Sorry, you need to enable JavaScript to visit this website.

തെലങ്കാനയില്‍ മൃതദേഹത്തോടൊപ്പമുള്ള സെല്‍ഫി ഹാജരാക്കാന്‍ ഉത്തരവ്

ഹൈദരാബാദ്- എമര്‍ജന്‍സി അവധി കിട്ടണമെങ്കില്‍ തെലങ്കാന സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ടി.എസ്.ആര്‍.ടി.സി) ജീവനക്കാര്‍ മൃതദേഹത്തോടൊപ്പമുള്ള സെല്‍ഫി ഹാജരാക്കണം. തൊഴിലാളികള്‍ക്ക് അവധി നിയന്ത്രിച്ചിരിക്കയാണെന്ന് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി (എച്ച്‌സിയു) ടെര്‍മിനല്‍ ഉള്‍പ്പെടെയുള്ള ബസ് ഡിപ്പോകളില്‍ അടിയന്തര അവധി ലഭിക്കുന്നതിന് തെളിവ് ഹാജരാക്കാനാണ് ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അടുത്ത ബന്ധുവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അവധിയെടുത്ത ഡ്രൈവറോട് മൃതദേഹത്തിനൊപ്പമുള്ള സെല്‍ഫി ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ശവസംസ്‌കാര വേളയില്‍ മൃതദേഹത്തിനൊപ്പം എങ്ങനെ സെല്‍ഫിയെടുക്കുമെന്നും ആളുകള്‍ എന്തു കരുതുമെന്നും ഡ്രൈവര്‍മാര്‍  ചോദിക്കുന്നു.

കോര്‍പ്പറേഷനെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് മാനേജ്‌മെന്റ് ആവിഷ്‌കരിച്ച പദ്ധതികളുെടെ ഭാഗമായാണ്  ബസ് ഡിപ്പോകള്‍ ലീവ് ഇല്ലാ നയം സ്വീകരിച്ചത്. ഇതുമൂലം െ്രെഡവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും നോട്ടീസ് നല്‍കി തുടങ്ങിയിട്ടുണ്ട്. ജോലിക്ക് ഹാജരാകാത്തതിന് ചാര്‍ജ് മമ്മോ ലഭിച്ചതിനെ തുടര്‍ന്ന് ബസ് ഡ്രൈവറായ എ.ശ്രീനിവാസ് കഴിഞ്ഞ ദിവസം  ആത്മഹത്യ ചെയ്തു.

ചട്ടപ്രകാരം അവധിയെടുക്കാതെ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് 100 ദിവസത്തേക്ക് 1500 രൂപ ഇന്‍സെന്റീവ് നല്‍കുമെന്ന് ആര്‍ടിസി-ജെഎസി കണ്‍വീനര്‍ വി. എസ് റാവു പറഞ്ഞു. എന്നാല്‍,  ജീവനക്കാരെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമം പരാജയപ്പെടുകയാണെന്നം അവധിയില്ലാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനിടയില്‍ ഇങ്ങനെയൊരു സാഹചര്യമുണ്ടായിട്ടില്ലെന്നും ഇതു തുടരുകയാണെങ്കില്‍ ഇനിയും ആത്മഹത്യകളുണ്ടാകുമെന്നും  മറ്റൊരു ഡ്രൈവര്‍ പറഞ്ഞു.

 

Latest News