നടി ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ച് വിജയ് ബാബുവിന്റെ ജാമ്യ ഹരജി

കൊച്ചി- തനിക്കെതിരായ ബലാത്സംഗ പരാതി വ്യാജമെന്ന് നടന്‍ വിജയ് ബാബു. പരാതിക്കാരി താന്‍ നിര്‍മ്മിച്ച സിനിമയില്‍ അഭിനയിച്ചിരുന്നു. സിനിമാ സെറ്റിലെ പരിചയം മുതലെടുത്ത് താനുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. ഒരു പുതുമുഖ നടി എടുക്കുന്നതിനേക്കാള്‍ സ്വാതന്ത്ര്യം എടുക്കാന്‍ തുടങ്ങിയപ്പോള്‍ താന്‍ അവരെ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചു. സിനിമ സെറ്റിലും പരാതിക്കാരി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നുവെന്ന് വിജയ് ബാബു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച   ജാമ്യാപേക്ഷയില്‍ പറയുന്നു.
തന്നെ പരാതിക്കാരി അസമയങ്ങളില്‍ വിളിക്കുകയും നിരന്തരം ആയിരത്തോളം മെസ്സേജുകള്‍ അയക്കുകയും ചെയ്തിരുന്നു. തന്റെ കുടുംബത്തെക്കുറിച്ചും ഇവര്‍ക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. പരാതിക്കാരിയുടെ ഭാവിയെ ബാധിക്കുമെന്നതു കൊണ്ട് താന്‍ യാതൊരു പരാതിയും നല്‍കിയില്ല എന്നും വിജയ് ബാബു മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ പറയുന്നു.

പരാതിക്കാരിയുടെ മൊബൈലില്‍നിന്ന് അയച്ച വാട്ട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം മെസ്സേജുകളും ചിത്രങ്ങളും ദൃശ്യങ്ങളും താന്‍ സൂക്ഷിച്ചു വെച്ചിരുന്നു. ഏത് അന്വേഷണ ഏജന്‍സിയ്ക്ക് മുന്നിലും തനിക്ക് നേരെയുള്ള ആരോപണങ്ങള്‍ തെറ്റാണ് എന്ന് തെളിയിക്കുന്നതിനായാണ് താന്‍ തെളിവുകള്‍ സൂക്ഷിച്ചതെന്നും വിജയ് ബാബു പറയുന്നു.

 

Latest News