സ്വകാര്യ കമ്പനികള്‍ ആധാര്‍ ഡാറ്റ ദുരുപയോഗം ചെയ്യുമെന്ന് സുപ്രീം കോടതിക്ക് ആശങ്ക; ശരിവച്ച് ആധാര്‍ മേധാവി

ന്യൂദല്‍ഹി- ആധാര്‍ ഡാറ്റ സുരക്ഷിതമാണെന്ന് ബോധ്യപ്പെടുത്താന്‍ യുഐഡിഎഐ സിഇഒ അജയ് ഭൂഷണ്‍ സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ചിനു മുമ്പാകെ വിശദമായി നടത്തിയ പവര്‍ പോയിന്റ് പ്രസന്റേഷന്‍ സുരക്ഷാ പാളിച്ചകള്‍ പുറത്തുകൊണ്ടുവന്നു. പ്രസന്റേഷനില്‍ കോടതി ഗുരുതരമായ സുരക്ഷാ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയതോടെ ഇതു യുഐഡിഎഐ തുറന്നു സമ്മതിക്കുകയും ചെയ്തു. സ്വകാര്യ കമ്പനികള്‍ ശേഖരിക്കുന്ന ആധാര്‍ ഡാറ്റ വാണിജ്യാവശ്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന ആശങ്കയാണ് കോടതി പ്രകടിപ്പിച്ചത.് ഡാറ്റാ സംരക്ഷണ നിയമം ഇന്ത്യയില്‍ നിലവിലില്ലാത്തതിനാല്‍ ഇതു തടയാന്‍ യുണീക്ക് ഐഡെന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ കെ സിക്രി, എ എം ഖന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ആധാറിന്റെ ഭരണഘടനാ സാധുത പരിശോധിക്കുന്നത്. ആധാര്‍ ഡാറ്റയുടെ സുരക്ഷ സംബന്ധിച്ച പ്രസന്റേഷന്‍ വിലയിരുത്തിയ ശേഷം ബെഞ്ച് രണ്ടു സുരക്ഷാ പാളിച്ചകളാണ് ചൂണ്ടിക്കാട്ടിയത്. ആധാറിന് എന്റോള്‍ ചെയ്യുന്ന സമയത്ത് ഇതു ചെയ്തു തരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പൗരന്റെ വിവരങ്ങള്‍ ശേഖരിക്കാമെന്നതാണ് ഒരു സുരക്ഷാ പാളിച്ച. രണ്ടാമതായി, സ്വകാര്യ കമ്പനികള്‍ അവരുടെ ഉപഭോക്താക്കളില്‍ നിന്നും ആധാര്‍ ഓതന്റിക്കേഷന്‍ വഴിയും ആധാര്‍ ഡാറ്റ കൈക്കലാക്കാന്‍ കഴിയും. ഈ രണ്ട് അവസരങ്ങളിലും വാണിജ്യ ഭീമന്മാര്‍ക്ക് ആധാര്‍ ഡാറ്റ ദുരുപയോഗം ചെയ്യാന്‍ അവസരമൊരുക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യ കമ്പനികള്‍ ആധാര്‍ ഡാറ്റ ശേഖരിക്കുന്നത് തടയാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ആധാര്‍ മേധാവിയോട് ചോദിച്ചു.എന്‍ റോള്‍ ചെയ്യുന്ന സമയത്ത് ഏജന്‍സിക്ക് ഡാറ്റ കോപ്പി എടുക്കാന്‍ കഴിയുമെന്ന് യുഐഡിഎഐ മേധാവി കോടതിയില്‍ തുറന്നു സമ്മതിച്ചു. സ്വകാര്യ കമ്പനികള്‍ ആധാര്‍ ഓതന്റിക്കേഷന്് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ ഹാക്ക് ചെയ്ത് വിദഗ്ധര്‍ക്ക് ശേഖരിക്കാന്‍ കഴിയുമെന്നും അദ്ദേഹം കോടതിയില്‍ തുറന്നു പറഞ്ഞു. ഇതൊരു കുറ്റമായതിനാല്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന പരിഹാരമാണ് ആധാര്‍ മേധാവി കോടതി മുമ്പാകെ അവതരിപ്പിച്ചത്.  

ഡാറ്റ സുരക്ഷ സംബന്ധിച്ച് കോടതി വളരെ വ്യക്തമായ മറ്റൊരു ആശങ്കകൂടി അറിയിച്ചു. സര്‍ക്കാരിന്റെ പക്കലുള്ള സുരക്ഷാ സംവിധാനങ്ങള്‍ കൊണ്ടു മാത്രം ഡാറ്റ സംരക്ഷണം ഉറപ്പു വരുത്താനാവില്ല. ഈ ഡാറ്റ ലഭിക്കുന്നവര്‍ ഇതു ദുരുപയോഗം ചെയ്യാനുള്ള സാധ്യതയിലാണ് ആശങ്കയെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. മൊബൈല്‍ കമ്പനികളടക്കം ആധാര്‍ ഓതന്റിക്കേഷനിലൂടെ സ്വന്തമാക്കുന്ന ആധാര്‍ ഡാറ്റയുടെ സുരക്ഷ സംബന്ധിച്ചായിരുന്നു ഈ നീരീക്ഷണം. 

Latest News