തിരുവനന്തപുരം- അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോര്‍ജിനെതിരെ മുസ്ലിം യൂത്ത് ലീഗ് പരാതി നല്‍കി. മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നതും വര്‍ഗീയത നിറഞ്ഞതുമാണ് പ്രസംഗമെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കുമാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് പരാതി നല്‍കിയത്.
പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുകയും ബോധപൂര്‍വ്വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. കച്ചവടം ചെയ്യുന്ന മുസ്‌ലിംകള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു, മുസ്‌ലിംകള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിംകളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു, തുടങ്ങിയ വളരെ ഗൗരവമേറിയ നുണകളാണ് അദ്ദേഹം പ്രസംഗിച്ചത്. ഇതെല്ലാം മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുകയെന്നും പരാതിയില്‍ പറയുന്നു.
ഹിന്ദു മഹാസമ്മേളത്തിന്റെ മൂന്നാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്താണ് പി.സി.ജോര്‍ജ് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത്. യോഗത്തില്‍ അഡ്വ. കൃഷ്ണരാജ്, ബിജെപി നേതാവ് സന്ദീപ് വചസ്പതി എന്നിവരും പങ്കെടുത്തിരുന്നു. ഏപ്രല്‍ 27ന് ആരംഭിച്ച ഹിന്ദു മഹാസമ്മേളനം മെയ് ഒന്നിനു സമാപിക്കും. തിരുവനന്തപുരം സൗത്ത് ഫോര്‍ട്ട് പ്രിയദര്‍ശിനി ക്യാമ്പസില്‍ തുടരുന്ന സമ്മേളനത്തില്‍ ഇന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പങ്കെടുക്കും.