Sorry, you need to enable JavaScript to visit this website.

ജനസാഗരമായി വിശുദ്ധ ഹറമുകള്‍

മക്ക - വിശുദ്ധ റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച മക്ക ഹറമും മദീന മസ്ജിദുന്നബവിയും പുണ്യവും സുകൃതവും പാപമോചനവും തേടിയെത്തിയ ലക്ഷക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്താല്‍ മനുഷ്യക്കടലുകളായി മാറി.

സൗദിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പെരുന്നാള്‍ അവധിക്ക് അടച്ചത് പ്രയോജനപ്പെടുത്തി രാജ്യത്തിന്റെ മുക്കുമൂലകളില്‍ നിന്ന് സൗദി കുടുംബങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുണ്യനഗരങ്ങളില്‍ ഒഴുകിയെത്തി.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും കൊറോണ മഹാമാരി സൃഷ്ടിച്ച അസാധാരണ സാഹചര്യം മൂലം എല്ലാവര്‍ക്കും ഉംറ നിര്‍വഹിക്കാനും ഹറമില്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാനും അവസരം ലഭിച്ചിരുന്നില്ല. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാവുകയും ഒട്ടുമിക്ക നിയന്ത്രണങ്ങളും എടുത്തുകളയുകയും ചെയ്തതോടെ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും പുണ്യനഗരങ്ങളിലേക്ക് സ്വദേശികളും വിദേശികളും അടക്കമുള്ള വിശ്വാസികളും തീര്‍ഥാടകരും പ്രവഹിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും ഒറ്റക്കും സംഘങ്ങളായും പുണ്യഭൂമിയിലെത്തിയിട്ടുണ്ട്.
പ്രധാന സ്വകാര്യ സ്ഥാപനങ്ങളില്‍ വാരാന്ത്യ അവധിക്കൊപ്പം പെരുന്നാള്‍ അവധി ആരംഭിച്ചതും മറ്റു സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വാരാന്ത്യ അവധിയും പ്രയോജനപ്പെടുത്തി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്നലെ ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാനും ഉംറ കര്‍മം നിര്‍വഹിക്കാനും വിശ്വാസികള്‍ ഹറമില്‍ ഒഴുകിയെത്തി. മക്ക നിവാസികളും വിദേശ തീര്‍ഥാടകരും ചേര്‍ന്നതോടെ ഹറം അക്ഷരാര്‍ഥത്തില്‍ വീര്‍പ്പുമുട്ടി.
ജുമുഅയുടെ ഏറെ നേരത്തെ തന്നെ ഹറമും പരിസരങ്ങളും നിറഞ്ഞുകവിഞ്ഞിരുന്നു. ഉംറ തീര്‍ഥാടകരെ മതാഫിലേക്കും മറ്റുള്ളവരെ തിരക്കനുസരിച്ച് ഹറമിലെ വ്യത്യസ്ത നമസ്‌കാര സ്ഥലങ്ങളിലേക്കും അയക്കാനും ഹറമിലേക്കുള്ള പ്രവേശനവും ഹറമില്‍ നിന്നുള്ള പുറത്തിറങ്ങളും ക്രമീകരിക്കാനും മാത്രം ഹറംകാര്യ വകുപ്പ് 400 ജീവനക്കാരെ പ്രത്യേകം നിയോഗിച്ചിരുന്നു.
ഹറമില്‍ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നതെന്നും ഇക്കാര്യം കണക്കിലെടുത്തും ഹറമിലെ തിരക്ക് കുറക്കാന്‍ ശ്രമിച്ചും സ്വദേശികളും വിദേശികളും തങ്ങള്‍ക്ക് സമീപമുള്ള മസ്ജിദുകളില്‍ ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ച് പൊതുസുരക്ഷാ വകുപ്പ് മൊബൈല്‍ ഫോണുകളിലൂടെ വ്യാപകമായ എസ്.എം.എസ് പ്രചാരണം നടത്തി.  
തിരക്ക് മുന്‍കൂട്ടി കണ്ട് സുരക്ഷാ വകുപ്പുകളും ഹറംകാര്യ വകുപ്പും പ്രത്യേക ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. തിരക്ക് മുന്‍നിര്‍ത്തി റമദാനില്‍ മതാഫിലേക്ക് ഉംറ തീര്‍ഥാടകര്‍ക്കു മാത്രമാണ് പ്രവേശനം നല്‍കുന്നത്. റമദാനില്‍ സ്വദേശികളും രാജ്യത്ത് നിയമാനുസൃതം കഴിയുന്ന വിദേശികളും വിദേശങ്ങളില്‍ നിന്ന് എത്തിയവരും അടക്കം 60 ലക്ഷത്തിലേറെ പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചതായാണ് കണക്ക്. ഉംറ പെര്‍മിറ്റിനുള്ള ആവശ്യം വലിയ തോതില്‍ വര്‍ധിച്ചത് കണക്കിലെടുത്ത് റമദാനില്‍ ആദ്യത്തെ ഇരുപതു ദിവസത്തിനിടെ ഉംറ പെര്‍മിറ്റ് നേടിയിട്ടില്ലാത്തവര്‍ക്കാണ് അവസാന പത്തില്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കുന്നത്.
