Sorry, you need to enable JavaScript to visit this website.

സൗദി ജീവകാരുണ്യ ഫണ്ടിലേക്ക് എം.എ. യൂസുഫലി പത്ത് ലക്ഷം റിയാല്‍ നല്‍കി

മക്ക- റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗദി ദേശീയ പ്ലാറ്റ്‌ഫോമായ ഇഹ്‌സാനിലേക്ക് പത്ത് ലക്ഷം റിയാല്‍ സംഭാവന നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാനും എം.ഡിയുമായ എം.എ.യൂസുഫലി. റമദാനിലെ അവസാന രാപ്പകലുകള്‍ ചെലവഴിക്കുന്നതിനായി എത്തിയ യൂസുഫലി മക്കയിലാണുള്ളത്.

ഏറ്റവും കാര്യക്ഷമമായും വിശ്വാസയോഗ്യമായും അര്‍ഹരായവര്‍ക്കിടയില്‍ എളുപ്പത്തില്‍ സംഭാവനകള്‍ എത്തിക്കുന്നതില്‍ ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴി ദേശീയ സംഭാവനാ ശേഖരണ യജ്ഞം നടത്തുന്നത്.
ഇതിനകം ലഭിച്ച സംഭാവനകള്‍ 200 കോടി റിയാല്‍ കവിഞ്ഞു. 2.7 കോടിയിലേറെ സംഭാവന നല്‍കല്‍ പ്രക്രിയകളിലൂടെയാണ് ഇത്രയും സംഭാവനകള്‍ ലഭിച്ചത്. ഉദാരമതികള്‍ക്കിടയില്‍ ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോമിലുള്ള ഉയര്‍ന്ന വിശ്വാസ്യതയാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്.

https://www.malayalamnewsdaily.com/sites/default/files/2022/04/29/ihsan.jpg
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അഞ്ചു കോടി റിയാല്‍ സംഭാവന നല്‍കിയാണ് ദേശീയ സംഭാവനാ ശേഖരണ യജ്ഞത്തിന് തുടക്കം കുറിച്ചത്.
ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴി ലഭിക്കുന്ന സംഭാവനകള്‍ ആരോഗ്യ, സാമൂഹിക, ഭക്ഷണ, പാര്‍പ്പിട, വിദ്യാഭ്യാസ മേഖലകളില്‍ അടക്കം പ്രയോജനപ്പെടുത്തുന്നു. തങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രത്യേക മേഖലയില്‍ സംഭാവനകള്‍ വിതരണം ചെയ്യണമെന്ന് നിര്‍ദേശിക്കാന്‍ പ്ലാറ്റ്‌ഫോം ഉദാരമതികള്‍ക്ക് അവസരമൊരുക്കുന്നുണ്ട്.  
ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോമിലൂടെ സമാഹരിക്കുന്ന സംഭാവനകളുടെ പ്രയോജനം 47 ലക്ഷത്തിലേറെ പേര്‍ക്ക് ലഭിക്കുന്നു. സാമ്പത്തിക ബാധ്യതകളുടെ പേരില്‍ ജയിലുകളില്‍ കഴിയുന്നവരുടെ മോചനത്തിനാണ് ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴി ഏറ്റവുമധികം സംഭാവനകള്‍ വിനിയോഗിച്ചത്. 44.4 കോടിയിലേറെ റിയാല്‍ ഈ മാര്‍ഗത്തില്‍ ചെലവഴിച്ചു. നാലായിരത്തിലേറെ തടവുകാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. സാമൂഹിക മേഖലയില്‍ 27.4 കോടി റിയാല്‍ ചെലവഴിച്ചു. ഇതിന്റെ പ്രയോജനം 7,31,000 ലേറെ പേര്‍ക്ക് ലഭിച്ചു.
ഭക്ഷണ, പാനീയ വിതരണത്തിന് 24.7 കോടി റിയാല്‍ ചെലവഴിച്ചു. ഇത് 19 ലക്ഷത്തിലേറെ പേര്‍ക്ക് പ്രയോജനപ്പെട്ടു. അനാഥര്‍ക്ക് 17.5 കോടി റിയാല്‍ ചെലവഴിച്ചു. ഇത് 1,80,000 ലേറെ പേര്‍ക്ക് പ്രയോജനപ്പെട്ടു. ആരോഗ്യ മേഖലയില്‍ ചെലവഴിച്ച 16.1 കോടി റിയാല്‍ 92,000 ഓളം പേര്‍ക്ക് ഉപകാരപ്പെട്ടു. പാര്‍പ്പിട മേഖലയില്‍ 12.5 കോടിയിലേറെ റിയാല്‍ ചെലവഴിച്ചു. ഇതിന്റെ ഗുണം 16,000 ഓളം പേര്‍ക്ക് ലഭിച്ചു. ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴി ലഭിക്കുന്ന സംഭാവനകള്‍ മറ്റു നിരവധി മേഖലകളിലും വിനിയോഗിക്കുന്നു.

 

Latest News