മുംബൈ- അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന സമൂഹത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനെയെ സ്വാഗതം ചെയ്ത് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. 71 കാരനായ ഭാഗവത് രാജ്യത്തുടനീളം ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ് ഉന്നയിച്ചിരിക്കുന്നതെന്ന് അദ്ദേംപറഞ്ഞു.
ദല്‍ഹി, ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക എന്നിവയുള്‍പ്പെടെ രാജ്യത്തെ നിരവധി സംസ്ഥാനങ്ങള്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരിക്കെയാണ് ആര്‍എസ്എസ് മേധാവിയുടെ അഭിപ്രായം.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീടിന് പുറത്ത് ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് എംപി- എംഎല്‍എ ദമ്പതികളായ നവനീത് റാണയും രവി റാണയും മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് മഹാരാഷ്ട്രയും വിവാദത്തിലായിരുന്നു. ദമ്പതികളെ പിന്നീട് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
വ്യാഴാഴ്ച മഹാരാഷ്ട്രയിലെ അമരാവതിയില്‍ നടന്ന ഒരു പരിപാടിയിലാണ് ആര്‍.എസ്.എസ് മേധാവി ശ്രദ്ധേയമായ പ്രസ്താവന നടത്തിയത്. ഒരു സര്‍ക്കാരിന് അധികാരത്തില്‍ ഇരിക്കുന്നത് വരെ മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്നും ഐക്യത്തോടെ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ സമൂഹത്തിന് ആഗ്രഹിക്കുന്നതെന്തും നേടാന്‍ കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞത്. സര്‍ക്കാര്‍ അതിനെ പിന്തുണക്കുകയാണ് വേണ്ടത്.
സമൂഹത്തില്‍ ദുഷിച്ച ചിന്തകള്‍ പ്രോത്സാഹിപ്പിക്കപ്പെടുമ്പോള്‍ അക്രമം വ്യാപിക്കുന്നു. അത് സംഭവിക്കാന്‍ പാടില്ല. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന സമൂഹത്തിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടിരിക്കയാണ്. നാം എന്നും സമാധാനപ്രിയരായിരിക്കണം. അഹിംസ ഉയര്‍ത്തിപ്പിടിക്കണം. ഇതിനായി എല്ലാ സമുദായങ്ങളേയും ഒരുമിച്ച് കൊണ്ടുവരികയും മനുഷ്യത്വം സംരക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്- മോഹന്‍ ഭാഗവത് പറഞ്ഞു.






