Sorry, you need to enable JavaScript to visit this website.

പല സംസ്ഥാനങ്ങളിലും കനത്ത ചൂട്, ഉഷ്ണ തരംഗമെന്ന് മുന്നറിയിപ്പ്

ന്യൂദല്‍ഹി- ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര, ഒഡിഷ, പശ്ചിമബംഗാള്‍ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലാണ് അത്യുഷ്ണത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. സമതലപ്രദേശങ്ങളില്‍ താപനില 40 ഡിഗ്രിയിലധികമാവുകയും തീരപ്രദേശങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാവുകയും ഉയര്‍ന്ന പ്രദേശങ്ങളില്‍ 30 ഡിഗ്രി കടക്കുകയും ചെയ്യുമ്പോഴാണ് ഉഷ്ണ തരംഗസാധ്യതയുണ്ടാകുന്നത്.
കേരളത്തിലും അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്ന നിലയില്‍ തുടരുന്നു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും മഴ ലഭിച്ചെങ്കിലും പകല്‍ നേരത്തെ താപനില 32-34 ഡിഗ്രി സെല്‍ഷ്യസായി തുടരുരുകയാണ്. അന്തരീക്ഷത്തിലെ ഈര്‍പ്പവും പകല്‍നേരത്തെ താപനിലയിലെ വര്‍ധനവിന് കാരണമാകുന്നു. എങ്കിലും കേരളത്തിലെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍വരെ വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
സാധാരണ അനുഭവപ്പെടുന്ന കൂടിയ താപനിലയേക്കാള്‍ 4.5-6.4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ താപനില രേഖപ്പെടുത്തുമ്പോള്‍ ഉഷ്ണതരംഗമായി കണക്കുന്നു. കൂടാതെ, ഒരു പ്രത്യേക പ്രദേശത്തിന്റെ താപനില 45 ഡിഗ്രി സെല്‍ഷ്യസോ അതിലധികമോ ആകുമ്പോള്‍ ഉഷ്ണതരംഗമായി കണക്കാക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് പറയുന്നു. താപനില 47 ഡിഗ്രി സെല്‍ഷ്യസിലധികമാവുമ്പോള്‍ അതിരൂക്ഷ ഉഷ്ണതരംഗമായി കണക്കാക്കും.

ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന താപനിലയേക്കാള്‍ 2-3 ഡിഗ്രി സെല്‍ഷ്യസോളം താപനിലയില്‍ വര്‍ധനവുണ്ടാകുമെന്നും മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവടങ്ങളില്‍ അടുത്ത മൂന്ന്-നാല് ദിവസങ്ങള്‍ക്കുള്ളില്‍ താപനില 2-4 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കാമെന്നും കാലാവസ്ഥാനിരീക്ഷണവകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു.

 

 

 

Latest News