നടിയെ ആക്രമിച്ച കേസ് ദിലീപിനെ കുടുക്കാനുളള കെണിയെന്ന് രണ്ടാം പ്രതി മാര്‍ട്ടിന്‍

കൊച്ചി- നടി ആക്രമിക്കപ്പെട്ട കേസ് നടന്‍ ദിലീപിനെ കുടുക്കാനുള്ള കെണിയായിരുന്നുവെന്ന് രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി. ചലച്ചിത്ര താരങ്ങളായ മഞ്ജു വാരിയര്‍, രമ്യ നമ്പീശന്‍, സംവിധായകരായ ലാല്‍, ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ക്കെതിരെയാണ്  ഗുരുതര ആരോപണം. വിചാരണക്കായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകരോടായി മാര്‍ട്ടിന്‍ ഇക്കാര്യം പറഞ്ഞത്.
ലാലും ശ്രീകുമാര്‍ മേനോനും മഞ്ജുവാരിയരും രമ്യനമ്പീശനും ചേര്‍ന്ന് ദിലീപിനെ കുടുക്കാനൊരുക്കിയ കെണിയാണ് ഇത്. സത്യസന്ധമായ കാര്യങ്ങളാണു പറയാനുള്ളത്. നിരപരാധിയായ എന്നെ ഉള്‍പ്പെടെ ഒട്ടേറെപ്പേരെ ചതിച്ചതാണ്. അതിന്റെ പ്രതിഫലമായാണു മഞ്ജുവിന് മുംബൈയില്‍ ഫ്‌ളാറ്റും 'ഒടിയനില്‍' അവസരവും ലഭിച്ചത്. കുറേ കാര്യങ്ങള്‍ പറയാനുണ്ട്. കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. കാര്യങ്ങളെല്ലാം കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നീതി ലഭിക്കുമെന്നാണു വിശ്വാസം'- മാര്‍ട്ടിന്‍ പറഞ്ഞു.
അങ്കമാലി അത്താണിക്കു സമീപം നടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി അതിക്രമിച്ചുകയറിയ സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും അപകീര്‍ത്തികരമായ വിഡിയോയും ചിത്രങ്ങളും പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ 2017 ഫെബ്രുവരി 17നാണ് കൊരട്ടി പൂവത്തുശേരി മാര്‍ട്ടിന്‍(24) അറസ്റ്റിലായത്. കേസില്‍ ആദ്യം അറസ്റ്റിലായതും മാര്‍ട്ടിനാണ്.
സംഭവ ദിവസം തൃശൂരില്‍നിന്ന് എറണാകുളത്തേക്കു നടി സഞ്ചരിച്ച വാഹനം ഓടിച്ചതു മാര്‍ട്ടിനായിരുന്നു. 
 നടിയെ ആക്രമിച്ച കേസില്‍ ഏതൊക്കെ രേഖകള്‍ പ്രതികള്‍ക്കു നല്‍കാനാകുമെന്ന് അറിയിക്കണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രോസിക്യൂഷനോട് നിര്‍ദേശിച്ചു. രേഖകള്‍ നല്‍കാനാകില്ലെങ്കില്‍ കാരണം വ്യക്തമാക്കാനും പ്രോസിക്യൂഷനു നിര്‍ദേശം നല്‍കി. കേസ് പരിഗണിക്കുന്നത് അടുത്തമാസം ഏപ്രില്‍ 11-ലേക്ക് മാറ്റി.

Latest News