കട്ടപ്പന- ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രവീന്ദ്രന്റെ മകള്‍ ശ്രീധന്യ(17)യും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ശ്രീധന്യ രണ്ട് ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് മരിച്ചത്.
പുറ്റടി നെഹ്റു സ്മാരക ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു. വിദ്യാര്‍ഥിനിയായിരുന്നു ശ്രീധന്യ.
പുറ്റടി ഹോളി ക്രോസ്സ് കോളേജിന് സമീപമുള്ള വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. ഉറങ്ങിക്കിടന്ന ഭാര്യ ഉഷയെ തീകൊളുത്തിയ ശേഷം രവീന്ദ്രന് സ്വയം തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുറിയില്‍ തീ ആളിപ്പടര്‍ന്നതോടെയാണ് ശ്രീധന്യക്കും പൊള്ളലേറ്റത്. കുടുംബ പ്രശ്നങ്ങളാണ് രവീന്ദ്രന്റെ ആത്മഹത്യക്ക് കാരണമെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ അണക്കരയിലെ പെട്രോള്‍ പമ്പില്‍ നിന്ന് അഞ്ചു ലിറ്ററിന്റെ കറുത്ത പ്ലാസ്റ്റിക് ജാറില്‍ രവീന്ദ്രന് പെട്രോള്‍ വാങ്ങുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അണക്കരയില്‍ സോപ്പുപൊടിക്കട നടത്തുന്ന രവീന്ദ്രനെ കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ വ്യാപാരമാന്ദ്യവും ബാധിച്ചിരുന്നു. ഇത് രവീന്ദ്രനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയെന്ന് അടുപ്പക്കാര്‍ പറയുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നിന് ശേഷമാണ് അയല്‍വാസികള്‍ രവീന്ദ്രന്റെ വീട്ടില്‍നിന്ന് വലിയ ശബ്ദത്തോടെ തീയാളിപ്പടരുന്നത് കണ്ടത്. ഓടിയെത്തിയപ്പോള്‍ മകള്‍ ശ്രീധന്യ പൊള്ളിയടര്‍ന്ന ശരീരവുമായി അലറിവിളിച്ച് വീടിന് പുറത്തേക്ക് വരുന്ന കാഴ്ചയാണ് കണ്ടത്. ശ്രീധന്യ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ ഓടിക്കൂടിയ നാട്ടുകാര്‍ വെള്ളം നല്‍കുകയും തുടര്‍ന്ന് വീട്ടിലെ തീകെടുത്തുകയും ചെയ്തു. സംഭവസ്ഥലത്തുവെച്ചുതന്നെ രവീന്ദ്രനും ഭാര്യയും മരിച്ചിരുന്നു.