ഹിന്ദുക്കള്‍ക്ക് രണ്ട് ഭാര്യമാരെ അനുവദിക്കുന്ന നിയമത്തെ കുറിച്ച് ബി.ജെ.പി മിണ്ടുന്നില്ല- ഉവൈസി

ഔറംഗബാദ്- സമ്പദ്‌വ്യവസ്ഥ തകരുമ്പോഴും തൊഴിലില്ലായ്മാ നിരക്ക് ഉയരുമ്പോഴും ബി.ജെ.പി നേതാക്കള്‍ക്ക് ആശങ്ക ഏകസിവില്‍ കോഡ് നടപ്പാക്കാത്തതിനെ കുറിച്ചാണെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവും ലോക്‌സഭാംഗവുമായ അസദുദ്ദീന്‍ ഉവൈസി.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാര്‍ ഏക സിവില്‍ കോഡിന് (യു.സി.സി) ആഹ്വാനം ചെയ്തിരിക്കയാണെന്നും യു.സി.സി ആവശ്യമില്ലെന്ന് ലോ കമ്മീഷന്‍ അഭിപ്രായപ്പെട്ടത് വിസ്മരിക്കയാണെന്നും ഉവൈസി പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയുടെ മാര്‍ഗ നിര്‍ദ്ദേശക തത്വങ്ങളില്‍ രാജ്യത്തെമ്പാടും പൗരന്മാര്‍ക്ക് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ രാഷ്ട്രം ശ്രമിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ രാജ്യത്ത് മദ്യ നിരോധം നടപ്പിലാക്കണമെന്ന നിര്‍ദേശത്തെ കുറിച്ച് ആരും സംസാരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദു പുരുഷന് രണ്ടുതവണ വിവാഹം കഴിക്കാന്‍ അനുമതിയുള്ള ഗോവയിലെ പൊതു സിവില്‍ കോഡിനെ കുറിച്ച്  ബി.ജെ.പി മൗനം പാലിക്കുന്നു.  30 വയസ്സിനുള്ളില്‍ ഭാര്യ ആണ്‍കുഞ്ഞിനെ പ്രസവിച്ചില്ലെങ്കില്‍ ഹിന്ദു പുരുഷന്മാര്‍ക്ക് രണ്ടാം വിവാഹത്തിന് അവകാശം നല്‍കുന്നതാണ് ഗോവ സിവില്‍ കോഡ്. ഈ സംസ്ഥാനത്തും ബിജെപി സര്‍ക്കാരുണ്ട്. പക്ഷേ അവര്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്- ഉവൈസി കുറ്റപ്പെടുത്തി.  

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറും നേരത്തെ പറഞ്ഞിരുന്നു. എല്ലാ മുസ്ലീം സ്ത്രീകള്‍ക്കും നീതി ലഭ്യമാക്കാന്‍ നിയമനിര്‍മ്മാണം അനിവാര്യമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും പറഞ്ഞു.

ബിജെപിയുടെ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ അധികാരത്തിലെത്തിയാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

 

Latest News