Sorry, you need to enable JavaScript to visit this website.

കശ്മീരിലെ കളിയാട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കശ്മീർ സന്ദർശനം സുപ്രധാനമായ ചില പ്രഖ്യാപനങ്ങൾക്ക് വേദിയാകുമെന്നാണ് എല്ലാവരും കരുതിയതെങ്കിലും നിരാശയായിരുന്നു ഫലം. പതിവ് വാചകമടികൾക്കപ്പുറം ഒന്നും പറയാതെ മോഡി തിരിച്ചുപോയപ്പോൾ കശ്മീരിലെ സങ്കീർണതകൾ ഇനിയും തുടരുമെന്ന് തന്നെയാണ് വ്യക്തമായത്. ആലങ്കാരിക ഭാഷയിൽ അദ്ദേഹം പലതും പറഞ്ഞു. തൊഴിലിനെക്കുറിച്ചും നിക്ഷേപങ്ങളെക്കുറിച്ചും പറഞ്ഞു. എന്നാൽ താഴ്‌വരയിലെ രാഷ്ട്രീയ പ്രക്രിയയെക്കുറിച്ച് മാത്രം മിണ്ടിയില്ല.

 

2019 ഓഗസ്റ്റിൽ ഭരണഘടനയുടെ 370 ാം വകുപ്പ് റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി ജമ്മു കശ്മീരിലേക്ക് നടത്തിയ ആദ്യ യാത്രയെ രാജ്യത്തെ പൗരന്മാരും മാധ്യമങ്ങളും രാഷ്ട്രീയ കേന്ദ്രങ്ങളും സാകൂതമാണ് വീക്ഷിച്ചത്. ജമ്മു കശ്മീരിൽ 20,000 കോടി രൂപയുടെ വികസന സംരംഭങ്ങൾക്ക് അദ്ദേഹം ഉദ്ഘാടനവും തറക്കല്ലിടലും നടത്തി. കശ്മീരി ജനതയെ അഭിസംബോധന ചെയ്യവേ, പുതിയ യുവാക്കളിൽ പ്രതീക്ഷ അർപ്പിച്ചു. മുതിർന്നവർ അനുഭവിച്ച ദുരിതങ്ങളിൽനിന്ന് അവരെ മുക്തരാക്കുമെന്ന് വാഗ്ദാനം ചെയ്തു. പക്ഷേ പറയേണ്ടതു മാത്രം പറഞ്ഞില്ല, എന്നാണ് കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തുകയെന്ന്.

ഭരണകൂടം വ്യാപകമായ പബ്ലിസിറ്റി നൽകിയ സന്ദർശനത്തെ ജമ്മു കശ്മീരിലെ രാഷ്ട്രീയക്കാരും നിരീക്ഷകരും സംശയത്തോടെയാണ് കണ്ടത്. ദേശീയ ദിനപത്രങ്ങളും പ്രധാനമന്ത്രിയുടെ യാത്രയെക്കുറിച്ച് അത്രയേറെ പുകഴ്ത്തി സംസാരിക്കാൻ തയാറായില്ല. കേന്ദ്ര സർക്കാരിന് കശ്മീരിന്റെ ഭാവിയെക്കുറിച്ച് ഗൗരവമുണ്ടെങ്കിൽ കേവലം ഒരു ദിവസത്തെ സന്ദർശനത്തേക്കാൾ കൂടുതൽ കാര്യങ്ങൾ ആവശ്യമാണെന്നാണ് അവയിൽ പലരും അഭിപ്രായപ്പെട്ടത്. ജമ്മു കശ്മീരിൽ പ്രഖ്യാപിച്ച വികസന, അടിസ്ഥാന സൗകര്യ പദ്ധതികൾ സ്വാഗതാർഹമാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. കോവിഡ് തളർത്തിയ സമ്പദ്വ്യവസ്ഥയെ കരകയറ്റാൻ ഇത് സഹായിക്കുമെങ്കിലും തിളച്ചുമറിയുന്ന അതൃപ്തി ഇല്ലാതാക്കാൻ ഇത് പര്യാപ്തമല്ലെന്നാണ് ദേശീയ പത്രങ്ങളുടെ നിരീക്ഷണം. ജമ്മു കശ്മീരിനെ 2019 ഓഗസ്റ്റിനു മുമ്പുള്ള നിലയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് ഈ വാചകമടി സഹായിക്കില്ല. 

