മരടിലെ അനധികൃത നിര്‍മാണം: തോട്ടത്തില്‍ രാധാകൃഷ്ണന്‍ അന്വേഷിക്കും

ന്യൂദല്‍ഹി- സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് പൊളിച്ച മരടിലെ ഫ്ളാറ്റുകളുടെ നിര്‍മ്മാണത്തിന് ഉത്തരവാദികള്‍ ആയവരെ കണ്ടെത്താന്‍ ഏകാംഗ കമ്മീഷന്‍ രൂപവത്കരിച്ചു. കല്‍ക്കട്ട, തെലങ്കാന ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനെയാണ് സുപ്രീം കോടതി അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. അനധികൃത നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണോ, തദ്ദേശഭരണ സ്ഥാപനത്തിനാണോ, ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്കാണോ എന്നാണ് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടത്.

നിര്‍മ്മാണത്തിന് ഉത്തരവാദികളായ ബില്‍ഡര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ കണ്ടെത്താനാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനെ സുപ്രീം കോടതി ചുമതലപ്പെടുത്തിയത്. അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. അന്വേഷണത്തിന് രണ്ട് മാസത്തെ സമയം ആണ് സുപ്രീം കോടതി അനുവദിച്ചിരിക്കുന്നത്. വേനല്‍ അവധികഴിഞ്ഞാല്‍ ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ എല്‍. നാഗേശ്വര്‍ റാവു, ബി.ആര്‍. ഗവായ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് എ.എം ഷെഫീക്കിനെ അന്വേഷണ കമ്മീഷനായി നിയോഗിക്കാനായിരുന്നു ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്ന ധാരണ. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് എ.എം ഷെഫീക്കിനെ നിയമിക്കുന്നതിനോട് വിയോജിപ്പ് അറിയിച്ചു. തുടര്‍ന്നാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനെ സുപ്രീം കോടതി അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.

 

Latest News