കോഴിക്കോട്- സ്വത്ത് തര്‍ക്കത്തിനിടെ അനുജന്റെ മര്‍ദ്ദനമേറ്റ് ജ്യേഷ്ഠന്‍ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ചന്ദ്രഹാസനാണ് മരിച്ചത്. സ്വത്ത് തര്‍ക്കത്തിനിടെ ചന്ദ്രഹാസന്റെ അനുജന്‍ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രഹാസനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രഹാസന്റെ സഹോദരന്‍ നേരത്തെ പോലീസ് കസ്റ്റഡിയിലായിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്.
പട്ടിക കഷ്ണം കൊണ്ടാണ് അനുജന്‍ ഇയാളുടെ തലയ്ക്കടിച്ചത്. 10 സെന്റ് ഭൂമിയാണ് ചെറുവണ്ണൂരില്‍ ഏഴു പേര്‍ക്ക് ഭാഗിക്കാന്‍ ഉണ്ടായിരുന്നത്. ഭൂമിയുടെ ഭാഗം നടത്താത്തതില്‍ സഹോദരന്മാര്‍ തമ്മില്‍ നേരത്തെ വഴക്കുണ്ടായിരുന്നു. നിരവധി തവണ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തു.






