മലപ്പുറം- മതവിദ്വേഷം പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ മുൻ ചീഫ് വിപ്പ് പി.സി ജോർജിന് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി മുൻ മന്ത്രി ഡോ. കെ.ടി ജലീൽ എം.എൽ.എ. സാധാരണഗതിയിൽ ഇത്തരം കേസുകളിൽ ഉടൻ ജാമ്യം ലഭിക്കുന്നത് അസാധാരണമാണെന്നും എന്നാൽ കോടതിയല്ലേ, നമുക്ക് എന്ത് ചെയ്യാനാകുമെന്നും ജലീൽ ചോദിച്ചു.
ജലീലിന്റെ വാക്കുകൾ:
മത വിദ്വേഷം പ്രചരിപ്പിച്ചതിനെതിരെ 153എ. മതവികാരം വ്രണപ്പെടുത്തിയതിനെതിരെ 295എ. രണ്ടും ജാമ്യമില്ലാ വകുപ്പുകൾ.
പി.സി ജോർജിന്റെ കേസിൽ പോലീസിന് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്തു. ജാമ്യം കൊടുത്താൽ ഇതേ തെറ്റുകൾ ആവർത്തിക്കുമെന്ന് പോലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു. ജാമ്യത്തെ ശക്തമായി എതിർത്തു. നിയമപ്രകാരം ഇതിനപ്പുറം മറ്റൊന്നും പോലീസിന് ചെയ്യാനില്ല.
സാധാരണ ഗതിയിൽ ഉടനെയുള്ള ജാമ്യം അസാദ്ധ്യം. പക്ഷെ, കോടതി ജാമ്യം കൊടുത്തു. സഹിക്കുകയല്ലേ നിവൃത്തിയുള്ളൂ. കോടതിയല്ലേ? എന്തു ചെയ്യാൻ? ഇങ്ങിനെ ഒരു വിധിയാണല്ലോ പണ്ട് ലോകായുക്ത കോടതിയും വിധിച്ചത്.
കോടതിയുടെ ഭരണം പിണറായിക്കല്ലെന്ന് കൂടി സൈബർ വീരൻമാർ ഓർത്താൽ നന്ന്.
നേരത്തെ പി.സി ജോർജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തപ്പോഴും ജലീൽ പ്രതികരണവുമായി എത്തിയിരുന്നു. ജലീലിന് അമിതാവേശമാണെന്നും പിണറായി-ബി.ജെ.പി കൂട്ടുകെട്ടിന്റെ ഫലമാണ് ജോർജിന് ജാമ്യം ലഭിച്ചതെന്നും ആരോപിച്ച് പി.കെ അബ്ദുറബ്ബ് രംഗത്തെത്തിയിരുന്നു. ഇതിനും ജലീൽ മറുപടിയുമായി രംഗത്തെത്തി.
ഇന്ന് സാക്ഷാൽ കപിൽ സിബിലോ പ്രശാന്ത് ഭൂഷണോ തന്നെ സർക്കാരിന് വേണ്ടി കോടതിയിൽ ഹാജരായാലും മറിച്ചൊരു വിധി ഉണ്ടാവില്ല. ജാമ്യം കൊടുത്തതിന്റെ നടപടിക്രമങ്ങൾ എ മുതൽ ഇസെഡ് വരെ പരിശോധിച്ചാൽ അരിയാഹാരം കഴിക്കുന്നവർക്ക് അത് തിരിയും.
അബ്ദുറബ്ബ് സാഹിബേ, ലോകായുക്തയിൽ എനിക്കെതിരെ നിങ്ങൾ ഉപയോഗിച്ചതും 'ഇതേ' വജ്രായുധമാണ്. മറക്കണ്ട. കുടത്തിൽ നിന്ന് ഭൂതത്തെ തുറന്ന് വിടുമ്പോൾ ഓർക്കണമായിരുന്നു ഒരു ദിവസം അത് നിങ്ങളെയും വിഴുങ്ങുമെന്ന് എന്നും ജലീൽ പറഞ്ഞു.