Sorry, you need to enable JavaScript to visit this website.

ഹിന്ദുക്കള്‍ക്ക് അമ്പും വില്ലും; യു.പിയില്‍ ധര്‍മസന്‍സദുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് പോലീസ്

നോയിഡ- ഇന്ത്യയില്‍ പലയിയത്തും വിവാദം സൃഷ്ടിച്ച ധര്‍മ സന്‍സദുകളുടെ തുടര്‍ച്ചയായി രണ്ടെണ്ണം ഉത്തര്‍പ്രദേശിലും ചേരുന്നു.  എന്നാല്‍ ഗാസിയാബാദില്‍ ചേരുന്ന ധര്‍മസന്‍സദുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.  ഹിന്ദു സന്യാസി പ്രബോധാനന്ദ ഗിരിയുടെ നേതൃത്വത്തിലുള്ള സമ്മേളനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് സെന്‍ട്രല്‍ നോയിഡയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രാകേഷ് സിംഗ് അറിയിച്ചു.

ഗാസിയാബാദില്‍ ഒരു ധര്‍മ സന്‍സദും സംഘടിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ധര്‍മ സന്‍സദ് ചേരുന്ന ഫാമിന്റെ ഉടമ രാജ്കുമാര്‍ ചൗധരിക്കും ബദല്‍പൂര്‍ പോലീസ് സ്‌റ്റേഷന്‍ ചുമതലയുള്ള പ്രവീണ്‍ ചൗധരിക്കുമെതിരെ നടപടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് പരിപാടികളില്‍ ആദ്യത്തേത് ഹിന്ദു സമാഗമം എന്ന പേരില്‍ ഹിന്ദു രക്ഷാ സേനയാണ് സംഘടിപ്പിക്കുന്നത്.  2021 ഡിസംബറില്‍ നടന്ന ഹരിദ്വാര്‍ ധര്‍മ സന്‍സദില്‍ വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദു രക്ഷാ സേനാ പ്രസിഡന്റ് പ്രബോധാനന്ദ ഗിരിയാണ് പരിപാടിയില്‍ അധ്യക്ഷത വഹിക്കുക. മുസ്ലിംകളുടെ  വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തതിലൂടെയാണ് ഹരിദ്വാര്‍ ധര്‍മസന്‍സദ് വിവാദമായത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഗിരിയുടെയും ചിത്രങ്ങള്‍ക്കൊപ്പം സമാഗമത്തെക്കുറിച്ചുള്ള വിശദാംശങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട  പോസ്റ്ററിലുണ്ട്.  

ഈ മാസം എട്ടിന്  ആരംഭിക്കുന്ന പ്രചാരണ കാമ്പയിനാണ് നഗരത്തില്‍ നടക്കാനിരിക്കുന്ന മറ്റൊരു പരിപാടി. 'ഹര്‍ ഘര്‍ ഗീതാ ഹര്‍ ഹാത്ത് ഗാണ്ഡീവ് കാമ്പയിന്‍ യതി നരസിംഹാനന്ദും കാളീചരണ്‍ മഹാരാജുമാണ് നയിക്കുക.  പ്രചാരണത്തിലൂടെ ജനങ്ങള്‍ക്ക്  അമ്പും വില്ലും വിതരണം ചെയ്യാനാണ് രണ്ട് ഹിന്ദുത്വ തീവ്രവാദികളും  ലക്ഷ്യമിടുന്നത്.
ഏത് സാഹചര്യത്തിനും തയ്യാറാകണമെന്നും പ്രതിരോധത്തിനായി അമ്പും വില്ലും വാങ്ങണമെന്നും  നരസിംഹാനന്ദ് നേരത്തെ ഹിന്ദുക്കളെ ആഹ്വാനം ചെയ്തിരുന്നു. മ്യാന്‍മറിലെ വംശഹത്യയുടെ മാതൃകയില്‍ മുസ്‌ലിംകളെ വംശീയ ഉന്മൂലനം ചെയ്യണമെന്നാണ് നേരത്തെ ഗിരി ആഹ്വാനം ചെയ്തിരുന്നത്.
വിവാദമായ വിദ്വേഷ പ്രസംഗങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അംഗീകാരമുണ്ടെന്നും പ്രബോധാനന്ദ് ഗിരി അവകാശപ്പെട്ടിരുന്നു.

 

Latest News