2019 ഓഗസ്റ്റിനു ശേഷമുള്ള പ്രക്ഷുബ്ധതക്കു ശേഷം സാമ്പത്തിക പ്രവർത്തനങ്ങളിൽ സമീപകാലത്ത് ഉയർച്ച ഉണ്ടായിട്ടും ജനങ്ങളിലെ അതൃപ്തി കുറഞ്ഞുവെന്നതിന് ഒരു സൂചനയും ഇല്ലെന്നാണ് ദ ഹിന്ദു ദിനപത്രം അഭിപ്രായപ്പെട്ടത്. ദേശീയ പഞ്ചായത്തീരാജ് ദിനത്തിൽ പ്രധാനമന്ത്രി പ്രസംഗിച്ച ഗ്രാമത്തിൽനിന്ന് കഷ്ടിച്ച് 14 കിലോമീറ്റർ അകലെ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടതുൾപ്പെടെയുള്ള സംഭവങ്ങൾ ഭീകരാക്രമണങ്ങളുടെ കുതിച്ചുചാട്ടം തന്നെയാണ് സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ എപ്പോഴും അവിടെ സുരക്ഷാ കാര്യങ്ങൾക്കാകും മുൻഗണന. താഴ്വരയിലെ രാഷ്ട്രീയ പാർട്ടികളോടും നേതാക്കളോടുമുള്ള ശത്രുതാപരമായ സമീപനം അവസാനിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന് താൽപര്യമുള്ളതായും വ്യക്തമായില്ല. അങ്ങനെയെങ്കിൽ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയിലേക്കുള്ള തിരിച്ചുവരവ് ഒരു നല്ല തുടക്കമായിരുന്നേനേ.

ഡീലിമിറ്റേഷൻ കമ്മീഷൻ ജമ്മു മേഖലയിലെ പുതിയ ആറ് സീറ്റുകൾക്കൊപ്പം നിയമസഭാ സീറ്റുകളുടെ എണ്ണം 83 ൽനിന്ന് 90 ആയി വർധിപ്പിക്കാൻ ശുപാർശ ചെയ്തതിന്റെ തൊട്ടുപിന്നാലെയാണ് മോഡിയുടെ സന്ദർശനം. ജമ്മു കശ്മീരിലെ കേന്ദ്ര സർക്കാർ പദ്ധതികളെ അഭിനന്ദിച്ചാണ് ദ ഹിന്ദുസ്ഥാൻ ടൈംസ് മുഖപ്രസംഗം എഴുതിയത്. ജമ്മു കശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി മികച്ച രീതിയിൽ ബന്ധിപ്പിക്കുന്നതിനുള്ള യഥാർഥ ശ്രമമായാണ് ഈ വികസന പദ്ധതികളെ അവർ കാണുന്നത്. കന്യാകുമാരി മുതൽ കശ്മീർ വരെ ഒറ്റ റോഡെന്ന പ്രഖ്യാപനം അതിന്റെ സൂചനയാണെന്ന് പലരും കരുതുന്നു. 
നിരവധി പ്രദേശങ്ങളിൽ കേന്ദ്ര സർക്കാർ സായുധ സേന (പ്രത്യേക അധികാരങ്ങൾ) നിയമം അസാധുവാക്കിയത് കശ്മീരിന് പ്രതീക്ഷ നൽകിയിരുന്നെങ്കിലും ഇതുവരെ അത്തരം ഒരു നീക്കവും അവിടെ നടന്നിട്ടില്ല.

താഴ്വരയിലെ ഭീകരാക്രമണങ്ങൾ തുടരുമ്പോഴും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ ആശങ്കാജനകമാണ്. പ്രാദേശിക രാഷ്ട്രീയ സംഘടനകൾ അക്ഷമരായിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ ആക്രമണങ്ങൾ. എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്താൻ കശ്മീരി ജനത ആഗ്രഹിക്കുന്നു. ഇതെല്ലാം ജമ്മു കശ്മീരിലെ ഗവൺമെന്റിന്റെ അടുത്ത വലിയ ചുവടുവെപ്പ് എന്തായിരിക്കണമെന്നതിനുള്ള വേദിയൊരുക്കുന്നു - വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള കൂടുതൽ യോജിച്ച ശ്രമമാണത്. എന്നാൽ പ്രധാനമന്ത്രിയുടെ മണിക്കൂർ നീണ്ട പ്രസംഗത്തിലെങ്ങും കശ്മീരി ജനതക്ക് ജനാധിപത്യപരമായ അവകാശം തിരിച്ചുനൽകുന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. 

മോഡി തന്റെ ജമ്മു പ്രസംഗത്തിൽ പറഞ്ഞ പുതിയ നിക്ഷേപങ്ങളും പഞ്ചായത്തുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും രാഷ്ട്രീയ സൂചനകളാണ്. ജമ്മു കശ്മീരിന് കേന്ദ്ര ധനസഹായത്തിൽ ഒരിക്കലും കുറവുണ്ടായിട്ടില്ലാത്തതിനാൽ 370 റദ്ദാക്കിയ ശേഷമുള്ള യഥാർഥ സാമ്പത്തിക പരീക്ഷണം പുതിയ നിക്ഷേപത്തിനും പുതിയ രാഷ്ട്രീയത്തിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമോ എന്നതായിരിക്കും. ജമ്മു കശ്മീരിലെ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ കേന്ദ്ര സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് സംസ്ഥാനത്ത് തുടരുന്ന ഭീകരാക്രമണങ്ങൾ തെളിയിക്കുന്നത്. 