മക്കയുടെ പ്രവേശന കവാടങ്ങളിലെ പാര്‍ക്കിംഗുകളില്‍ നിന്ന് ഹറമിലേക്കും തിരിച്ചും നിരന്തരം ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. നഗരത്തിലെ മറ്റു ഭാഗങ്ങളില്‍ നിന്നും ഹറമിലേക്കും തിരിച്ചും ബസ് സര്‍വീസുകളുണ്ട്. കടുത്ത തിരക്ക് കണക്കിലെടുത്ത് ഹറമിനടുത്ത പ്രദേശങ്ങളില്‍ ശക്തമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഉംറ തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന ടാക്‌സികളും ബസുകളും മാത്രമാണ് ഹറമിനടുത്ത പ്രദേശങ്ങളിലേക്ക് കടത്തിവിടുന്നത്. തീര്‍ഥാടകര്‍ എത്തുന്ന സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്കിംഗുകളിലേക്ക് തിരിച്ചുവിടുകയാണ് ചെയ്യുന്നത്.
തിരക്ക് കണക്കിലെടുത്തും പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ ശ്രമിച്ചും ഹറമില്‍ അണുനശീകരണ ജോലികള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഹറം മുഴുവന്‍ ദിവസേന പതിനഞ്ചു തവണ കഴുകി അണുവിമുക്തമാക്കുന്നുണ്ട്. ശുചീകരണ ജോലികളില്‍ സ്ത്രീകള്‍ അടക്കം നാലായിരത്തിലേറെ തൊഴിലാളികള്‍ പങ്കെടുക്കുന്നു. അണുനശീകരണ ജോലികള്‍ക്ക് 11 റോബോട്ടുകളും ഉപയോഗിക്കുന്നു. വികലാംഗര്‍ക്കും വയോജനങ്ങള്‍ക്കും വേണ്ടി ഹറംകാര്യ വകുപ്പ് ഗോള്‍ഫ് കാര്‍ട്ടുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഹറമില്‍ ഇപ്പോള്‍ ഉംറ കര്‍മം നിര്‍വഹിക്കാന്‍ മാത്രമാണ് പെര്‍മിറ്റുകള്‍ ആവശ്യമുള്ളത്. ഹറമില്‍ പ്രവേശിക്കാനും നമസ്‌കാരങ്ങളില്‍ പങ്കെടുക്കാനും പെര്‍മിറ്റുകള്‍ നേടേണ്ടതില്ല. കൂടാതെ ഹറമിലും മസ്ജിദുന്നബവിയിലും സാമൂഹിക അകല വ്യവസ്ഥയും എടുത്തുകളഞ്ഞിട്ടുണ്ട്. മദീന മസ്ജിദുന്നബവിയിലും  കടുത്ത തിരക്കാണ് അനുഭവപ്പെട്ടത്. പ്രവാചക പള്ളിയില്‍ ജുമുഅ നമസ്‌കാരത്തിന് ശൈഖ് അബ്ദുല്ല അല്‍ബഈജാന്‍ നേതൃത്വം നല്‍കി. മസ്ജിദുന്നബവിയില്‍ റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ മാത്രമാണ് നിലവില്‍ പെര്‍മിറ്റ് ആവശ്യമുള്ളത്. പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്താനും മസ്ജിദുന്നബവിയില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുക്കാനും ഇപ്പോള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് പെര്‍മിറ്റ് നേടേണ്ടതില്ല.  തിരക്ക് കണക്കിലെടുത്ത് റമദാന്‍ 27 മുതല്‍ ശവ്വാല്‍ രണ്ടു വരെയുള്ള ദിവസങ്ങളില്‍ റൗദ ശരീഫിലേക്ക് വിശ്വാസികള്‍ക്ക് പ്രവേശനം നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.
രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം മക്കയിലെ ഹോട്ടലുകളിലെല്ലാം കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. വിശുദ്ധ ഹറമിനടുത്ത ഹോട്ടലുകളിലൊന്നും മുറികള്‍ കാലിയില്ല. ഉംറ തീര്‍ഥാടകര്‍ അടക്കമുള്ളവരുടെ കടുത്ത തിരക്ക് മുതലെടുത്ത് വിമാന കമ്പനികള്‍ സൗദിയിലെ വിവിധ നഗരങ്ങളില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാന ടിക്കറ്റുകള്‍ കുത്തനെ ഉയര്‍ത്തിയിരുന്നു. മറ്റു ആഭ്യന്തര സെക്ടറുകളിലും ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. ഇതേ കുറിച്ച് വ്യാപകമായ പരാതികള്‍ ഉയരുകയും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഇടപെടുകയും ചെയ്തതിനെ തുടര്‍ന്ന് ടിക്കറ്റ് നിരക്കുകള്‍ കുറക്കാന്‍ കമ്പനികള്‍ തയാറായി.  

 

 

Latest News