മുൻതൂക്കം നൽകി അവർ അകന്ന് കളിച്ചു. 
ഏപ്രിലിൽ വിദേശ ഫണ്ടുകൾ 42,371 കോടി രൂപ വിലമതിക്കുന്ന ഓഹരികൾ വിറ്റു. കഴിഞ്ഞ വാരം അവർ 12,190 കോടിയുടെ ഓഹരികൾ വിറ്റുമാറി, ഇതിനിടയിൽ വ്യാഴാഴ്ച 743 കോടിയുടെ വാങ്ങലും നടത്തി. ആഭ്യന്തര ഫണ്ടുകൾ പിന്നിട്ട വാരം 9703 കോടി രൂപ നിക്ഷേപിച്ചു.
പ്രതികൂല സാഹചര്യങ്ങൾ കണക്കിലെടുത്താൽ വിപണി രക്ഷ നേടാൻ ഓഗസ്റ്റ് വരെയെങ്കിലും കാത്തിരിക്കണം. മികച്ച മൺസൂൺ ലഭ്യമായാൽ ജൂൺ അവസാനം താഴ്ന്ന റേഞ്ചിൽ നിന്നും ഓഹരി സൂചിക തിരിച്ചുവരവിന് തുടക്കം കുറിക്കാം. ദീർഘകാല നിക്ഷേപങ്ങൾക്ക് ഒരുങ്ങുന്നവർക്ക് മുൻനിര ഓഹരികളിലെ തിരുത്തൽ അവസരമാക്കി വിപണിയിൽ പ്രവേശിക്കാം. 
ബോംബെ സെൻസെക്‌സ് 58,338 പോയന്റിൽ നിന്നും തുടക്കത്തിൽ 56,522 ലേയ്ക്ക് ഇടിഞ്ഞ അവസരത്തിലെ വാങ്ങൽ താൽപര്യം സൂചികയെ 57,975 വരെ ഉയർത്തി. 
വെളളിയാഴ്ച ക്ലോസിങിൽ സെൻസെക്‌സ് 57,060 ലാണ്. ഈ വാരം സെൻസെക്‌സിന് 57,849-58,638 ൽ പ്രതിരോധവും 56,396- 55,732 ൽ താങ്ങും പ്രതീക്ഷിക്കാം. 
നിഫ്റ്റി സൂചിക 17,171 ൽ നിന്നും 16,936 ലേയ്ക്ക് താഴ്ന്ന ശേഷം തിരിച്ചു വരവിനുള്ള ശ്രമത്തിൽ 17,377 വരെ ഉയർന്നങ്കിലും വാരാന്ത്യം നിഫ്റ്റി 17,102 പോയന്റിലാണ്. ഈ വാരം റമദാൻ പ്രമാണിച്ച് ഒരു ദിവസം വിപണി അവധിയായതിനാൽ ഇടപാടുകൾ നാല് ദിവസങ്ങളിൽ ഒതുങ്ങും. 16,899 ലെ ആദ്യ സപ്പോർട്ട് നിലനിർത്തി 17,340 ലേയ്ക്ക് ഉയരാം. പ്രതികൂല വാർത്തകൾ നിക്ഷേപകരെ വിൽപനക്കാരാക്കിയാൽ മാസമധ്യം സൂചിക 16,697 റേഞ്ചിലേയ്ക്ക് തളരാം. 
ബി എസ് ഇയിൽ ടെലികോം സൂചിക അഞ്ച്  ശതമാനം ഇടിഞ്ഞു. ഓയിൽ ആൻഡ് ഗ്യാസ്, മെറ്റൽ, ഐ റ്റി സൂചികകൾ നഷ്ടത്തിലായി. ബി എസ് ഇ ഓട്ടോ, എഫ് എം സി ജി സൂചികകൾ നേട്ടത്തിലാണ്. 
മുൻനിര ഓഹരികളായ എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക്, ഇൻഡസ് ബാങ്ക്, സൺ ഫാർമ്മ, സിപ്ല, മാരുതി, എയർടെൽ, ബജാജ് ഓട്ടോ, എച്ച് യു എൽ തുടങ്ങിയവയിൽ നിക്ഷേപകർ   താൽപര്യം കാണിച്ചു. വിൽപ്പന സമ്മർദ്ദം മൂലം  എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക്, ഡോ. റെഡീസ്, ടാറ്റാ മോട്ടേഴ്‌സ്, ടാറ്റാ സ്റ്റീൽ,  ഇൻഫോസീസ്, റ്റി സി എസ് തുടങ്ങിയവയ്ക്ക് തിരിച്ചടി നേരിട്ടു.
വിനിമയ വിപണിയിൽ രൂപയ്ക്ക് വീണ്ടും തളർച്ച. രൂപ 76.29 ൽ നിന്നും 76.92 ലേയ്ക്ക് ദുർബലമായെങ്കിലും വാരാവസാനം 76.45 ലാണ്. ഈ വാരം 76.14 ലേയ്ക്കും 76.02 ലേയ്ക്കും കരുത്ത് നേടാനുള്ള നീക്കം വിജയിച്ചില്ലെങ്കിൽ സ്വാഭാവികമായും രൂപയുടെ മൂല്യം 76.95 77.14 ലേയ്ക്ക് തളരാം. 
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ ബാരലിന് 99.95 ഡോളറിൽ നിന്ന് 109.78 ലേയ്ക്ക് കയറിയ ശേഷം ക്ലോസിങിൽ എണ്ണ 106 ഡോളറിലാണ്.          
സ്വർണ വിപണിയിൽ വിൽപനക്കാർ പിടിമുറുക്കിയത് മഞ്ഞലോഹത്തിന്റെ തിളക്കത്തിന് മങ്ങൽ എൽപിച്ചു. 
1871 ഡോളറിൽ നിന്നും 1920 വരെ കയറിയെങ്കിലും ഉയർന്ന തലത്തിൽ വാങ്ങൽ താൽപര്യം ചുരുങ്ങിയതിനാൽ വാരാന്ത്യം ഏറെ നിർണായകമായ 1900 ത്തിലെ സപ്പോർട്ട് നഷ്ടപ്പെട്ട് 1896 ഡോളറായി. 

Latest News