ഹൃദയങ്ങളെയും മനസ്സിനെയും കീഴടക്കുക എന്നതാണ് കശ്മീരിൽ ഏതൊരു രാഷ്ട്രീയ പാർട്ടിക്കും നേടാവുന്ന വലിയ വിജയം. പാക്കിസ്ഥാന്റെ ഭീകര പ്രവർത്തനങ്ങൾക്കെതിരെ ജനകീയ കവചം നൽകാൻ ഇതിന് മാത്രമേ കഴിയൂ. ഇത് യഥാർഥ സ്വകാര്യ നിക്ഷേപങ്ങൾക്ക് സാഹചര്യമൊരുക്കും. അതിനായി, ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും സംസ്ഥാന പദവി പുനഃസ്ഥാപിക്കലും ജനങ്ങൾക്ക് അവരുടെ സ്വന്തം വികസനത്തിൽ അഭിപ്രായമുണ്ടെന്ന് ഉറപ്പാക്കാൻ അത്യന്താപേക്ഷിതമാണ്. ഇതിനാകട്ടെ, കേന്ദ്രം തയാറാകുന്നുമില്ല.

മോഡി സർക്കാർ 2019 മെയ് മുതൽ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളെ പാർശ്വവത്കരിക്കാൻ പരമാവധി ശ്രമിച്ചു എന്ന വസ്തുത മൂടിവെച്ചിട്ട് കാര്യമില്ല. പഞ്ചായത്തീരാജിനെക്കുറിച്ച പ്രധാനന്ത്രിയുടെ അവകാശവാദങ്ങൾക്ക് അർഥമില്ലാത്തത് അതുകൊണ്ടാണ്. പഞ്ചായത്തുകൾ ഭരണ ചക്രത്തിലെ ഒരു ചെറിയ പല്ല് മാത്രമാണ്. അക്രമത്താൽ നശിപ്പിക്കപ്പെട്ട, തീവ്രവാദികളുടെ ഭീഷണിയിൽ ജീവിക്കുന്ന ജനങ്ങൾക്ക് അത് അറിയാം. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ചെയ്യുന്നതു പോലെ, ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് മാത്രമേ അവർ തെരഞ്ഞെടുത്ത നിയമസഭാ സാമാജികരിലൂടെ ജനങ്ങളെ ശാക്തീകരിക്കാൻ കഴിയൂ. ജനാധിപത്യ വിശ്വാസികൾ ആവർത്തിച്ചു പറയുന്നുവെങ്കിലും സർക്കാരിനോ ബി.ജെ.പിക്കോ വിശ്വാസമായിട്ടില്ല. ഡീലിമിറ്റേഷൻ പ്രക്രിയ തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി ഈ കാലതാമസം ന്യായീകരിക്കപ്പെടുമ്പോൾ  ജനഹിതത്തോടും ജമ്മു കശ്മീരിലെ ജനാധിപത്യ പ്രക്രിയയോടും സർക്കാർ തുടരുന്ന അവഹേളനത്തെ മാത്രമാണ് അത് സ്ഥിരീകരിക്കുന്നത്. 

താഴ്വരയിലെ യുവാക്കളുമായുള്ള ആശയവിനിമയത്തിൽ പ്രധാനമന്ത്രി പറഞ്ഞു, 'നിങ്ങളുടെ മാതാപിതാക്കളും മുത്തശ്ശിമാരും മുൻകാലങ്ങളിൽ അനുഭവിച്ചതു പോലെ നിങ്ങൾ ഒരിക്കലും അനുഭവിക്കില്ല.' യുവജനങ്ങൾ സംസ്ഥാനത്തിന്റെ നിർമിതിയിൽ പങ്കാളികളാകുകയാണെങ്കിൽ മാത്രമേ പ്രതീക്ഷയുടെ ഈ സ്വാഗത സന്ദേശം കശ്മീർ മണ്ണിൽ യാഥാർഥ്യമാകൂ. നിക്ഷേപ മുന്നേറ്റത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും താഴ്വരയിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്കിനും അവയുടെ ഫലപ്രാപ്തിക്കും ഒരു യഥാർഥ രാഷ്ട്രീയ പ്രക്രിയ ആവശ്യമാണ്. അതാണ് ജനാധിപത്യത്തിന്റെ കാതൽ. നരേന്ദ്ര മോഡിയുടെ ദീർഘ പ്രസംഗത്തിൽ ഇല്ലാതിരുന്നതും അതുതന്നെ.

 

Latest News