Sorry, you need to enable JavaScript to visit this website.

അവാമി ലീഗിലെ തര്‍ക്കം; ന്യൂനപക്ഷ നേതാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു

ധാക്ക- ബംഗ്ലാദേശിലെ സൗത്ത് ചിറ്റഗോംഗില്‍ ന്യൂനപക്ഷ ഹിന്ദു സമുദായത്തിലെ പ്രമുഖ നേതാവിനെ  പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അനുയായികള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ബംഗ്ലാദേശ് ഹിന്ദു ബുദ്ധ ക്രിസ്ത്യന്‍ ഒക്യ പരിഷത്തിന്റെ ചിറ്റഗോംഗ് സൗത്ത് വൈസ് പ്രസിഡന്റ് ജിതേന്ദ്ര കാന്തി ഗുഹയെ ആണ് മര്‍ദിച്ചത്.  ചട്ടോഗ്രാമിലെ പാട്യ ഉപജിലയിലെ ഹൈദ്ഗാവ് യൂണിയനിലാണ് സംഭവം.  

പ്രാദേശിക അവാമി ലീഗിന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ് ഗുഹ. പാട്യ ഹെല്‍ത്ത് കോംപ്ലക്‌സില്‍ എത്തിച്ച അദ്ദേഹത്തെ പിന്നീട് ചിറ്റഗോംഗ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


ഹൈദ്ഗാവ് യൂണിയന്‍ അവാമി ലീഗിന്റെ ആഭിമുഖ്യത്തില്‍ ഗൗച്ചിയ കമ്മ്യൂണിറ്റി സെന്ററില്‍ ഇഫ്താര്‍ മഹ്ഫിലും ചര്‍ച്ചാ സമ്മേളനവും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ യൂണിയന്‍ പരിഷത്ത് (യു.പി) ചെയര്‍മാന്‍ ബി.എം ജാസിമിനെ ഇഫ്താര്‍ പരിപാടിയിലേക്ക് ക്ഷണിച്ചില്ല. ഇതാണ് സംഭവത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

ഭരണകക്ഷിയായ അവാമി ലീഗിന്റെ വിമത സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട ജാസിമിനെ യൂണിയന്‍ അവാമി ലീഗ് ഇഫ്താര്‍ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചില്ലെന്ന് ഹൈദ്ഗാവ് യൂണിയന്‍ അവാമി ലീഗ് ജോയിന്റ് കണ്‍വീനര്‍ ഷാഹിദുല്‍ ഇസ്ലാം സുലു പറഞ്ഞു. രോഷാകുലനായ ഇയാള്‍ 30-40 പേരുമായി വേദിയിലെത്തുകയും യൂണിയന്‍ അവാമി ലീഗ് കണ്‍വീനര്‍ മഹ്മൂദുല്‍ ഹഖ് ഹഫീസ് ഉള്‍പ്പെടെയുള്ളവരെ അധിക്ഷേപിച്ചു. ഇതിനിടെ മുന്‍ അംഗമായ ഇന്ദര്‍ജിത് ലിയോ ജിതന്‍ ഗുഹയെ തല്ലി. ഇതിനു പിന്നാലെയാണ് കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ ജിതന്‍ ഗുഹയെ വലിച്ചിഴച്ച് മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചത്.

ഗുഹയെ മര്‍ദിച്ചതിന്റെ കാരണം ചോദിച്ചറിഞ്ഞ താന്‍ പ്രസിഡന്റായിരുന്ന കാലത്ത് സര്‍ക്കാര്‍ വീടും കുഴല്‍ക്കിണറും ജോലിയും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ജിതന്‍ ഗുഹ വിവിധ ആളുകളില്‍ നിന്ന് പണം തട്ടിയെന്നാണ് ഹൈദ്ഗാവ് യു.പി ചെയര്‍മാന്‍ ബിഎം ജാസിം നല്‍കിയ മറുപടി.  പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗുഹയെ സംഘം മര്‍ദിച്ചത്.  സംഭവസ്ഥലത്തുണ്ടായിരുന്നതിനാലാണ് ജിതനെ രക്ഷിക്കാന്‍ കഴിഞ്ഞതെന്നും ഇല്ലെങ്കില്‍ സ്ഥിതി കൂടുതല്‍ മോശമാകുമായിരുന്നുവെന്നും ജാസിം അവകാശപ്പെട്ടു.

കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും നിയമപ്രകാരം കഠിനമായ ശിക്ഷ നല്‍കണമെന്നും ബംഗ്ലാദേശ് ഹിന്ദു ബുദ്ധ ക്രിസ്ത്യന്‍ ഒക്യ പരിഷത്ത് പ്രസിഡന്റ് റാണാ ദാസ് ഗുപ്തയും ജനറല്‍ സെക്രട്ടറി നിംചന്ദ്ര ഭൗമിക്കും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.

 

Latest News