മോഡിയുടെ ദുര്‍ഭരണം സമ്പദ്ഘടന എങ്ങനെ തകര്‍ക്കാമെന്ന പഠനം -രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ എട്ട് വര്‍ഷത്തെ ദുര്‍ഭരണം സമ്പദ്‌വ്യവസ്ഥയെ എങ്ങനെ തകര്‍ക്കാം എന്നതിനെക്കുറിച്ചുള്ള പഠനം കൂടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

പ്രധാനമന്ത്രി മോദിയുടെ എട്ടു വര്‍ഷത്തെ ദുര്‍ഭരണം ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയെ എങ്ങനെ നശിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള  പഠനമാണ്-അദ്ദേഹം ട്വീറ്റ് ചെയ്തു.

വൈദ്യുതി പ്രതിസന്ധി, തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇപ്പോഴും ആക്രമിക്കപ്പെടുയാണ്.
രാജ്യത്തെ വൈദ്യുതി പ്രതിസന്ധി കൃത്രിമമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കല്‍ക്കരിയുടെ തെറ്റായ മാനേജ്‌മെന്റ് കാരണം സൃഷ്ടിക്കപ്പെട്ട കൃത്രിമ വൈദ്യുതി പ്രതിസന്ധി ഉടനടി പരിഹരിക്കണമെന്നും 24 മണിക്കൂറും വൈദ്യുതി വിതരണം ചെയ്തുകൊണ്ട് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണമെന്നും  കോണ്‍ഗ്രസ് നേതാവ് ഗൗരവ് വല്ലഭ് ആവശ്യപ്പെട്ടു.
ഉദയ്പൂരില്‍ നടക്കാനിരിക്കുന്ന ശില്‍പശാലയില്‍ കോണ്‍ഗ്രസ് സാമ്പത്തിക വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് സൂചന. സമ്മേളനത്തിന്റെ അജണ്ട തയാറാക്കാന്‍ പാര്‍ട്ടി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.
സമ്പദ്‌വ്യവസ്ഥയിലും കര്‍ഷകരുടെ പ്രശ്‌നങ്ങളിലുമാണ് പാര്‍ട്ടിയുടെ പ്രാഥമിക ശ്രദ്ധ. വിലക്കയറ്റം ജനങ്ങളെ സാരമായി ബാധിക്കുകയാണെന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു. ഇന്ധനത്തിന്റെയും ഭക്ഷ്യ എണ്ണയുടെയും വിലക്കയറ്റം ഗാര്‍ഹിക ബജറ്റിനെ താറുമാറാക്കി. നിത്യോപയോഗ സാധനങ്ങള്‍ക്കുള്ള  വിലക്കയറ്റം കാരണം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു.
വിലക്കയറ്റത്തിന്റെ പേരില്‍ രാജ്യത്തുടനീളം പാര്‍ട്ടി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചുവരികയാണ്.

 

Latest News