കോഴിക്കോട് -അതിരാവിലെ റോഡിലിറങ്ങി നടക്കുന്ന സ്ത്രീകളെ കയറിപ്പിടിക്കുന്നത് പതിവാക്കിയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിനു കൈമാറി. വടകരയിലെ സിദ്ധാശ്രമത്തിനു സമീപം ചൊവ്വാഴ്ച പുലർച്ചെ രണ്ടു സ്ത്രീകളെ കയറിപ്പിടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. നേരത്തെ ഇയാളുടെ അതിക്രമത്തിന് പല സ്ത്രീകളും ഇരയായിട്ടുണ്ടെങ്കിലും ഒരു പെൺകുട്ടിമാത്രമാണ് ഇയാൾക്കെതിരെ പേലീസിൽ പരാതി നൽകിയിട്ടുള്ളത്. ഈ പരാതി നിലനിൽക്കെയാണ് കഴിഞ്ഞ ദിവസം വീണ്ടും സ്ത്രീകളെ കയറിപ്പിടിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പിടിയിലായത്. പെൺകുട്ടിയെ ആക്രമിച്ചതും ഇയാൾ തന്നെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താനോ പേര് രേഖപ്പെടുത്താനോ തുടക്കത്തിൽ പോലീസ് തയ്യാറായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെയാണ് കനത്ത സമർദ്ദത്തിനൊടുവിൽ ചെമ്മരത്തൂർ സ്വദേശി രജീഷാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് വെളിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ഇയാളുടെ അതിക്രമത്തിനിരയായ സ്ത്രീകളാരും പോലീസീൽ പരാതിപ്പെട്ടിരുന്നില്ല. പ്രതിയെ പോലീസിന് കൈമാറിയ സംഭവമറിഞ്ഞ്
സ്‌റ്റേഷനിലെത്തിയ നേരത്തെ ആക്രമത്തിനിരയായ പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞു. പുലർച്ചെ ട്രെയിൻ പിടിക്കാൻ നടന്നു പോകുകയായിരുന്ന തന്നെ സ്‌കൂട്ടറിലെത്തിയാണ് ഇയാൾ ആക്രമിച്ചതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. സ്‌കൂട്ടറിലെത്തിയാണ് ഇയാൾ സ്ത്രീകളെ കടന്നു പിടിക്കുന്നത്. സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷൻ നമ്പർ അടക്കമാണ് പെൺകുട്ടി പരാതി നൽകിയിരുന്നത്.