Sorry, you need to enable JavaScript to visit this website.

കർണാടകയിൽ വീണ്ടും മുഖ്യമന്ത്രിയെ മാറ്റുമോ, അമിത് ഷാ കർണാടകയിൽ

ബംഗളൂരു- കർണാടകയിൽ വീണ്ടും മുഖ്യമന്ത്രി മാറിയേക്കുമെന്ന് അഭ്യൂഹം. ഒൻപത് മാസം മുമ്പ് മുഖ്യമന്ത്രിയായി അധികാരമേറ്റ ബസവരാജ് ബൊമ്മെയെ മാറ്റിയേക്കുമെന്നാണ് സൂചന. അടുത്തവർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അടിയേൽക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നേതൃമാറ്റ സൂചന സജീവമാകുന്നത്. നിലവിലുള്ള വിവാദങ്ങൾ സർക്കാറിന്റെ പ്രതിച്ഛായക്ക് ഗുരുതര മങ്ങൽ ഏൽപ്പിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സംസ്ഥാന തലസ്ഥാനമായ ബംഗളൂരു സന്ദർശിക്കുന്നുണ്ട്. ഇത് ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി.

ബൊമ്മൈ തന്റെ മന്ത്രിസഭയെ ഉടൻ വിപുലീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന നേതൃത്വങ്ങളിൽ മൊത്തത്തിലുള്ള മാറ്റങ്ങൾ നടപ്പാക്കാനുള്ള ധൈര്യവും കരുത്തും ബിജെപി നേതൃത്വത്തിനുണ്ടെന്ന് ദൽഹിയിലെയും ഗുജറാത്തിലെയും പ്രാദേശിക തെരഞ്ഞെടുപ്പുകളെ ഉദ്ധരിച്ച് പാർട്ടി ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ.സന്തോഷ് പറഞ്ഞിരുന്നു.

'ഇത് എല്ലായിടത്തും സംഭവിക്കുമെന്ന് ഞാൻ പറയുന്നില്ല, എന്നാൽ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത തീരുമാനങ്ങൾ എടുക്കാൻ ബിജെപിക്ക് കഴിയുന്നു. പാർട്ടിയിലുള്ള ആത്മവിശ്വാസവും ഇച്ഛാശക്തിയും കൊണ്ടാണ് ഈ തീരുമാനങ്ങൾ സാധ്യമായത്, ഗുജറാത്തിൽ. മുഖ്യമന്ത്രിയെ മാറ്റി, മന്ത്രിസഭയെ മുഴുവൻ മാറ്റി, പുതുമ പകരുക എന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്തത്, പരാതികൾ കൊണ്ടല്ല ഇതെന്നും സന്തോഷ് പറഞ്ഞു. 

രാഷ്ട്രീയത്തിൽ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 'രണ്ടാം തവണയും അധികാരത്തിലെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. രണ്ടാം തവണയും തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന്റെ വെല്ലുവിളി ഇവിടെയുള്ളവർക്ക് അറിയാം. ഭരണവിരുദ്ധത കൂടുതൽ ശക്തമാകുന്നുവെന്നും സന്തോഷ് കൂട്ടിച്ചേർത്തു.

Latest News