മദ്യപിച്ചിരിക്കെ തര്‍ക്കം, സുഹൃത്തിനെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തിക്കൊന്നു

തിരുവനന്തപുരം- വര്‍ക് ഷോപ്പില്‍ വെച്ച് മദ്യലഹരിയില്‍ സുഹൃത്തിനെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. നെടുങ്കാട് സ്വദേശിയായിരുന്ന പേരൂര്‍ക്കട ഊളന്‍പാറ പുതുവല്‍ പുത്തന്‍വീട്ടില്‍ കെ.ബോസ്(46) ആണ് മരിച്ചത്. വര്‍ക്ഷോപ്പ് ഉടമ കരമന നെടുങ്കാട് സോമന്‍ നഗര്‍ തുണ്ടുവിള വീട്ടില്‍ വിക്രു എന്നു വിളിക്കുന്ന വിക്രമനെ(63) കരമന പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കരമന നെടുങ്കാടുള്ള വര്‍ക് ഷോപ്പിനുള്ളില്‍ വെച്ചാണ് ബോസിനെ കുത്തിയത്. ഇവര്‍ രണ്ടുപേരും സുഹൃത്തുക്കളാണെന്നും മദ്യപിച്ചുകൊണ്ടിരിക്കെ തര്‍ക്കമുണ്ടാവുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ പ്രകോപിതനായ വിക്രമന്‍,  മൂര്‍ച്ചയുള്ള സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ബോസിന്റെ നെഞ്ചിലും വയറിലും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ബോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ഫോര്‍ട്ട് എ.സി. ഷാജിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പിടികൂടിയത്. ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലം മനസ്സിലാക്കി എത്തിയ പോലീസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്.

 

Latest News