കൊണ്ടോട്ടി- കൊണ്ടോട്ടി നഗരസഭ വൈസ് ചെയർപേഴ്‌സണായി യു.ഡി.എഫ് സ്ഥാനാർത്ഥിയായി മൽസരിച്ച മുസ്‌ലിം ലീഗിലെ പാലക്കൽ ഷറീന തെരഞ്ഞെടുക്കപ്പെട്ടു.
ചട്ടപ്രകാരമല്ല നാമനിർദേശം സ്വീകരിച്ചതെന്ന പ്രതിപക്ഷത്തിന്റെ പരാതിയെ തുടർന്ന് സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കുള്ള തെരഞ്ഞടുപ്പ് മാറ്റിവച്ചു. നഗരസഭ 31-ാം വാർഡ് മേക്കാട് നിന്നുളള കൗൺസിലറാണ് പാലക്കൽ ഷറീന. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ ഷറീനയും ഇടതുമുന്നണി സ്ഥാനാർത്ഥിയായി 24ാം വാർഡ് എൻ.എച്ച് കോളനിയിലെ കൗൺസിലർ പറമ്പീരി ഗീതയുമാണ് മൽസര രംഗത്തുണ്ടായിരുന്നത്. 40 അംഗ കൗൺസിലിൽ ഷറീനക്ക് 29 വോട്ടും, ഗീതക്ക് ഒമ്പത് വോട്ടും ലഭിച്ചു.
എസ്.ഡി.പി.ഐ അംഗം വി. അബ്ദുൾ ഹക്കീം വോട്ടു ബഹിഷ്‌കരിച്ച് തെരഞ്ഞെടുപ്പിന് എത്തിയിരുന്നില്ല. എൽ.ഡി.എഫ് അംഗം സൗദാമിനിയുടെ വോട്ട് അസാധുവായി. ഇതോടെയാണ് വരണാധികാരി പാലക്കൽ ഷറീനയെ വിജയിയായി പ്രഖ്യാപിച്ചത്. ചെയർമാൻ സി.കെ നാടിക്കുട്ടി സത്യവാചകം ചൊല്ലിക്കൊടുത്തു. നഗരസഭയിൽ മുസ്‌ലിം ലീഗിന് 18 ഉം, കോൺഗ്രസിന് 10ഉം കൗൺസിലർമാരുണ്ട്. ഇതിന് പുറമെ സ്വതന്ത്രനായി മൽസരിച്ച എ. മുഹമ്മദ്ഷാ മാസ്റ്റർ കോൺഗ്രസ് അംഗവുമായതോടെ ഈ വോട്ടും നേടാനായി. കഴിഞ്ഞ ചെയർമാൻ തെരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്‌കരിച്ച കോൺഗ്രസിലെ നീറ്റാണിമ്മൽ വാർഡ് കൗൺസിലർ പറമ്പാടൻ സൈതലവിയും യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു.
ഉച്ചക്ക് ശേഷം സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ പരാതിയെ തുടർന്ന് മാറ്റിവെച്ചു. വികസനം, വിദ്യാഭ്യാസം, ക്ഷേമം, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന യു.ഡി.എഫ് അംഗങ്ങളുടെ നാമനിർദേശ പത്രിക വൈകിയത് ചോദ്യം ചെയ്ത് പ്രതിപക്ഷം നൽകിയ പരാതിയിലാണ് വോട്ടെടുപ്പ് മാറ്റിയത്. രണ്ടിന് നടക്കുന്ന തെരഞ്ഞെടുപ്പിന് 1.30ന് പത്രിക നൽകണമെന്നാണ് ചട്ടം. എന്നാൽ യുഡിഎഫ് രണ്ട് മണിക്കാണ് പത്രിക നൽകിയത്. ഇത് ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്തിന്റെ പരാതി പരിഗണിച്ച റിട്ടേണിംഗ് ഓഫീസർ ഇടതുമുന്നണിയും 1.30ന് ശേഷമാണ് പത്രിക നൽകിയതെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് മാറ്റുകയായിരുന്നു. രണ്ടാഴ്ചക്ക് ശേഷം വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കും.
കൊണ്ടോട്ടിയിൽ യു.ഡി.എഫ് ഭരണം ഏറ്റെടുത്തതോടെ 13 പേർ സ്റ്റാൻഡിംഗ് കമ്മറ്റിയിൽനിന്ന് രാജിവെച്ചിരുന്നു. എന്നാൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.പി.ഐ അംഗം അഡ്വ.കെ.കെ. സമദ് രാജിവെച്ചിരുന്നില്ല. സമദിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുളള തയ്യാറെടുപ്പിലാണ് യു.ഡി.എഫ്.